കോഴിക്കോട് : മാധ്യമ മേഖലയുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികളുടെ നിറം ഏകപക്ഷീയമായി മാറുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി.
മാധ്യമ മേഖലയുമായി ബന്ധപ്പെട്ട കമ്മിറ്റികളില്‍ മാധ്യമ മാനേജുമെന്റിന്റെ നിര്‍ദേശങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാമുഖ്യം ലഭിക്കുന്നതെന്ന അദ്ദേഹം പറഞ്ഞു.
മാധ്യമക്ഷേമത്തില്‍ അമിതമായി രാഷ്ട്രീയം കലര്‍ത്തുന്നത് അപലപനീയമാണ്. ജനാധിപത്യത്തിന്റെ തന്നെ ശക്തിക്ഷയത്തിലേക്കാവും അതു വഴി തുറക്കുക എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
തൊഴിലാളി യൂണിയന്‍ നിര്‍ദേശിക്കുന്ന പ്രതിനിധികളുടെ പേര് വെട്ടിമാറ്റി പകരം മാനേജ്‌മെന്റുകള്‍ നിര്‍ദേശിക്കുന്നവരെ നിയമിക്കുന്നതാണു പുതിയ കാല രീതിയായി അവതരിപ്പിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിനായുള്ള പദ്ധതികളില്‍ തൊഴിലാളി പക്ഷം പറയുന്നവരെ പ്രതിനിധികളാക്കുകയല്ലേ തൊഴിലാളി പക്ഷ ഭരണകൂടം സ്വീകരിക്കേണ്ട രീതിയെന്നും അദ്ദേഹം പറഞ്ഞു.
കെ.പി. റെജിയുടെ വാക്കുകള്‍
മാധ്യമ പ്രവര്‍ത്തകരുടെയും മാധ്യമ മേഖലയുടെയും ക്ഷേമത്തിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അവ ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്നത് ഇന്ത്യയില്‍ മാത്രമല്ല, ജനാധിപത്യം ശക്തമായ രാജ്യങ്ങളിലെല്ലാം നിലനില്‍ക്കുന്ന കീഴ്‌വഴക്കവും സമ്പ്രദായവുമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പലവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കായി 10 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് അധികമായിട്ടില്ല. സര്‍ക്കാര്‍ സഹായത്തോടെയുള്ള ആരോഗ്യ രക്ഷാ പദ്ധതിയും പെന്‍ഷന്‍ പദ്ധതിയുമായി കേരളവും ഇക്കാര്യത്തില്‍ ഏറെ മുന്നില്‍ത്തന്നെയാണ്.