| Friday, 15th March 2019, 11:39 am

'സാരൂല്ല എല്ലാം ഭൂമിക്കു വേണ്ടിയല്ലേ', കാനം കുഞ്ഞിരാമേട്ടന് ആദരാഞ്ജലി

നിശാന്ത് പരിയാരം

ഇതെഴുതുന്നത് പരിയാരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിനു പുറത്തു നിന്നുമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ കാനം കുഞ്ഞിരാമേട്ടന്‍ വിടപറഞ്ഞിരിക്കുന്നു ..
ഈ പ്രൊഫൈല്‍ ഇനി അനാഥം..

വിട്ടുവീഴ്ചകള്‍ക്കു വഴങ്ങാത്ത കാനം കുഞ്ഞിരാമന്‍ എന്ന ഇടതു സഹയാത്രികന്‍ ഇനി കമന്റ് ബോക്‌സില്‍ വരില്ല..

ഏതോ പരിസ്ഥിതി കൂട്ടായ്മയിലാണ് കാനം കുഞ്ഞിരാമേട്ടനെ ആദ്യം കണ്ടത്, ശാരീരികമായ ഒരു ബലഹീനതയ്ക്കും ഉറച്ച രാഷ്ട്രീയബോധ്യമുള്ള ഒരു മനുഷ്യനെ തളര്‍ത്താനാകില്ലെന്ന് ഞങ്ങളെ പഠിപ്പിച്ചത് കുഞ്ഞിരാമേട്ടനാണ്. കമ്യൂണിസ്റ്റായ , യുക്തിവാദിയായ, പ്രകൃതി സ്‌നേഹിയായ ഒരാള്‍..

പാപ്പിനിശ്ശേരി കണ്ടല്‍ പാര്‍ക്കിന്റെ ഉദ്ഘാടന ദിവസം പാര്‍ക്കിലേക്കുളള വഴിയരികില്‍ ഉപവാസം സംഘടിപ്പിക്കാന്‍ ജില്ലാ പരിസ്ഥിതി സമിതി തീരുമാനിച്ചു. ആ യോഗത്തില്‍ കുഞ്ഞിരാമേട്ടനും ഉണ്ടായിരുന്നു. ഉപവാസ ദിവസം രാവിലെ ഞാനും സുഹൃത്ത് പ്രശാന്തും പാപ്പിനിശ്ശേരി ചുങ്കത്ത് ബസ്സിറങ്ങി വളപട്ടണം പാലത്തിനരികിലേക്ക് നടന്നു.. 9 മണിക്കു തന്നെ ഉപവാസസ്ഥലത്തെത്താനായിരുന്നു തീരുമാനിച്ചതെങ്കിലും ഞങ്ങള്‍ അരമണിക്കൂറോളം വൈകി.

ഞങ്ങള്‍ രണ്ടാളും എത്തുമ്പോഴേക്കും കുഞ്ഞിരാമേട്ടനും ഭാസ്‌കരേട്ടനും ഹരിയേട്ടനും ആശേച്ചിയും രമേശട്ടനുമെല്ലാം പാര്‍ക്കിനു കാവല്‍ നിന്ന സി പി എമ്മുകാരുടെ മര്‍ദ്ദനമേറ്റ് തളര്‍ന്നിരുന്നു. എത്തിയ ഉടന്‍ നിങ്ങ രണ്ടാളും സമരത്തിന് വന്നതാണോടാന്ന് ചോദിച്ച് ഞങ്ങള്‍ക്കും കിട്ടി മര്‍ദനം.. എല്ലാ അടിയും തലയ്ക്കായിരുന്നു .. അവര്‍ സ്റ്റുഡന്റ്‌സാണ് അവരെ അടിക്കരുതെന്നു പറഞ്ഞ ഭാസ്‌കരാട്ടന് പിന്നെയും അടി കിട്ടി.. ഭാസ്‌കരാട്ടന്റെ കയ്യിലുണ്ടായിരുന്ന ജില്ലാ പരിസ്ഥിതി സമിതിയുടെ ഏക സമ്പാദ്യമായ ഹാന്റ് മൈക്കും ഗുണ്ടകള്‍ തറയില്‍ തട്ടിയിട്ട് വലിയൊരു കല്ലെടുത്തിട്ട് തകര്‍ത്തു.. പാതി തകര്‍ന്ന ആ ഹാന്റ് മൈക്ക് മറ്റൊരാള്‍ കണ്ടല്‍ക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു..

എഴുന്നേറ്റു നില്‍ക്കാനാകാത്ത കുഞ്ഞിരാമേട്ടനോട് ഭാസ്‌കരാട്ടന്‍ പറഞ്ഞത് ഇപ്പൊഴും ഓര്‍മയുണ്ട്.. “സാരൂല്ല എല്ലാം ഭൂമിക്കു വേണ്ടിയല്ലേ … ”

കുറച്ചു കഴിഞ്ഞപ്പോഴാണ് കാസര്‍കോടു നിന്നും അമ്പലത്തറ കുഞ്ഞിക്കൃഷ്‌ണേട്ടനും ഏഴോത്തു നിന്നും സമരം ഉദ്ഘാടനം ചെയ്യാമെന്നേറ്റ കണ്ടല്‍ പൊക്കുടേട്ടനുമെത്തിയത് .. കണ്ണൂര്‍ ഗവണ്‍മെന്റാശുപത്രിയിലേക്ക് എല്ലാവരും ബസ്സു കയറി , ബസ്സില്‍ നിന്നും പ്രായമായ ഒരാള്‍ ചോദിച്ചു “”നിങ്ങളെ അവരടിച്ചു ല്ലേ.. അയ്റ്റിങ്ങക്ക് കണ്ണി ച്ചോരയില്ല””

മാസങ്ങള്‍ക്കു ശേഷം കണ്ണൂര്‍ കോടതിയില്‍ വാദികളെ വിസ്തരിക്കുകയായിരുന്നു .. ഞാനും പ്രശാന്തും കുഞ്ഞിരാമാട്ടനും നേരത്തേ എത്തി, നമുക്കനുകൂലമായി എഴുതിയ എകഞ ആയിരുന്നു ,പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറയേണ്ടതെല്ലാം ഞങ്ങള്‍ മൂന്നു പേരെയും പഠിപ്പിച്ചു. കുഞ്ഞിരാമാട്ടനെ പല തവണ മര്‍ദിച്ചതായി പൊലീസ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

പക്ഷേ കൂട്ടില്‍ കയറിയ കുഞ്ഞിരാമാട്ടന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കു നല്‍കിയ വാക്കു തെറ്റിച്ചു. പൊലീസ് എഴുതിയതില്‍ ചില പിശകുകളുണ്ടെന്നും തന്നെ ഒരൊറ്റത്തവണ മാത്രമേ അടിച്ചിട്ടുള്ളൂവെന്നും തന്റെ കാല് തളര്‍ന്നതാണെന്നു മനസിലായ ശേഷം അവര്‍ അടിച്ചില്ലെന്നും കുഞ്ഞിരാമാട്ടന്‍ മജിസ്‌ട്രേറ്റിനോടു പറഞ്ഞു .

സത്യം മാത്രമേ പറയുകയുള്ളൂവെന്ന് ദൈവനാമത്തില്‍ സത്യം ചെയ്യാന്‍ പറഞ്ഞ ബഞ്ച് ക്ലാര്‍ക്കിനോട് താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്നും ദൈവനാമത്തില്‍ സത്യം ചെയ്യാന്‍ സാധിക്കില്ലെന്നും പറഞ്ഞ യുക്തിവാദിയായ കുഞ്ഞിരാമാട്ടന്‍ കോടതിയില്‍ സ്വന്തം വക്കീലിനെ പോലും തളളി അഗ്‌നിയേക്കാള്‍ ചൂടുളള സത്യം തുറന്നു പറഞ്ഞു ..

ഒരു നിരീശ്വരവാദി സത്യം പറയുന്നതും കളവ് പറയാതിരിക്കുന്നതും ഏതെങ്കിലും അജ്ഞാത വിധികളെ ഭയന്നിട്ടല്ലെന്നും അത് വ്യക്തവും കൃത്യവുമായ സ്വയം ബോധ്യങ്ങളാലാണെന്നും അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.

ആ കേസിലെ പ്രതികളെ പിന്നീട് ഞങ്ങളെല്ലാം കേസില്‍ നിന്ന് ഒഴിവാക്കിക്കൊടുത്തു ..
രാത്രിയെ പകലാക്കുന്ന വൈദ്യുത വെളിച്ചങ്ങള്‍ കൊണ്ട് അതി ദുര്‍ബലമായ ആ കണ്ടല്‍ വനം ആക്രമിക്കപ്പെട്ടില്ല.. ചതുപ്പിലെ മീനുകളും ഞണ്ടുകളും കണ്ടല്‍ പൊന്തകളില്‍ ചേക്കേറിയ രാപ്പക്ഷികളും പിന്നെയും ജീവിതം തുടര്‍ന്നു ..
കണ്ടല്‍ പാര്‍ക്ക് പൂട്ടി…

ആകാശത്തിനു താഴെയുള്ളതെല്ലാം ചരക്കാക്കി മാറ്റുന്ന മുതലാളിത്ത യുക്തിയോട് കലഹിച്ച് , ഹരിത രാഷ്ട്രീയത്തെ ഇട നെഞ്ചോടു ചേര്‍ത്ത് , ജീവിതം തന്നെ ഒരു സമരമാക്കിയ കുഞ്ഞിരാമാട്ടന്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങിയിരിക്കുന്നു ..

പ്രിയ കുഞ്ഞിരാമേട്ടന് അന്ത്യാഭിവാദ്യങ്ങള്‍

നിശാന്ത് പരിയാരം

We use cookies to give you the best possible experience. Learn more