ഉത്തരകാശിയിലേത് സാധാരണ കുറ്റകൃത്യം; ഹിന്ദുത്വ സംഘടനകള്‍ വര്‍ഗീയ സംഘര്‍ഷമാക്കി മാറ്റി: പരാതിക്കാരന്‍
national news
ഉത്തരകാശിയിലേത് സാധാരണ കുറ്റകൃത്യം; ഹിന്ദുത്വ സംഘടനകള്‍ വര്‍ഗീയ സംഘര്‍ഷമാക്കി മാറ്റി: പരാതിക്കാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th June 2023, 8:36 am

പുരോല: ഉത്തരകാശിയിലേത് ‘ലവ് ജിഹാദ’ല്ലെന്നും സാധാരണ കുറ്റകൃത്യമാണെന്നും പരാതിക്കാരന്‍. പ്രശ്‌നത്തെ ആദ്യം മുതലേ സാമുദായിക പ്രശ്‌നമായി മാറ്റുകയായിരുന്നുവെന്നും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അധ്യാപകന്‍ കൂടിയായ അമ്മാവന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. മെയ് 26ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തെ ഹിന്ദുത്വ സംഘടനകള്‍ ‘ലവ് ജിഹാദാ’ണെന്ന് ആരോപിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ തന്റെ ഐഡന്റിന്റി വെളിപ്പെടുത്താതെയാണ് അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിച്ചത്.

‘ഈ പ്രശ്‌നത്തെ ആദ്യ മണിക്കൂറുകളില്‍ തന്നെ സാമുദായിക പ്രശ്‌നമായി ചിത്രീകരിക്കുകയായിരുന്നു. വലതുപക്ഷ സംഘടനകള്‍ ഞങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ വരെ തയ്യാറായി. എന്നാല്‍ പൊലീസ് അത് അംഗീകരിച്ചില്ല.

ഇത് ലവ് ജിഹാദ് കേസല്ല, സാധാരണ ഒരു കുറ്റകൃത്യമായിരുന്നു. ഉത്തരകാശിയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയവര്‍ ഇപ്പോഴും പുറത്താണ്. എന്ത് ചെയ്യണമെന്ന് നീതിന്യായ വ്യവസ്ഥ തീരുമാനിക്കും,’ അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ചയായി ഇദ്ദേഹത്തിനും വീട് വിട്ടിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിരവധി വലതുപക്ഷ സംഘടനകള്‍ തന്നെ സമീപിച്ചിണ്ടെന്നും എന്നാല്‍ താന്‍ അവരോടൊപ്പം ചേരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ എല്ലാ തവണയും അവരെ നിരസിക്കുകയാണ് ചെയ്തത്. അവര്‍ എന്റെ ജീവിതം നരകമാക്കിയിരിക്കുയാണ്. എനിക്ക് പുറത്ത് പോകാന്‍ പറ്റുന്നില്ല. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കലാണ് അവരുടെ ഏക ലക്ഷ്യം. അറിയാത്ത ഫോണ്‍ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഞാനിപ്പോള്‍ എടുക്കാറില്ല. ഫോണ്‍ നമ്പറും മാറ്റിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

ആഷിഷ് ചുമാര്‍ എന്ന് പറയുന്നയാളാണ് തന്റെ അനന്തരവളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന വാര്‍ത്തയറിച്ചതെന്നും പ്രതി ഒരു മാപ്പ് പറഞ്ഞിരുന്നെങ്കില്‍ താന്‍ ഒരു പക്ഷേ പരാതി നല്‍കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളിപ്പോള്‍ അവളെ വീടിന് പുറത്തിറക്കാറില്ല. അത് അവളില്‍ മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അവള്‍ പഠിക്കാന്‍ മിടുക്കിയാണ്. എന്നാല്‍ ഇപ്പോള്‍ ഭാവിയെ കുറിച്ചുള്ള ആശങ്കയിലാണുള്ളത്.

എനിക്ക് മുസ്‌ലിങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് ആഗ്രഹം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് എങ്ങനെയെടുക്കുമെന്ന് അറിയില്ല. എപ്പോള്‍ ഫേസ്ബുക്ക് തുറന്ന് നോക്കിയാലും ഇത് ലവ് ജിഹാദാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് കാണുന്നത്. അതെനിക്ക് പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ആരും എന്നോട് യഥാര്‍ത്ഥ പ്രശ്‌നമെന്താണെന്ന് ചോദിച്ചില്ല.

മുസ്‌ലിങ്ങള്‍ ഒരിക്കലും വീട് വിട്ട് പോകരുതായിരുന്നു. ഒരാളുടെ കുറ്റത്തിന് മുഴുവന്‍ സമുദായത്തെയും ലക്ഷ്യം വെക്കരുത്,’അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിയെ മാര്‍ക്കറ്റില്‍ നിന്ന് വളരെ ദൂരം കൊണ്ടുപോയി ഓട്ടോറിക്ഷയില്‍ കടത്താനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് പുരോല പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഖജാന്‍ ചൗഹാന്‍ പഞ്ഞു.

‘പെട്രോള്‍ പമ്പിന്റെ അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്ന് വളരെ ദൂരം അവര്‍ അവളെ തട്ടിക്കൊണ്ടു പോയി. എന്നിട്ട് ഓട്ടോറിക്ഷ വിളിക്കുകയായിരുന്നു. ഓട്ടോയ്ക്ക് പിറകില്‍ നിന്ന് അവള്‍ നിലവിളിക്കുന്നത് പ്രദേശവാസികള്‍ കാണുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു,’ ചൗഹാന്‍ പഞ്ഞു.

അന്ന് തന്നെ പ്രതികള്‍ക്കെതിരെ സെഷന്‍ 363(തട്ടിക്കൊണ്ടുപോകല്‍), 366എ(പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വില്‍ക്കല്‍ ), പോക്‌സോ ആക്ട് എന്നിവയനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. പിറ്റേന്ന് തന്നെ കുറ്റക്കാരായ ഉബെദ് ഖാന്‍, ജിതേന്ദ്ര സൈനി എന്നിവര്‍ അറസ്റ്റിലായി.

രണ്ടാഴ്ചയായി നടന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ പുരോലയിലെ 8000ത്തോളം താമസക്കാരില്‍ 40-45 ഓളം മുസ്‌ലിം കുടുംബങ്ങള്‍ക്കാണ് വീട് വിട്ടിറങ്ങേണ്ടി വന്നത്.

ഒരു മുസ്‌ലിം യുവാവും ഹിന്ദു യുവാവും ചേര്‍ന്ന് 14 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് മെയ് 26 മുതലാണ് ഉത്തരകാശിയില്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്.

content highlights: Common crime in Uttarkashi; Converted Hindutva organizations into communal conflict: Complainant