| Monday, 13th August 2018, 4:24 pm

മറഞ്ഞ് പോയത് ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ തിളക്കമേറിയ ചുവന്ന താരകം

ശ്രീജിത്ത് ദിവാകരന്‍

പത്ത് വര്‍ഷവും ഒരു മാസവും മുമ്പാണ് സോമനാഥ് ചാറ്റര്‍ജിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സി.പി.ഐ.എം പുറത്താക്കിയത്. അതിന് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം, കഴിഞ്ഞ വര്‍ഷം കാരവന്‍ മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ സോമനാഥ് ചാറ്റര്‍ജി പറഞ്ഞു-മോഹഭംഗങ്ങളൊഴിഞ്ഞ, എന്നാല്‍ നിരാശനായ ഒരു മനുഷ്യനായിട്ടായിരിക്കും ഞാന്‍ മരിക്കുക എന്ന്. ജീവിതത്തില്‍ പകുതിയിലേറെ സി.പി.ഐ.എമ്മിന്റെ ശബ്ദമായിരുന്നു സോമനാഥ് ചാറ്റര്‍ജി. പാര്‍ലമെന്റില്‍ ഘനഗംഭീരമായി മുഴങ്ങുന്ന, തമാശകളും വിമര്‍ശനങ്ങളും കലര്‍ന്ന, ഇംഗ്ലീഷ് ഭാഷയുടെ വടിവാര്‍ന്ന ലാവണ്യമുള്ള, നിശിതവും പ്രസക്തവുമായ ശബ്ദം. എതിരാളികളോട് ഒരു കരുണയുമുണ്ടായിരുന്നില്ല, ദീര്‍ഘകാല സുഹൃത്തായിരുന്ന എ.ബി.വാജ്പേയിയുടെ 13 ദിവസം മാത്രം നീണ്ടു നിന്ന സര്‍ക്കാരിന്റെ വിശ്വാസപ്രമേയത്തിനെ എതിര്‍ത്തു കൊണ്ട് സി.പി.ഐ.എമ്മിന് വേണ്ടി സോമനാഥ് ചാറ്റര്‍ജി നടത്തിയ പ്രസംഗം പാഠപുസ്തകം പോലെ വായിച്ചു പഠിക്കേണ്ടതാണ്.

ബാബ്രിപള്ളി പൊളിച്ചതിന് ശേഷം ആര്‍.എസ്.എസും ശിവസൈനികരും മറ്റ് സഹോദര സംഘടനകളും രാജ്യത്തുടനീളം നടത്തിയ കലാപങ്ങളെ ആ പ്രസംഗത്തില്‍ സോമനാഥ് ചാറ്റര്‍ജി തുറന്ന് കാണിച്ചു. ബാബ്രിപള്ളി തകര്‍ത്തതിന് ശേഷം മുംബൈയിലുടനീളവും മഹാരാഷ്ട്രയില്‍ പലയിടത്തും സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ കൊടും ക്രൂരമായ മനുഷ്യക്കുരുതിയെ കുറിച്ച് പഠിക്കാന്‍ നിയമിച്ച ശ്രീകൃഷ്ണ കമ്മീഷന്റെ റിപ്പോര്‍ട്ട് റദ്ദ് ചെയ്തതിനെ സോമനാഥ് ചോദ്യം ചെയ്തു. ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ മതേതര ചരിത്രത്തെ തിരഞ്ഞ് പിടിച്ച് ആക്രമിച്ച് ബി.ജെ.പിയെ പിന്തുണയ്ക്കുന്നതിന്റെ യുക്തിവൈരുദ്ധ്യത്തെ നിശിതമായി വിമര്‍ശിച്ചു.

ആ പ്രസംഗം സോമനാഥ് അവസാനിപ്പിച്ചത് ഇങ്ങനെയാണ് “”സര്‍, ഈ സര്‍ക്കാരിനെ വോട്ടിനിട്ട് പുറത്താക്കിയാല്‍ രാജ്യത്ത് ഒരു തുള്ളി കണ്ണീര്‍ പൊടിയില്ലെന്നത് എനിക്കുറപ്പാണ്. വര്‍ഗ്ഗീയതയുടെ നടത്തിപ്പുകാരില്‍ നിന്ന് ഈ രാജ്യത്തിന് മോചനം വേണം സര്‍. യാദൃശ്ചികമായി ബി.ജെ.പി ഈ രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കകക്ഷിയായത് തിരഞ്ഞെടുപ്പിന്റെ അംഗഗണിത കളിമാത്രമാണ് സര്‍. അത് രാജ്യത്തിന്റെ ഭാവിയെ തീരുമാനിക്കാനായി ഒരു പാര്‍ട്ടിക്കും ഒരാള്‍ക്കും അവകാശം നല്‍കുന്നില്ല. സര്‍, ശരിയാണ്, നമുക്ക് പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനുണ്ട്. പക്ഷേ മതത്തിന്റെ പിന്നിലൊളിഞ്ഞിരുന്ന് രാഷ്ട്രീയം നടത്തുന്നവര്‍ക്ക് ഈ രാജ്യത്തെ ഒരു പ്രശ്നവും പരിഹരിക്കാനാവില്ല. മതേതരമായ വാഗ്ദാനങ്ങളുണ്ട് നമുക്ക് പാലിക്കാനായി. രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പോരാടുന്ന ഒരു സര്‍ക്കാരിനെ ഈ രാജ്യത്തിനും ജനങ്ങള്‍ക്കും ആവശ്യമുണ്ട്. രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയേയും നമുക്ക് തകരാറിലാക്കാനാവില്ല. മതേതരവും മനുഷ്യപക്ഷവും ജനോന്മുഖവുമായ ഭരണം നല്‍കുന്നതിനായി രാജ്യത്തെ മതേതര പാര്‍ട്ടികള്‍ ഒരു ഐക്യമുന്നണി രൂപവത്രിച്ചിട്ടുണ്ട്, ആ മുന്നണി അധികാരത്തിലേറാന്‍ എത്രയും വേഗം നടപടികളുണ്ടാകണം.””

ഒന്നാലോചിച്ചാല്‍ ഇന്ന്, ഇത്തരുണത്തില്‍ സി.പി.ഐ.എം പോലുള്ള ഒരു പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഉയര്‍ത്താവുന്ന ഏറ്റവും ഉജ്ജ്വമായ പ്രസംഗം ഇതു തന്നൊയാകും. ഇരുപത് വര്‍ഷത്തിന് ശേഷം, സോമനാഥിനെ സി.പി.ഐ.എം പുറത്താക്കി പത്ത് വര്‍ഷത്തിന് ശേഷവും ഈ പ്രസംഗം പരിപൂര്‍ണ്ണമായും പ്രസക്തവും കാലികവുമായി നിലകൊള്ളുന്നു. നമ്മുടെ പ്രധാനമന്ത്രി ഒരു സ്വതന്ത്രനായ വ്യക്തിയാണോ, അതോ കാവിപ്പടയുടെ തടവുകാരനാണോ-എന്ന വിഖ്യാതമായ ചോദ്യവും ഈ പ്രസംഗത്തിന്റെ ഭാഗമായിരുന്നു.

1971-ല്‍ ബോല്‍പൂരില്‍ നിന്ന് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്റില്‍ എത്തിയതിന് ശേഷം സി.പി.ഐ.എമ്മിന് വേണ്ടി തുറന്ന് സംസാരിക്കുമ്പോഴും പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരെ നിശിത വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴും സ്വതന്ത്രനായ വ്യക്തിയായിരുന്നു സോമനാഥ് ചാറ്റര്‍ജി.

സാക്ഷാല്‍ മമതബാനര്‍ജിയോട് ഇന്ദിര തരംഗത്തില്‍ ഒരിക്കല്‍ തോറ്റതൊഴികെ തിരഞ്ഞെടുപ്പില്‍ സോമനാഥിന് കാലിടറിയിട്ടില്ല. പക്ഷേ വ്യക്തിയെന്ന നിലയിലുള്ള നിലപാടുകള്‍ ഒരു തരം ഫ്യൂഡല്‍ കാര്‍ക്കശ്യത്തോടെ സോമനാഥ് ഉയര്‍ത്തിപ്പിടിച്ചു. ജ്യോതി ബസു പ്രധാനമന്ത്രിയാകണം എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവും സോമനാഥിനില്ലായിരുന്നു. അത് ഒഴിവാക്കുന്നത് വഴി “ഹിമാലയന്‍ ബ്ലണ്ടര്‍” പ്രവര്‍ത്തിച്ച ആളായാണ് പ്രകാശ് കാരാട്ടിനെ സോമനാഥ് ചാറ്റര്‍ജി കണ്ടിരുന്നത്. ഒരുകാലത്ത് സി.പി.ഐ.എമ്മിന്റെ തീപ്പൊരി നേതാവായിരുന്ന യുവാവ് സൈഫുദ്ദീന്‍ ചൗധുരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന “കോണ്‍ഗ്രസ് ബന്ധത്തിന്റെ സാധ്യതകള്‍” സംബന്ധിച്ചിരുന്ന ആശയം പങ്കിട്ടിരുന്ന ആളായിരുന്നു സോമനാഥ്. സൈഫുദ്ദീന്‍ ചൗധരി ചൂണ്ടിക്കാണിച്ചിരുന്നത് പോലെ ഉച്ചത്തിലും വ്യക്തതയിലും പറഞ്ഞില്ലെന്ന് മാത്രം.

ബാബ്രി പള്ളി പൊളിച്ചതിന് ശേഷം ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥ ബി.ജെ.പി-ബി.ജെ.പി വിരുദ്ധര്‍ എന്നിങ്ങനെ ധ്രൂവീകരിക്കപ്പെട്ടു എന്നത് സി.പി.ഐ.എമ്മില്‍ ഉത്തമബോധ്യമുണ്ടായിരുന്ന ആളുകളില്‍ ഒരാള്‍ കൂടിയായിരുന്നു സോമനാഥ്. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ നിലപാടുകളിലുടനീളം ആ വ്യക്തത അടയാളപ്പെട്ടു കിടക്കുന്നുണ്ട്. ഹൈന്ദവ/മതബന്ധ രാഷ്ട്രീയം ഇന്ത്യന്‍ ഭരണഘടനയ്ക്കും മതേതര മൂല്യങ്ങള്‍ക്കും എതിരാണെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. ആ രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ മതേതര-ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഒന്നിച്ച് നില്‍ക്കണം എന്നും.

അതുകൊണ്ട് തന്നെ സി.പി.ഐ.എമ്മില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പുറത്താക്കലിന് നയിച്ച സ്പീക്കര്‍ പദവി ഉപേക്ഷിക്കല്‍ വിവാദം അധികാരസ്ഥാനത്തോടുള്ള സോമനാഥ് ചാറ്റര്‍ജിയുടെ ആവേശം മാത്രമായിട്ട് കാണുക ക്രൂരമായിരിക്കും. ആണവക്കരാര്‍ എന്ന വിഷയത്തിന്റെ പുറത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കുന്നതിന് മുന്‍കൈയ്യെടുക്കുക, ആ പ്രവര്‍ത്തിയല്‍ സി.പി.ഐ.എം താത്പര്യപ്പെട്ടിട്ടല്ലെങ്കില്‍ പോലും ബി.ജെ.പി പങ്കാളികളാവുക എന്നത് അപകടകരമായ ഒരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്നത് സോമനാഥ് ചാറ്റര്‍ജിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ അവിശ്വാസപ്രമേയത്തിന് മുന്നോടിയായി സ്പീക്കര്‍ സ്ഥാനം രാജി വെക്കുക എന്ന നയത്തെ സോമനാഥ് ചാറ്റര്‍ജി എതിര്‍ത്തു. ഇത് പ്രകാശ് കാരാട്ടിന്റെ തീരുമാനമാണെന്നും അത് സി.പി.ഐ.എമ്മിന് ഗുണകരമല്ലെന്നും സ്വകാര്യസംഭാഷണങ്ങളില്‍ പലരോടും സോമനാഥ് ചാറ്റര്‍ജി സൂചിപ്പിച്ചു.

എന്നാല്‍ സി.പി.ഐ.എമ്മിന്റെ അംഗം എന്നുള്ള നിലയിലാണ് ലോക്‌സഭ സ്പീക്കര്‍ പദവിയിലെത്തിയത് എന്നും യു.പി.എ സര്‍ക്കാരോ കോണ്‍ഗ്രസ് നേതൃത്വമോ അദ്ദേഹത്തിന്റെ പാര്‍ലമെന്ററി മികവിനുള്ള ആദരമായി നല്‍കിയ പദവിയല്ല അതെന്നും സോമനാഥ് ചാറ്റര്‍ജി സൗകര്യപൂര്‍വ്വം മറന്നു. ലോക്‌സഭ സ്പീക്കര്‍ എന്നത് ഭരണഘടന സ്ഥാപനമാണെന്നും അത് സംഘടന രാഷ്ട്രീയത്തിന് അതീതമാണെന്നും അദ്ദേഹം വാദിച്ചു കൊണ്ടേയിരുന്നു. അക്കാലത്ത് ആരും സോമനാഥുമായി ഇക്കാര്യത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിട്ടില്ലെന്നും സത്യമാണ്. പിന്നീട് സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായപ്പോള്‍ സോമനാഥ് ചാറ്റര്‍ജി പാര്‍ട്ടിയിലേയ്ക്ക് മടങ്ങിവരും എന്നൊരു സൂചനയുണ്ടായി. എങ്കിലും സ്വന്തം ഫ്യൂഡല്‍ വാശികള്‍ അതിന് തടസമായി. ഒരു കുറ്റവും ചെയ്യാതെ പുറത്താക്കിയ താന്‍ സംഘടന ഭരണഘടന പ്രകാരം വീണ്ടും പാര്‍ട്ടി അംഗത്വത്തിന് അപേക്ഷിക്കുന്നതില്‍ കാര്യമില്ല എന്ന് അദ്ദേഹം നിലപാടെടുത്തു. അംഗത്വത്തിനുള്ള അപേക്ഷ എന്ന കുരുക്കില്‍ കുടുങ്ങിയാണ് സി.പി.ഐ.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും പ്രമുഖനായ പാര്‍ലമെന്റേറിയന്‍ പാര്‍ട്ടി അംഗമല്ലാതെ മരിക്കുന്നത്.

ഇത്തരത്തിലുള്ള ഒരു ആന്റി ക്ലൈമാക്സിലാണ് സോമനാഥ് ചാറ്റര്‍ജിയുടെ ലോകസഭാംഗത്വം അവസാനിച്ചതെങ്കിലും ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ ഏറ്റവും ഓര്‍മ്മിക്കപ്പെടുന്ന സ്പീക്കര്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്നെ കാര്യത്തില്‍ സംശയമില്ല. സി.പി.ഐ.എം സഭാ നേതാവ് എന്ന നിലയില്‍ സ്പീക്കറുടെ റൂളിങ്ങുകളെ തള്ളി, ശബ്ദമുയര്‍ത്തേണ്ട സമയത്ത് ശബ്ദമുയര്‍ത്തി, എതിരാളികളുടെ പ്രസംഗങ്ങള്‍ക്ക് മേല്‍ തന്റെ പ്രസംഗത്തെ ഉയര്‍ത്തി, അതിനിശിതമായി കോണ്‍ഗ്രസിനേയും ബി.ജെ.പിയേയുമെല്ലാം നിരസിച്ചിരുന്ന ആള്‍ ലോകസഭ സ്പീക്കര്‍ കസേരയിലെത്തിയപ്പോള്‍ വ്യവസ്ഥയുടെ നടത്തിപ്പുകാരനായി. സമയത്തിന് പ്രസംഗം നടത്താത്ത അംഗങ്ങളോട് ക്ഷുഭിതനായി. സഭമര്യാദകളും ചട്ടങ്ങളും പാലിക്കാന്‍ നിര്‍ബന്ധം പിടിച്ചു.

പാര്‍ലമെന്റിന്റെ നട്ടെല്ല് എന്നത് ചോദ്യോത്തര വേളയും ചര്‍ച്ചകളുമാണ് എന്ന് സോമനാഥ് ചാറ്റര്‍ജി എപ്പോഴുമാണയിട്ടു. ചെറിയ ചെറിയ പ്രശ്നങ്ങളെ ചൊല്ലി ചോദ്യോത്തര വേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ മര്യാദയില്ലാത്ത ആവശ്യങ്ങളെ രൂക്ഷമായി സോമനാഥ് ചാറ്റര്‍ജി നേരിട്ടു. ബി.ജെ.പിയുടെ സുഷമസ്വരാജ്, ജെ.ഡി.യുവിന്റെ പ്രഭു സിങ്ങ്, ശിവസേനയുടെ ആനന്ത് ഗീഥെ തുടങ്ങിയവരുമായി നിരന്തരം കലഹിച്ചു. സ്വന്തം പാര്‍ട്ടിക്കാരായ സി.പി.ഐ.എം നേതാക്കളായിരുന്നു സോമനാഥിന്റെ അടുത്ത ഇരകള്‍.

കാലങ്ങളോളം സോമനാഥ് ചാറ്റര്‍ജിയുടെ കീഴില്‍ വിനീതനായ സഭാ ഉപനേതാവായിരുന്ന ബസുദേവ് ആചാര്യ സി.പി.ഐ.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലോകസഭസാന്നിധ്യത്തിന്റെ നേതാവായി മാറിയെങ്കിലും സ്പീക്കര്‍ പദവിയിലിരിക്കുന്ന നേതാവിനെ ധിക്കരിക്കാന്‍ മടിയായിരുന്നു. ആ ദൗത്യം ഏറ്റെുടുത്തിരുന്നത് എന്‍.എം.കൃഷ്ണദാസും വര്‍ക്കല രാധാകൃഷ്ണനുമായിരുന്നു. സോമനാഥ് ചാറ്റര്‍ജിയുടെ ചട്ടങ്ങളെ മറുചട്ടങ്ങള്‍ ഉദ്ധരിച്ച് വര്‍ക്കലയണ്ണന്‍ എന്ന ഓമനപ്പേരുള്ള വര്‍ക്കല രാധാകൃഷ്ണന്‍ എതിര്‍ത്തുപോന്നു. സോമനാഥ് ചാറ്റര്‍ജി ക്ഷുഭിതനായാല്‍ രാജ്യത്തെ ഏറ്റവും ഊര്‍ജ്ജസ്വലമായ നിയമസഭയുടെ സ്പീക്കറായിരുന്നു ഞാനെന്ന കാര്യം താങ്കളും മറുന്നുപോകരുത് എന്ന് വര്‍ക്കലരാധാകൃഷ്ണന്‍ ഓര്‍മ്മിപ്പിക്കും. എന്നാല്‍ ഇരുവരും സഭാമര്യാദകളുടെ പേരില്‍ ഒന്നിച്ചു.

സഭയുടെ അന്തസിന് കളങ്കമുണ്ടാക്കുന്ന തരത്തില്‍ അംഗങ്ങള്‍ പെരുമാറരുത് എന്നതായിരുന്നു സോമനാഥ് ചാറ്റര്‍ജി, 14ാം ലോക്‌സഭയില്‍ സഭാനടപടികളുടെ അധ്യക്ഷനായിരിക്കുന്ന ഒരോ ദിവസവും ഓര്‍മ്മിച്ചിരുന്നത്. ലോകസഭ റ്റി.വിയുടെ പ്രയോക്താവായിരുന്ന അദ്ദേഹം “രാജ്യം നിങ്ങളുടെ അന്തസുകെട്ട പെരുമാറ്റം കണ്ടുകൊണ്ടിരിക്കുകയാണ് എന്ന് ഓര്‍മ്മ വേണം” എന്ന് അനുദിനം ആവര്‍ത്തിക്കുമായിരുന്നു. പതിനാലാം ലോക്‌സഭ പിരിയുന്ന ദിവസത്തെ വിടവാങ്ങല്‍ പ്രസംഗത്തിനും സോമനാഥ് ചാറ്റര്‍ജി ബഹളം മൂലം നഷ്ടപ്പെട്ട ദിവസങ്ങളെ കുറിച്ചുള്ള ആശങ്കയായിരുന്നു ആവര്‍ത്തിച്ചത്.

വിവരാവകാശ നിയമം, തൊഴിലുറപ്പ് പദ്ധതി, വനാവകാശ നിയമം, ഗാര്‍ഹിക പീഡന വിരുദ്ധ വനിത സംരക്ഷണ നിയമം, ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമം, ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിയമം, അസംഘടിത തൊഴിലാളി സമൂഹ്യ സംരക്ഷണ നിയമം, തുടങ്ങി നിര്‍ണ്ണായകമായ ബില്ലുകള്‍ ലോക്‌സഭ പാസാക്കുന്നതിന് മുമ്പ് കമ്പോട് കമ്പ് ചര്‍ച്ച നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സോമനാഥ് ചാറ്റര്‍ജി എന്ന സ്പീക്കര്‍ക്കായി. വനിത സംവരണ ബില്‍ പാസാക്കിയെടുക്കാന്‍ ഇക്കാലയളില്‍ പാര്‍ലമെന്റിന് ആയില്ല എന്നതാണ് തന്റെ ഒരേയൊരു ദുഖമെന്നും ആ വിടവാങ്ങല്‍ പ്രസംഗത്തില്‍ സോമനാഥ് ചാറ്റര്‍ജി സൂചിപ്പിച്ചു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള ഒരു ദശാബ്ദക്കാലം വിവാദങ്ങള്‍ക്കോ പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ക്കോ പോകാതെ സോമനാഥ് ചാറ്റര്‍ജി ജീവിച്ചു. ബി.ജെ.പി രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ ചേരുമെന്നുള്ള കിംവദന്തികളെ പുച്ഛിച്ച് തള്ളി. പദവിയായിരുന്നില്ല ആദര്‍ശമായിരുന്നു തന്റെ പ്രശ്നമെന്ന് പറയാതെ പറഞ്ഞു. പശ്ചിമബംഗാളിലെ മമതബാനര്‍ജി ഭരണത്തിനെതിരായി ഉയര്‍ന്ന ശബ്ദത്തില്‍ നിലപാട് കൈക്കൊണ്ടു. പലപ്പോഴും സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ നിലപാടുകളോട് യോജിച്ചു. ഒരു രാഷ്ട്രീയത്തില്‍ നിന്ന് മറ്റൊരു രാഷ്ട്രീയത്തിലേയ്ക്ക് ഉടുപ്പുമാറുന്ന ലാഘവത്തോടെ പ്രവേശിക്കുന്ന ഗണത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു സോമനാഥ് ദാ എന്ന കോമ്രേഡ് സോമനാഥ് ചാറ്റര്‍ജി. സി.പി.ഐ.എമ്മിന്റെ ചരിത്രത്തിലെ മാത്രമല്ല, ഇന്ത്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഒരു പ്രധാന ഏടാണ് എന്നന്നേക്കുമായി മറഞ്ഞു പോയിരിക്കുന്നത്.

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more