കോഴിക്കോട്: ഐസ്‌ക്രീംകേസ് അന്വേഷണറിപ്പോര്‍ട്ടില്‍ എന്തുസംഭവിച്ചെന്ന് അറിയില്ലെന്ന് കെ.എ റഊഫ്. എന്നാല്‍ അന്വേഷണം തൃപ്തികരമായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അട്ടിമറിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും റഊഫ് പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും താന്‍ ഉന്നയിച്ച അതേ ആരോപണങ്ങള്‍ തന്നെയാണെന്നും റഊഫ്‌പറഞ്ഞു.
റജീനയും റജുലയുമുള്‍പ്പെടെ ഐസ്‌ക്രീം കേസിലെ പ്രധാന സാക്ഷികളായ അഞ്ച് സ്ത്രീകള്‍ക്കും 40 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഏതാണ്ട് ഒരു കോടി രൂപ വരെ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന തന്റെ പഴയ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും റഊഫ് പറഞ്ഞു.
എന്നാല്‍ എവിടെ നിന്ന് പണംകിട്ടി, ആര് പണം നല്‍കി എന്നീ കാര്യങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. ഇതുകൊണ്ട് തന്നെ കേസില്‍ ബാഹ്യ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നത് ഉറപ്പാണ്. റെജീനയും റെജുലയും ഇപ്പോള്‍ ജീവിക്കുന്നത് എങ്ങനെയാണെന്നും അന്വേഷണ സംഘം പരിശോധിക്കേണ്ടതുണ്ടെന്നും റഊഫ് പറഞ്ഞു.
അന്വേഷണറിപ്പോര്‍ട്ടില്‍ ജഡ്ജിമാര്‍ക്കു പണം നല്‍കിയെന്നു കണ്ടെത്തിയിട്ടില്ലെങ്കിലും താന്‍ പറഞ്ഞതു സത്യമാണെന്നു തെളിയിക്കാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണിയെ നുണപരിശോധന പോലുള്ള ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കണമെന്നും അതേ പരിശോധന തനിക്കും നടത്തണമെന്നും റഊഫ് ആവശ്യപ്പെട്ടു.
ഹൈക്കോടതി മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, ജസ്റ്റിസ് കെ. തങ്കപ്പന്‍ എന്നിവര്‍ക്കു പണം നല്‍കിയെന്നായിരുന്നു റഊഫിന്റെ ആരോപണം. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കു നേരെ മുന്‍പ് ഉയര്‍ത്തിയിരുന്ന ആരോപണങ്ങള്‍ റഊഫ് ആവര്‍ത്തിക്കുകയും ചെയ്തു.
അന്വേഷണ സംഘം തന്നെ അഞ്ചു തവണ ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ ഒരു തവണ മാത്രമാണ് ചോദ്യം ചെയ്തത്. സഹായിക്കാനെന്ന പേരില്‍ റൗഫ് തന്നെ ചതിക്കുകയായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞതായി റിപ്പോര്‍ട്ടിലെ 63ാം പേജില്‍ പറയുന്നുണ്ട്. എന്നാല്‍ എന്തു സഹായമാണ് ചെയ്തത് എന്ന് വ്യക്തമാക്കുന്നില്ലെന്നും റഊഫ് പറഞ്ഞു.
ഐസ്‌ക്രീം കേസില്‍ ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഏഴിടത്ത് കുഞ്ഞാലിക്കുട്ടിയുടെ പേര് പറയുന്നുണ്ട്. എന്നാല്‍ പിന്നീട് ഇത് അട്ടിമറിക്കപ്പെട്ടു. കുഞ്ഞാലിക്കുട്ടിക്കെതിരെ അജിത നല്‍കിയ പരാതിയുടെ പകര്‍പ്പ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ തനിക്ക് നല്‍കിയെന്നും അന്ന് അജിത നേരിട്ട മാനസിക അവസ്ഥയാണ് ഇപ്പോള്‍ താന്‍ നേരിടുന്നതെന്നും റൗഫ് പറഞ്ഞു.
പെണ്‍കുട്ടികളില്‍ റജീനയ്ക്കാണ് ഏറ്റവുമധികം തുക ലഭിച്ചതെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ സമ്പത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കുഞ്ഞാലിക്കുട്ടിയാണ് പണം നല്‍കിയതെന്നതിന് തെളിവില്ലെന്നാണ് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തിയാല്‍ തെളിവുകള്‍ എങ്ങനെ ലഭിക്കുമെന്നും റഊഫ് ചോദിച്ചു.
അട്ടിമറിക്കേസില്‍ താന്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. എ.ഡി.ജി.പി വിന്‍സന്‍ എം.പോളിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണം ശരിയായ രീതിയിലായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ തിരുത്തലുകള്‍ വന്നിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡി.വൈ.എസ്.പി ജെയിസണ്‍ ഏബ്രഹാം അഴിമതിക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ വാലാട്ടിയായ ഡി.ജി.പിയുടെ ഇടപെടല്‍ ഇതില്‍ നടന്നിട്ടുണ്ടെന്നും റൗഫ് ആരോപിച്ചു.
ഐസ്‌ക്രീംകേസ് അട്ടിമറിയെക്കുറിച്ച് അന്വേഷണസംഘം കുറേ കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ അട്ടിമറിയിലേക്ക് നയിച്ച മുഴുവന്‍ കാര്യങ്ങളും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സി.ബി.ഐ പോലുള്ള മറ്റേതെങ്കിലും ഏജന്‍സിക്ക് അട്ടിമറിക്കേസ് അന്വേഷണം നല്‍കണമെന്നും റൗഫ് ആവശ്യപ്പെട്ടു.
ഐസ്‌ക്രീം കേസ് അന്വേഷണ റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നല്‍കാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ച കോടതി നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം കെ.എ.റഊഫ് ഉള്‍പ്പെടെയുള്ളവര്‍ തുടര്‍ച്ചയായി നടത്തുന്ന വെളിപ്പെടുത്തലുകള്‍ വയറ്റുപ്പിഴപ്പിനു വേണ്ടിയുളളതാണെന്നും അതു കാര്യമായി എടുക്കുന്നില്ലെന്നും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൂടുതല്‍ വായനയ്ക്കായി: