കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് താരം ഇവാന്‍ കലിയൂഷ്നിയുടെ കാല്‍പാദത്തില്‍ ചുംബിച്ചത് സംബന്ധിച്ചുവരുന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി കമന്റേറ്റര്‍ ഷൈജു ദാമോദരന്‍.
തനിക്കെതിരെയുള്ള വിവാദങ്ങളെല്ലാം ഒരേതരം പ്രൊഫൈലുകളില്‍ നിന്നാണെന്ന് ഷൈജു ദാമോദരന്‍ പറഞ്ഞു. മനോരമ ന്യൂസ് ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രത്യേക കേന്ദ്രത്തില്‍ നിന്നുള്ള സംഘടിത ആക്രമണമാണ് നടക്കുന്നത്. കോണ്‍ഗ്രസോ യൂത്ത് കോണ്‍ഗ്രസോ വിചാരിച്ചാല്‍ വാടിക്കരിഞ്ഞ് പോകുന്നയാളല്ല താനെന്നും ഷൈജു ദാമോദരന്‍ പ്രതികരിച്ചു.
‘പ്രത്യേക കേന്ദ്രത്തില്‍ നിന്നുള്ള സംഘടിതമായ ആക്രമണം ആണ്. അതിനൊക്കെ കാരണം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഞാന്‍ ഒരു മുന്നണിക്കുവേണ്ടി പരസ്യമായി രംഗത്തിറങ്ങിയതാണ്.
യൂത്ത് കോണ്‍ഗ്രസോ കോണ്‍ഗ്രസോ വിചാരിച്ചാല്‍ വാടിക്കരിഞ്ഞുപോകുന്ന ആളല്ല ഷൈജു ദാമോദരന്‍. ഒരു മലയാളിയോടും വിരോധവും ദേഷ്യവുമില്ല. എതിര്‍ചേരിയില്‍ നിന്ന് പുലഭ്യം പറയുന്നതിലൂടെ ആരെങ്കിലും സന്തുഷ്ടരാകുന്നുണ്ടെങ്കില്‍ അതിലും ഹാപ്പി. ഈ ജോലി ചെയ്യാന്‍ നിയുക്തനായിരിക്കുന്നിടത്തോളം ഇവിടെ ഉണ്ടാകും. ഇതെല്ലാം പാര്‍ട് ഓഫ് ദി ഗെയിം,’ഷെജു ദാമോദരന്‍ പറഞ്ഞു.
താന്‍ ഒരു സാധാരണ ഫുട്‌ബോള്‍ ആരാധകന്‍ മാത്രമാണെന്നും തന്നെ വിസ്മയിപ്പിച്ച രണ്ട് ഗോളുകള്‍ പിറന്നതിന്റെ സന്തോഷത്തിലാണ് ഇവാന്റെ ഇടതുകാലില്‍ ചുംബിച്ചതെന്നും ഷൈജു പറഞ്ഞു. ചുംബനം തെറ്റായി തോന്നിയട്ടില്ലെന്നും അത് സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ചിഹ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കലിയൂഷ്നിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ഷൈജു ദാമോദര്‍ കാല്‍ മടിയില്‍ വെക്കാന്‍ ആവശ്യപ്പെട്ട് ചുംബിച്ചത്. ഇത് കേരളത്തിന്റെ മുഴുവന്‍ ചുംബനമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഷൈജു ചുംബിച്ചത്. എന്നാല്‍ നോ എന്ന് പറഞ്ഞുകൊണ്ട് കലിയൂഷ്നി കാല്‍ പിന്‍വലിക്കുകയായിരുന്നു.