സ്വന്തം പ്രതിച്ഛായയ്ക്ക് വേണ്ടി മോദി വലിയൊരു ലക്ഷ്യത്തെയാണ് ബലിയാടാക്കിയത്: ഈ നീക്കം കള്ളപ്പണക്കാരെ സ്പര്‍ശിക്കില്ലെന്നും അരുണ്‍ ഷൂരി
Daily News
സ്വന്തം പ്രതിച്ഛായയ്ക്ക് വേണ്ടി മോദി വലിയൊരു ലക്ഷ്യത്തെയാണ് ബലിയാടാക്കിയത്: ഈ നീക്കം കള്ളപ്പണക്കാരെ സ്പര്‍ശിക്കില്ലെന്നും അരുണ്‍ ഷൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th November 2016, 10:16 am

നോട്ട് നിരോധനം മൂലം ഇടത്തരംചെറുകിട സംരംഭങ്ങള്‍, ഗതാഗതരംഗം, കാര്‍ഷിക രംഗം തുടങ്ങിയ മേഖലകളിലുണ്ടാക്കിയ പ്രയാസങ്ങള്‍ ചില്ലറയല്ല. സ്വന്തം പ്രതിച്ഛായയ്ക്കായി വലിയൊരു ലക്ഷ്യത്തെ ബലിയാടാക്കുകയാണ് മോദി ചെയ്തതെന്നും അരുണ്‍ ഷൂരി


ന്യൂദല്‍ഹി: 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരി.

നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ആത്മഹത്യാപരമാണ്. വേണ്ടത്ര ചിന്തയില്ലാതെ മോദി നടപ്പാക്കിയ നടപടിയാണിതെന്നും ഷൂരി കുറ്റപ്പെടുത്തി. എന്‍.ഡി.ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അരുണ്‍ ഷൂരിയുടെ പരാമര്‍ശം.


85 ശതമാനം നോട്ടുകളും പിന്‍വലിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് സംഭവിക്കാനിരിക്കുന്ന ക്ലേശങ്ങള്‍ മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിന് സാധിച്ചില്ല.

നോട്ട് നിരോധനം മൂലം ഇടത്തരംചെറുകിട സംരംഭങ്ങള്‍, ഗതാഗതരംഗം, കാര്‍ഷിക രംഗം തുടങ്ങിയ മേഖലകളിലുണ്ടാക്കിയ പ്രയാസങ്ങള്‍ ചില്ലറയല്ല. സ്വന്തം പ്രതിച്ഛായയ്ക്കായി വലിയൊരു ലക്ഷ്യത്തെ ബലിയാടാക്കുകയാണ് മോദി ചെയ്തതെന്നും അരുണ്‍ ഷൂരി പറഞ്ഞു.

modi

നോട്ട് പിന്‍വലിച്ചതുമൂലം ജനങ്ങളുടെ ദുരിതം കാണാന്‍ സര്‍ക്കാരിനായില്ല. സര്‍ക്കാരിന്റെ ലക്ഷ്യം നല്ലതാണെങ്കിലും, വേണ്ടത്ര മുന്നൊരുക്കമുണ്ടായില്ലെന്ന് ഷൂരി പറഞ്ഞു. കേന്ദ്രനടപടി കള്ളപ്പണത്തിനെതിരായ നടപടിയല്ല. മറിച്ച് നിയമപരമായി പണ ഇടപാടി നടത്തുന്നവര്‍ക്ക് നേരെയുള്ള ആക്രമണമായിപ്പോയി.


Also Read നോട്ട് നിരോധനത്തിന് ശേഷം ജനാര്‍ദ്ദന റെഡ്ഡി 500 കോടി എങ്ങനെ തരപ്പെടുത്തിയെന്ന് മോദി പറയണം: ആഢംബര വിവാഹത്തില്‍ ചോദ്യങ്ങളുമായി തോമസ് ഐസക്


ഇപ്പോഴത്തെ നടപടി കള്ളപ്പണക്കാരെ ബാധിക്കില്ല. കള്ളപ്പണക്കാര്‍ പണം ക്യാഷായി സൂക്ഷിക്കുകയല്ല, മറിച്ച് വിദേശബാങ്കുകളിലും, വസ്തു, സ്വര്‍ണ്ണം തുടങ്ങിയവ ആയാണ് സൂക്ഷിക്കുന്നത്. കള്ളപ്പണത്തിനെതിരായ വേട്ടയ്ക്ക് നികുതി ഭരണരംഗത്തെ പരിഷകരണമാണ് ആദ്യം വേണ്ടത്.

രാജ്യത്തെ വലിയ അഴിമതികളിലൊന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. വലിയ കള്ളപ്പണക്കാരൊക്കെ രക്ഷപ്പെടുകയോ രാജ്യം വിടുകയോ ആണ് ചെയ്‌തെന്നും അരുണ്‍ ഷൂരി വ്യക്തമാക്കി.

modishivsena

മോദിയുടെ ഈ നോട്ട് പരിഷ്‌ക്കാരത്തിനെതിരെ ബി.ജെ.പിയുടെ സഖ്യകക്ഷികളായ ശിവസേനയും അകാലിദളും ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

നോട്ട് അസാധുവാക്കല്‍ നടപടിയെ വിമര്‍ശിച്ച് ബി.ജെ.പി ദേശീയ സമിതിയംഗമായ സുബ്രഹ്മണ്യ സ്വാമിയും ചേതന്‍ഭഗത് ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു.

ആസൂത്രണങ്ങളുടെ അഭാവവും നോട്ട് പിന്‍വലിച്ച നടപടിയും ഇന്ത്യയെ ഒറ്റപ്പെടുത്തിയെന്നും തയ്യാറെടുപ്പിന്റെ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നും സുബ്രഹ്മണ്യംസ്വാമി വ്യക്തമാക്കിയിരുന്നു.

note1

നവംബര്‍ എട്ട് രാത്രിയാണ് നോട്ട് പിന്‍വലിക്കുന്നതായുള്ള നാടകീയ പ്രഖ്യാപനം മോദി നടത്തിയത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തി പത്ത് ദിവസം പിന്നിടുമ്പോഴും നഗരഗ്രാമ ഭേദമന്യേ ബാങ്കുകള്‍ക്ക് മുന്നില്‍ ജനങ്ങളുടെ ക്യൂ തുടരുകയാണ്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ ഇന്ത്യയുടെ സാമ്പത്തിക രംഗം തകര്‍ന്നു എന്ന ആക്ഷേപം നിലനില്‍ക്കെയാണ് വിഷയത്തില്‍ അരുണ്‍ ഷൂരിയും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.