| Thursday, 22nd July 2021, 4:50 pm

കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകാന്‍ സാധ്യത; ക്ലബ് ഹൗസിനെതിരെ ബാലാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ക്ലബ് ഹൗസിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ക്ലബ് ഹൗസില്‍ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് ഐ.ടി. സെക്രട്ടറി, ഡി.ജി.പി. ഉള്‍പ്പെടെയുള്ള എട്ടു പേര്‍ക്ക് ബാലാവാകശ കമ്മീഷന്‍ നോട്ടീസ് അയച്ചു.
ക്ലബ് ഹൗസില്‍ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായുള്ള പരാതിയിലാണ് നടപടി.

18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണം. ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ 18 വയസ്സുകഴിഞ്ഞവര്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും യോഗം വിളിച്ചു ചേര്‍ത്ത് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ദുരുപയോഗം തടയാനുമുള്ള വിശദമായ മാര്‍ഗരേഖ തയ്യാറാകണമെന്നും കമ്മീഷന്‍ ഐ.ടി. സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.

നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ ഐ.ടി. ആക്ട്, ഐ.ടി. (പ്രൊസീജിയര്‍ ആന്‍ഡ് സേഫ് ഗാര്‍ഡ്സ് ഫോര്‍ ബ്ലോക്കിങ് ഫോര്‍ ആക്സസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ബൈ പബ്ലിക്) നിയമം 2009 എന്നിവ അനുസരിച്ച് നടപടി എടുക്കണം. ക്ലബ് ഹൗസിലെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും അവ ആവശ്യമെങ്കില്‍ അന്വേഷണത്തിനും വിചാരണയ്ക്കുമായി സൂക്ഷിക്കുന്നതിനും ഐ.ടി. സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കണം.

നിയമവിരുദ്ധ നടപടികള്‍ ശ്രദ്ധയില്‍പെട്ടാല്‍ 24 മണിക്കൂറിനകം നടപടി സ്വീകരിക്കാന്‍ പാകത്തില്‍ തുടര്‍ച്ചയായി സൈബര്‍ പട്രോളിംഗ് നടത്തണം. ക്ലബ്ബ് ഹൗസിലൂടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതിന്റെ നിയമപരമായ ഫലങ്ങളെക്കുറിച്ചും കുട്ടികളിലും സമൂഹത്തിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

പുതുതായി തരംഗം സൃഷ്ടിച്ചിരിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് ക്ലബ് ഹൗസ്. ആളുകള്‍ക്ക് പരസ്പരം സംസാരിക്കാന്‍ കഴിയുന്ന ഓഡിയോ ചാറ്റ് റൂമുകളാണ് ക്ലബ് ഹൗസിന്റെ സവിശേഷത. 2020 മാര്‍ച്ചില്‍ ആരംഭിച്ച ക്ലബ് ഹൗസ് കേരളമടക്കമുള്ള സ്ഥലങ്ങളില്‍ വ്യാപക പ്രചാരം നേടിയത് അടുത്തിടെയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Commission of child protection and rights against club house

We use cookies to give you the best possible experience. Learn more