| Tuesday, 25th September 2018, 7:58 am

പി.കെ. ശശിക്കെതിരായ കേസില്‍ സി.പി.ഐ.എം അന്വേഷണ കമ്മീഷന്‍ തെളിവെടുക്കുന്നു; ഗൂഢാലോചനാ ആരോപണത്തിലും അന്വേഷണമുണ്ടാകും; പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: എം.എല്‍.എ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ സി.പി.ഐ.എം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ നടത്തുന്ന തെളിവെടുപ്പ് തുടരുന്നു. ആറു പേരില്‍ നിന്നാണ് ഇതുവരെ കമ്മീഷന്‍ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. പരാതിക്കാരിയെ അനുകൂലിക്കുന്നവര്‍ വാദത്തിലുറച്ചു നിന്നപ്പോള്‍, വിഷയത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പി.കെ. ശശി പക്ഷക്കാര്‍ ആവര്‍ത്തിക്കുന്നത്.

ഗൂഢാലോചനാ ആരോപണമടക്കം രണ്ടു വശങ്ങളിലും സമഗ്രമായ അന്വേഷണമുണ്ടാകുമെന്ന് അന്വേഷണ കമ്മീഷന്‍ അംഗം പി.കെ. ശ്രീമതി മാധ്യമങ്ങളോടു പറഞ്ഞു. സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസില്‍ നടക്കുന്ന തെളിവെടുപ്പില്‍ സി.പി.ഐ.എം., ഡി.വൈ.എഫ്.ഐ നേതാക്കളില്‍ നിന്നാണ് തിങ്കളാഴ്ച മൊഴിയെടുത്തത്. പരാതിക്കാരിയുടെയും പി.കെ. ശശിയുടെയും മൊഴികള്‍ നേരത്തേ രേഖപ്പെടുത്തിയിരുന്നു.

Also Read: പാരീഷ് ഹാളിലേക്ക് വിശ്വാസികള്‍ തള്ളികയറി ; സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു;

പരാതിക്കാരിയെ സ്വാധീനിച്ചു മൊഴിമാറ്റിക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുള്ളതായാണ് സൂചന. മൊഴിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന ആവശ്യവുമായി ഉന്നത ഉദ്യോഗസ്ഥന്‍ പരാതിക്കാരിയെ കണ്ടെന്നും നേരത്തേ തന്നെ പലരും വന്‍ തുകയും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് യുവതി.

അതേസമയം, പി.കെ. ശശിക്കെതിരെ നടപടിയുണ്ടായേക്കും എന്ന സൂചനകളാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ ആരേയും സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്ന തരത്തില്‍ പല സി.പി.ഐ.എം നേതാക്കളും പ്രതികരിച്ചിരുന്നു. നടപടിയുണ്ടായേക്കുമെന്നതിന്റെ സൂചനയായാണ് ഈ പ്രസ്താവനകള്‍ കണക്കാക്കപ്പെടുന്നത്.

We use cookies to give you the best possible experience. Learn more