| Friday, 21st December 2012, 1:03 pm

കോമണ്‍വെല്‍ത്ത് അഴിമതി; കല്‍മാഡിയ്ക്കും കൂട്ടര്‍ക്കുമെതിരെ കുറ്റം ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2010 ലെ കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ കുറ്റം ചുമത്താന്‍ കോടതി അനുമതി നല്‍കി.[]

ദല്‍ഹിയിലെ പാട്യാല ഹൗസ് കോടതി ജഡ്ജി തല്‍വന്ത് സിങ് ആണ് പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തിയത്. ഗെയിംസ് സംഘാടകസമിതി ജനറല്‍ സെക്രട്ടറിയായിരുന്ന ലളിത് ഭാനോട്ട് ഉള്‍പ്പെടെ കല്‍മാഡിക്കൊപ്പം 10 കൂട്ടുപ്രതികളാണുള്ളത്.

അഴിമതി, വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കോമണ്‍വെല്‍ത്ത് ഗെയിംസ് കരാറുമായി ബന്ധപ്പെട്ട്  90 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്.

ഗെയിംസില്‍ മത്സരഇനങ്ങളുടെ ടൈമിങ്ങും സ്‌കോറിങ്ങും വ്യക്തമാക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കരാര്‍ നല്‍കിയതില്‍ 90 കോടി രൂപ നഷ്ടമുണ്ടായെന്ന കേസിലാണ് നടപടി. സി.ബി.ഐ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സ്പാനിഷ് കമ്പനിയായ എം.എസ്.എല്ലില്‍ നിന്ന് 62 കോടി രൂപയുടെ കരാര്‍ ലഭിച്ചിട്ടും കൂടുതല്‍ തുക ആവശ്യപ്പെട്ട സ്വിസ് കമ്പനിക്ക് ഇവര്‍ കരാര്‍ നല്‍കുകയായിരുന്നുവെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more