ന്യൂദല്‍ഹി: ഇന്ധന വില സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പ്രതിപക്ഷത്തിന്റെ പെട്രോള്‍- ഡീസല്‍ വില വര്‍ധനവിനെതിരെയുള്ള പ്രതിഷേധത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ലോക്ക് ഡൗണില്‍ പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ ആവശ്യത്തിന് 70 ശതമാനം കുറവുണ്ടായിരുന്നെന്നും എന്നാല്‍ സാമ്പത്തിക മേഖല വീണ്ടും ഉണര്‍ന്നതോടെ ആവശ്യം സാധാരണപോലെ ആയെന്നും മന്ത്രി പറഞ്ഞു.
നികുതിയിലൂടെ ലഭിക്കുന്ന പണം ആരോഗ്യം, തൊഴില്‍, ജനങ്ങളുടെ സാമ്പത്തിക സുരക്ഷ എന്നിവയ്ക്കായാണ് ഉപയോഗിക്കുന്നത്. 170000 കോടി വിവിധ പദ്ധതികളിലൂടെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആറ് മാസം സൗജന്യ റേഷന്‍ നല്‍കുകയും പണം അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. കൂടാതെ മൂന്ന് മാസത്തേക്ക് സൗജന്യമായി എല്‍.പി.ജി സിലിണ്ടറുകള്‍ നല്‍കി. ഇതൊന്നും കോണ്‍ഗ്രസിനും സോണിയാ ഗാന്ധിക്കും മനസിലാവില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെയും ലോകത്തെയും സാമ്പത്തിക വ്യവസ്ഥ കടന്നുപോകുന്നത് വെല്ലുവിളികളിലൂടെയാണ്. ഇത് ഇന്ധന വിതരണത്തെയും ആവശ്യത്തെയും ബാധിച്ചു. കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഭാവിയില്‍ കരുതാന്‍ വ്യക്തി ശ്രദ്ധിക്കും. അതുപോലെതന്നെ ഇന്ധന വില വര്‍ധനയെ കാണണമെന്നും മന്ത്രി പറഞ്ഞു.
ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം തുടര്‍ച്ചയായ 21 ദിവസം രാജ്യത്ത് ഇന്ധനവില വര്‍ധിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ