| Wednesday, 27th January 2021, 12:27 pm

ആ ഐഡി എന്റേതല്ല, കിരണ്‍ദാസ് എന്ന അക്കൗണ്ടില്‍ നിന്നാണ് ആ കമന്റ് വന്നത്; സുരേന്ദ്രന്റെ മകള്‍ക്കതിരായ അധിക്ഷേപ കമന്റില്‍ ആരോപണ വിധേനയായ അജ്‌നാസ് പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകള്‍ക്കെതിരെ മോശം കമന്റിട്ട സംഭവത്തില്‍ വിശദീകരണവുമായി ആരോപണ വിധേയനായ പ്രവാസി ടിക്ക്‌ടോക്കര്‍ അജ്‌നാസ്.

താന്‍ അറിയാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും തന്റെ പേരിലുണ്ടാക്കിയ വ്യാജ എഫ്.ബി വിലാസത്തില്‍ നിന്നാണ് കമന്റ് വന്നതെന്നും അജ്‌നാസ് പറഞ്ഞു. ഇതിനുള്ള തെളിവ് തന്റെ പക്കലുണ്ട്. ഖത്തര്‍ പൊലീസിനും സൈബര്‍ പൊലീസിനും ഇന്ത്യന്‍ എംബസിക്കും വിഷയത്തില്‍ പരാതി നല്‍കുമെന്നും അജ്‌നാസ് പറഞ്ഞു.

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ എന്നെപ്പറ്റി വളരെ മോശമായ കാര്യങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കില്‍ എനിക്കുള്ള അക്കൗണ്ട് വല്ലപ്പോഴും മാത്രമേ ഉപയോഗിക്കാറുള്ളൂ. അത് തന്നെ എന്റെ ഏതെങ്കിലും ഫോട്ടോകളോ വീഡിയോകളോ മാത്രമാണ് പോസ്റ്റ് ചെയ്യാറുള്ളത്.

എന്റെ ഫേസ്ബുക്കിലുള്ള പേര് അജ്‌നാസ് ആശാസ് അജ്‌നാസ് എന്നാണ്. ഈ കമന്റ് പോയത് അജ്‌നാസ് അജ്‌നാസ് എന്ന് പേരുള്ള അക്കൗണ്ടില്‍ നിന്നാണ്. സോഷ്യല്‍മീഡിയയില്‍ പരിചയമുള്ളവര്‍ക്ക് ഇത് വ്യാജ ഐഡി ആണെന്ന് അറിയാന്‍ കഴിയും. മാത്രമല്ല കിരണ്‍ദാസ് എന്ന അക്കൗണ്ടില്‍ നിന്നാണ് ആ കമന്റ് വന്നത് എന്ന് അന്വേഷിച്ചാല്‍ മനസിലാകും.

എന്നോട് വ്യക്തിപരമായി ആളുകള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് നേരിട്ട് വന്ന് പറഞ്ഞുതീര്‍ക്കുകയല്ലാതെ സോഷ്യല്‍മീഡിയകള്‍ വഴി നടത്തുന്ന ഈ വ്യാജ പ്രചരണം അവസാനിപ്പിക്കണം. സംഭവത്തിന് ശേഷം വളരെ മോശമായ കമന്റുകളാണ് എനിക്കെതിരെ വരുന്നത്.

എന്റെ അക്കൗണ്ട് അബുദാബിയില്‍ നിന്ന് ഓപ്പണ്‍ ചെയ്യാന്‍ ശ്രമിച്ചതായി ഫേസ്ബുക്കില്‍ നിന്നും ജനുവരി 13 ന് ഒരു മെയില്‍ വന്നിരുന്നു. ആ സമയത്ത് തന്നെ ഞാന്‍ എന്റെ പാസ്സ് വേര്‍ഡ് മാറ്റിയിട്ടുണ്ടായിരുന്നു. ഇങ്ങനെയൊരു കമന്റിട്ടവര്‍ക്ക് എന്റെ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനോ ഹാക്ക് ചെയ്യാനോ പറ്റാതെ വന്നപ്പോഴാണ് എന്റെ പേരും ഫോട്ടോയും വെച്ച് മറ്റൊരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി തെറികമന്റ് എഴുതിയത്. അതില്‍ എന്ത് നേട്ടമാണ് അവര്‍ക്ക് കിട്ടുന്നതെന്ന് അറിയില്ല. എന്തുതന്നെയായാലും വിഷയത്തെ നിയമപരമായി നേരിടാനാണ് തീരുമാനം.

സംഭവത്തില്‍ എന്റെ പിതാവ് ക്ഷമാപണം നടത്തിയ വാര്‍ത്ത തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ പൊലീസിനും സൈബര്‍ പൊലീസിനും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കുമെന്നും അജ്‌നാസ് വിവിധ മാധ്യമങ്ങളോട് പറഞ്ഞു.

ബാലികാദിനത്തില്‍ ‘എന്റെ മകള്‍ എന്റെ അഭിമാനം ‘എന്ന അടിക്കുറിപ്പോടെ കെ. സുരേന്ദ്രന്‍ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് താഴെയായിരുന്നു അധിക്ഷേപ കമന്റ് വന്നത്. തുടര്‍ന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്റെ പരാതിയിലാണ് പേരാമ്പ്ര സ്വദേശി അജ്‌നാസിനെതിരെ കേസെടുത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Comment agaianst K surendran daughter came from a fake id Ajnas says

We use cookies to give you the best possible experience. Learn more