| Tuesday, 8th November 2022, 4:22 pm

ഹോട്ടലുകള്‍ക്ക് തിരിച്ചടി; വാണിജ്യ സിലിണ്ടറുകളുടെ ഇന്‍സെന്റീവ് എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ഇന്‍സെന്റീവ് എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു. നിലവില്‍ കൂടുതല്‍ സ്റ്റോക്ക് എടുക്കുന്ന ഡീലര്‍മാര്‍ക്ക് എണ്ണക്കമ്പനികള്‍ പരമാവധി 240 രൂപ വരെ ഇന്‍സെന്റീവ് നല്‍കിയിരുന്നു. ഇത് എടുത്തുകളഞ്ഞതോടെ വിപണി വിലക്ക് തന്നെ വാണിജ്യ സിലിണ്ടറുകള്‍ ഡീലര്‍മാര്‍ വില്‍ക്കേണ്ടി വരും.

ഇന്‍സെന്റീവ് പിന്‍വലിച്ചതോടെ ഇതുവരെ 1508 രൂപയായിരുന്ന 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില്‍പന വില ഇനി 1748 രൂപയാകും.

ഇന്‍സെന്റീവ് ഉള്ളതിനാല്‍ നേരത്തെ വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഹോട്ടലുകള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ ഡീലര്‍മാര്‍ നല്‍കിയിരുന്നത്. ഇത് പിന്‍വലിച്ചതോടെ ഇനി വിപണി വിലക്ക് തന്നെ ഹോട്ടലുകാര്‍ പാചകവാതക സിലിണ്ടറുകള്‍ വാങ്ങേണ്ടിവരും.

ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് എണ്ണക്കമ്പനികള്‍ വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 115.50 രൂപ കുറച്ചിരുന്നു.

അതേസമയം, ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില കുറച്ചിട്ടില്ല. ദല്‍ഹിയില്‍ സബ്‌സിഡിയില്ലാത്ത 14.2 കി.ഗ്രാം ഗാര്‍ഹിക സിലിണ്ടറിന് 1053 രൂപയാണ് നിരക്ക്.

Content Highlight: Commercial LPG Cylinder Incentive Withdrawn

We use cookies to give you the best possible experience. Learn more