കടുവക്ക് ശേഷം ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന കാപ്പ റിലീസായിരിക്കുകയാണ്. മലയാളത്തിലെ പുതുമുഖ എഴുത്തുകാരില്‍ പ്രമുഖനായ ജി.ആര്‍. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയാണ് കാപ്പ എന്ന പേരില്‍ ഷാജി കൈലാസ് സംവിധാനം ചെയ്തത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
Spioler Alert
മലയാളത്തിലെ ആക്ഷന്‍ സിനിമ സംവിധായകരെ എടുക്കുകയാണെങ്കില്‍ മുന്‍നിരയിലായിരിക്കും ഷാജി കൈലാസിന്റെ സ്ഥാനം. രണ്ടായിരങ്ങളില്‍ തിയേറ്ററുകളെ ഇളക്കി മറിച്ച പല ആക്ഷന്‍ മാസ് ചിത്രങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. നരസിംഹം, ആറാം തമ്പുരാന്‍, വല്യേട്ടന്‍ തുടങ്ങിയവയൊക്കെ ഈ കൂട്ടത്തിലെ പ്രമുഖ സിനിമകളാണ്.
ഷാജി കൈലാസിന്റെ ഏറ്റവും പുതിയ ചിത്രമായ കാപ്പയില്‍ കൊട്ട മധു എന്ന ഗ്യാങ് ലീഡര്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഒരു ഗ്യാങ്സ്റ്റര്‍ മോഡലില്‍ തന്നെയാണ് ചിത്രത്തിന്റെ മേക്കിങ്. സിനിമാറ്റിക്കായ ചില ഹീറോയിക് എലമെന്റ്‌സും ചേര്‍ത്തിട്ടുണ്ട്. ഷാജി കൈലാസ് സിനിമകളുടെ സ്ഥിരം പാറ്റേണില്‍ നിന്നും വ്യത്യസ്തമാണ് കാപ്പയെങ്കിലും അദ്ദേഹത്തിന്റെ ചില സ്ഥിരം ഘടകങ്ങള്‍ ആവര്‍ത്തിച്ചതായി കാണാം.
അതില്‍ ഒന്നാമതായി പറയാവുന്നത് നായകന് ഇന്‍ട്രോ പറയാന്‍ വരുന്ന ശിങ്കിടികളാണ്. നരസിംഹത്തില്‍ ഭാരതപ്പുഴയില്‍ നിന്നും പൊങ്ങിവരുന്ന നായകനായി കൂട്ടാളി പറയുന്ന ഇന്‍ട്രോ ഒക്കെ ഇതിന്റെ എക്‌സ്ട്രീം വേര്‍ഷന്‍ കാണാനാവും. കാപ്പയില്‍ ഇത്രത്തോളം ഇല്ലെങ്കിലും നന്ദു അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തെ അങ്ങനെയൊരു ഇന്‍ട്രോ പറച്ചിലിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്.
അതുപോലെ തുണയില്ലാത്ത സാധാരണക്കാരോ നാട്ടുകാരോ അല്ലെങ്കില്‍ നായകന് വേണ്ടപ്പെട്ടവരോ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ കൃത്യസമയത്ത് എത്തിച്ചേരുന്ന നായകനാണ് മറ്റൊരു പ്രധാന ഘടകം. ഇത്തരം രംഗങ്ങള്‍ക്ക് ഒരു പാറ്റേണ്‍ ഉണ്ടാകും. നായകന്റെ ആളുകളും വില്ലന്റെ ആളുകളും തമ്മില്‍ ഒരു പ്രശ്‌നത്തിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടാകുന്നു. നായകന്റെ ആളുകള്‍ക്ക് വില്ലനില്‍ നിന്നോ വില്ലന്റെ ആളുകളില്‍ നിന്നോ അടികിട്ടുന്നു. ഇവര്‍ നിസഹായരായി നില്‍ക്കുമ്പോള്‍ നായകന്റെ എന്‍ട്രി. ശേഷം നാല് മാസ് ഡയലോഗടിക്കുന്നു. ഇതിനിടക്ക് വില്ലന്മാരില്‍ ഒരാള്‍ നായകനൊപ്പമുള്ളയാളെ തല്ലുന്നു. പകരം നായകന്‍ വില്ലന്റെ ഗ്യാങ്ങിനെ മുഴുവന്‍ തല്ലിയൊതുക്കുന്നു, പ്രശ്‌നമവസാനിപ്പിക്കുന്നു. കാപ്പയില്‍ മണ്ണെടുക്കുന്ന സീന്‍ അത്തരത്തിലൊന്നാണ്. നരസിംഹത്തിലെ തന്നെ കനകയെ വീട്ടില്‍ നിന്നും വില്ലന്മാര്‍ ഇറക്കിവിടുമ്പോഴുള്ള മോഹന്‍ലാലിന്റെ എന്‍ട്രിയിലും സമാനതകള്‍ കാണാനാവും.
ഷാജി കൈലാസിന്റെ മാസ് സിനിമകളില്‍ നായകന് ഒപ്പം നടക്കാന്‍ മൂന്നാല് ശിങ്കിടികളുണ്ടാവും. അതില്‍ തന്നെ പ്രായമുള്ള ഒരാള്‍ കാണും. കൂട്ടത്തില്‍ നായകനോടുള്ള ഇദ്ദേഹത്തിന്റെ കൂറും സ്‌നേഹവും ഒരുപടി മുന്നില്‍ നില്‍ക്കും. തിരിച്ചും അത് അങ്ങനെയായിരിക്കും. നരസിംഹത്തില്‍ അത് ജഗതിയുടെ ചെറിയമ്മാമയാണെങ്കില്‍ കടുവയില്‍ അലന്‍സിയറിന്റെ വര്‍ക്കി മാഷാണ്. കാപ്പയില്‍ ജഗദീഷിന്റെ ജബ്ബാറാണ് അത്തരത്തിലൊരു കഥാപാത്രം.
നായകനൊപ്പം കൊല്ലാനും ചാവാനും തയാറായ ഒരു ഗ്യാങ് എപ്പോഴുമുണ്ടാവും. കാപ്പയില്‍ അതിന് ചെറിയ വ്യത്യാസമുണ്ട്. കൊട്ട മധുവിനൊപ്പം ഒരു ഗുണ്ടാസംഘമുണ്ടെങ്കിലും ആറാം തമ്പുരാനിലും നരസിംഹത്തിലും കടുവയിലുമുള്ള ശിങ്കിടികളുടെ അത്രം അടുപ്പമില്ല.
അടുത്തത് നായകന്‍ അത്ര പെര്‍ഫെക്ടല്ലെങ്കിലും അയാളെ നാട്ടുകാര്‍ക്ക് വലിയ കാര്യമായിരിക്കും. ഒറ്റരാത്രി കൊണ്ട് ധാരാവി ചേരി ഒഴിപ്പിച്ച ബോംബെ ഗ്യാങ്‌സ്റ്ററോ, നാട്ടില്‍ തല്ലും പിടിയുമായി നടക്കുന്ന ആളോ ഒക്കെയായിരിക്കും. എന്നാലും നാട്ടുകാര്‍ക്കും ഒപ്പമുള്ളവര്‍ക്കും അയാള്‍ പ്രിയങ്കരനായിരിക്കും. കാപ്പയിലെ കൊട്ട മധുവിനോട് അയാളുടെ പണിക്കാര്‍ക്ക് മുതലാളി എന്നതിനപ്പുറത്തേക്ക് ഒരു ബന്ധമുള്ളതായി തോന്നും. ഇങ്ങനെ ഷാജി കൈലാസ് ചിത്രങ്ങളിലെ ചില സ്ഥിരം ഘടകങ്ങള്‍ കാപ്പയിലും കാണാനാവും.
Content Highlight: common elements in shaji kailas movies