തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ പ്രതിഷേധം. രോഗപ്രതിരോധ സംവിധാനത്തെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസ്, കേരളയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനു താഴെയാണ് പ്രതിഷേധമറിയിച്ചുള്ള കമന്റുകള്‍.
പോസ്റ്റ് ചെയ്ത് നാലുമണിക്കൂറിനുള്ളല്‍ തന്നെ നൂറിനടുത്ത് ആളുകളാണ് വിഷയത്തില്‍ പ്രതിഷേധിച്ച് കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി സര്‍ക്കാരിന്റെ ഭാഗമായ അഭിഭാഷകന്‍ എം.കെ ദാമോദരന്‍ ഹാജരായതിനെയും ആളുകള്‍ വിമര്‍ശന വിദേയമാക്കുന്നുണ്ട്. കൂടാതെ അഡ്വ. എം.കെ ദാമോദരനെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെടുന്നു.
കുഞ്ഞാലിക്കുട്ടിക്കനുകൂലമായ സര്‍ക്കാര്‍ വഞ്ചന, ഈ നടപടി സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കി എന്നീ കമന്റുകളും ഇവയില്‍ ഉള്‍പ്പെടുന്നു.
ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി.എസിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി വി.എസിന്റെ ഹര്‍ജി തള്ളിയത്.
വി.എസിന്റെ ഹര്‍ജിയെ വെറും രാഷ്ട്രീയപരമായി മാത്രം കണ്ടാല്‍മതിയെന്നായിരുന്നു സര്‍ക്കാരിന് വേണ്ടി ഹാജരായ കെ.കെ വേണുഗോപാലിന്റെ വാദം. സംസ്ഥാന സര്‍ക്കാരിന്റെ ഈ വാദം കൂടി കേട്ട ശേഷമാണ് സുപ്രീം കോടതി വി.എസിന്റെ ഹരജി തള്ളിയത്.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ പ്രമുഖരുടെ സഹായമുണ്ടായിട്ടുണ്ടെന്നും അതിന് മുഖ്യപങ്ക് വഹിച്ച ആളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മുഖ്യനിയമോപദേശകനായതെന്നും വി.എസ് ഹരജിയില്‍ പറഞ്ഞിരുന്നു.
ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തല്‍ അട്ടിമറിച്ചത് എം.കെ ദാമോദരനാണെന്ന കാര്യം താന്‍ തുടക്കത്തിലേ വ്യക്തമാക്കിയതായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യനിയമോപദേശകനായി എം.കെ ദാമോദരനെ നിയമച്ചതിലൂടെ എത്ര ഉന്നതരായ വ്യക്തികളാണ് ഇതിന് പിന്നിലുള്ളതെന്ന് കോടതി മനസിലാക്കണമെന്നും ഹര്‍ജിയില്‍ വി.എസ് പറഞ്ഞിരുന്നു.