Film News
'ഫോണ്‍ ഇനി വല്ല അരിചാക്കിലോ തലയിണയുടെ അടിയിലോ വെക്കണം ഇക്കാ'; മമ്മൂട്ടിയുടെ പോസ്റ്റില്‍ ദുല്‍ഖറിന് കമന്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 10, 04:58 pm
Thursday, 10th March 2022, 10:28 pm

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം സല്യൂട്ടിന്റെ പ്രമോഷന്‍ വീഡിയോ മമ്മൂട്ടി ഷെയര്‍ ചെയ്തത് ശ്രദ്ധ നേടുകയാണ്. സാധാരണ ഗതിയില്‍ മമ്മൂട്ടി ദുല്‍ഖറിന്റെ ചിത്രങ്ങള്‍ക്ക് യാതൊരു വിധ പ്രമോഷനും കൊടുക്കാറില്ല. എന്നാല്‍ കുറുപ്പ് മുതല്‍ കാര്യങ്ങള്‍ മാറുകയായിരുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ മമ്മൂട്ടി ഷെയര്‍ ചെയ്തത് ആരാധകരില്‍ ആശ്ചര്യമുണ്ടാക്കിയിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ ഫോണ്‍ എടുത്ത് താന്‍ തന്നെ അത് ചെയ്തതാണെന്ന് പിന്നീട് ദുല്‍ഖര്‍ തന്നെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ സല്യൂട്ടിന്റെ വീഡിയോ മമ്മൂട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്തതോടെ ദുല്‍ഖര്‍ വീണ്ടും ഫോണ്‍ അടിച്ചുമാറ്റിയോ എന്നാണ് കമന്റുകള്‍ നിറയുന്നത്.

‘മമ്മൂക്കയുടെ വാളിലും ദുല്‍ഖറിന്റെ വാളിലും ഈ വീഡിയോ ഒരുമിച്ച് വന്നെങ്കില്‍ ഒന്ന് ഉറപ്പിച്ചോ മമ്മൂക്ക ഉറങ്ങി പോയിട്ടുണ്ട്, ആ സമയത്ത് പണി ഒപ്പിച്ചത് ആണ്.

ഫോണ്‍ വീണ്ടും അടിച്ചു മാറ്റിയല്ലേ, ഫോണ്‍ ഇനി വല്ല അരിചാക്കിലോ തലയിണയുടെ അടിയിലോ വെക്കണം ഇക്കാ,  ലെ മമ്മൂക്ക : ഈ കുരുപ്പിനെക്കൊണ്ട് തോറ്റല്ലോ,’ എന്നൊക്കെയാണ് കമന്റുകള്‍ നിറയുന്നത്.

കമന്റ് സെക്ഷനില്‍ ദുല്‍ഖറിന് ഹായ് പറഞ്ഞും നിരവധി കമന്റുകള്‍ വരുന്നുണ്ട്.

അടുത്തിടെ ദുല്‍ഖര്‍ ഫോണ്‍ എടുത്തതിനെ പറ്റി മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു. ‘ഞാന്‍ ഉറങ്ങി കിടക്കുമ്പോള്‍ ഫോണ്‍ എടുത്തോട്ടെ എന്ന് ചോദിച്ചിട്ട് എടുത്തുകൊണ്ട് പോയതാണ്. സത്യം, ശരിയാണ്. പിന്നെ നമ്മള്‍ അത് വിളിച്ച് കൂവരുതല്ലോ. ഏകദേശം അങ്ങനെ തന്നെയായിരുന്നു,’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

അതേസമയം, ദുല്‍ഖറിന്റെ സല്യൂട്ട് റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് 18ന് സോണി ലിവിവൂടെയായിരിക്കും ചിത്രം റിലീസ് ചെയ്യുക. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് പൊലീസ് കഥയില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

മനോജ്. കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Content Highlight: comments for dulquer salman in mammootty’s post of salute