|

സ്ത്രീകളുടെ മുടിയെ കുറിച്ച് അഭിപ്രായം പറയുന്നത് ലൈംഗികാതിക്രമമല്ലെന്ന് മുംബൈ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സ്ത്രീകളുടെ മുടിയെ കുറിച്ച് അഭിപ്രായം പറയുന്നത് ലൈംഗികാതിക്രമമല്ലെന്ന് മുംബൈ ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ മുടിയെ കുറിച്ച് അഭിപ്രായം പറയുന്നതോ പാട്ട് പാടുന്നതോ ലൈംഗികാതിക്രമത്തിന് തുല്യമല്ലെന്നും ഹൈക്കോടതി പറഞ്ഞു.

മുംബൈയിലെ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥന്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് സന്ദീപിന്റെ നിരീക്ഷണം. വനിതാ സഹപ്രവര്‍ത്തകയുടെ മുടിയെ കുറിച്ച് പറഞ്ഞ ആരോപണങ്ങള്‍ ശരിയാണെന്ന് കണക്കാക്കിയാല്‍ കൂടിയും ലൈംഗികാതിക്രമാണെന്ന നിഗമനത്തിലെത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

പരാതിക്കാരിക്കെതിരെ ഹരജിക്കാരന്‍ നടത്തിയതായി പറയുന്ന അഭിപ്രായത്തിന്റെ സ്വഭാവം ലൈംഗിക പീഡനത്തിന് ഉദ്ദേശ്യമുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

പൂനെയിലെ എച്ച്.ഡി.എഫ്.സി ബാങ്കിലെ അസോസിയേറ്റ് റീജിയണല്‍ മാനേജരായ വിനോദ് കച്ചാവെയ്‌ക്കെതിരായായിരുന്നു കേസ്. 2022 ജൂണ്‍ 11ന് നടന്ന പരിശീലന സെഷനിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടക്കുന്നത്. മുടി കൈകാര്യം ചെയ്യാന്‍ ജെ.സി.ബി ഉപയോഗിക്കണമല്ലോ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ പരാമര്‍ശം.

2013ലെ ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനം തടയല്‍, നിരോധനം, പരിഹാരം എന്നീ നിയമങ്ങള്‍ പ്രകാരം മോശം പെരുമാറ്റത്തിന് ഇയാള്‍ കുറ്റക്കാരനാണെന്ന് ബാങ്കിന്റെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിനെതിരായായിരുന്നു ഉദ്യോഗസ്ഥന്‍ ഹരജി നല്‍കിയത്.

ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റിയുടെ കുറ്റക്കാരനാണെന്ന റിപ്പോര്‍ട്ടിനെതിരെ കച്ചാവെ പൂനെയിലെ ഇന്‍ഡസ്ട്രിയല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. പിന്നാലെ പൂനെ കോടതി അപ്പീല്‍ തള്ളിയതോടെയാണ് മുംബൈ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Content Highlight: Commenting on women’s hair is not sexual harassment, says Mumbai High Court

Video Stories