ഐ.പി.എല്‍ 2023ലെ 53ാം മത്സരത്തിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിക്കുന്നത്. ശിഖര്‍ ധവാന്റെ പഞ്ചാബ് കിങ്‌സാണ് ഹോം ടീമിന്റെ എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അത്രകണ്ട് മികച്ച തുടക്കമല്ല പഞ്ചാബ് കിങ്‌സിന് ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് പഞ്ചാബിന് നഷ്ടമായിരുന്നു.
രണ്ടാം ഓവറിലെ അവസാന പന്തിലായിരുന്നു കൊല്‍ക്കത്ത പഞ്ചാബിന് മേല്‍ ആദ്യ പ്രഹരമേല്‍പിച്ചത്. ഹര്‍ഷിത് റാണയെറിഞ്ഞ പന്തില്‍ പ്രഭ്‌സിമ്രാന്‍ പുറത്താവുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. എട്ട് പന്തില്‍ നിന്നും 12 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ താരത്തിന്റെ സമ്പാദ്യം.
ഹര്‍ഷിതിന്റെ തൊട്ടടുത്ത ഓവറിലും വിക്കറ്റ് വീണിരുന്നു. വണ്‍ ഡൗണായെത്തിയ ഭാനുക രാജപക്‌സയാണ് പുറത്തായത്. ഇത്തവണയും റാണ – ഗുര്‍ബാസ് കോംബോയാണ് കൊല്‍ക്കത്തക്ക് തുണയായത്.
നാലാം ഓവറിന്റെ അവസാന പന്തെറിയും ന്നതിനിടെ കമന്റേറ്റര്‍മാര്‍ സഞ്ജു സാംസണെ കുറിച്ചും സന്ദീപ് ശര്‍മയെ കുറിച്ചും പരാമര്‍ശിച്ചിരുന്നു. ഹര്‍ഷിത് റാണ നോ ബോള്‍ എറിഞ്ഞതിന് പിന്നാലെയാണ് കമന്റേറ്റര്‍മാര്‍ രാജസ്ഥാന്‍ നായകന്റെ പേര് പരാമര്‍ശിച്ചത്.
‘ഹര്‍ഷിത് റാണ, നിങ്ങളൊരിക്കലും അത് ചെയ്യാന്‍ പാടില്ലായിരുന്നു. അതിന് നിങ്ങള്‍ വലിയ വില കൊടുക്കേണ്ടി വന്നേക്കും. ഞാന്‍ കഴിഞ്ഞ ദിവസത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. സന്ദീപ് ശര്‍മ ഒന്നും മറന്നുകാണില്ല, ക്യാപ്റ്റന്‍ സഞ്ജു സാംസണും,’ എന്നായിരുന്നു ഹര്‍ഷിതിന്റെ നോ ബോളിന് പിന്നാലെ കമന്റേറ്റര്‍മാര്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ സന്ദീപ് ശര്‍മയുടെ നോ ബോളാണ് രാജസ്ഥാന്‍ റോയല്‍സിന് മത്സരം നഷ്ടപ്പെടാന്‍ കാരണമായത്.
അവസാന പന്തില്‍ സണ്‍റൈസേഴ്‌സിന് വിജയിക്കാന്‍ അഞ്ച് റണ്‍സ് മാത്രം മതിയെന്നിരിക്കെ സന്ദീപ് ശര്‍മ നോ ബോള്‍ എറിയുകയായിരുന്നു. ഇതോടെ അവസാന പന്തില്‍ വിജയിക്കാന്‍ നാല് റണ്‍സ് എന്ന് വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കപ്പെട്ടു. അവസാന പന്തില്‍ സിക്‌സര്‍ നേടിയ അബ്ദുള്‍ സമദ് ഹൈദരാബാദിന് വിജയം നേടിക്കൊടുക്കുകയായിരുന്നു.
അതേസമയം, പഞ്ചാബ് – കൊല്‍ക്കത്ത മത്സരം ആദ്യ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 64 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് പഞ്ചാബ് കിങ്‌സ്. ഒമ്പത് പന്തില്‍ നിന്നും 15 റണ്‍സ് നേടിയ ലിയാം ലിവിങ്സ്റ്റണിന്റെ വിക്കറ്റാണ് പഞ്ചാബിന് അവസാനം നഷ്ടമായത്. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം പുറത്തായത്.
21 പന്തില്‍ നിന്നും 26 റണ്‍സുമായി ക്യാപ്റ്റന്‍ ശിഖര്‍ ധവാനും മൂന്ന് പന്തില്‍ നിന്നും രണ്ട് റണ്‍സുമായി ജിതേഷ് ശര്‍മയുമാണ് ക്രീസില്‍.
Content Highlight: Commentators mentioning Sanju Samson’s name during Punjab Kings vs Kolkata Knight Riders match