ഗസ: ഗസയില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രഈല്‍ സൈന്യത്തിന് തിരിച്ചടി. ഗസയില്‍ പെട്രോളിങ് നടത്തുന്നതിനിടെ ഇസ്രഈല്‍ പ്രതിരോധ സേനയുട ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍മാരിലൊരാളായ കേണല്‍ എഹ്സാന്‍ ദഖ്സ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഇദ്ദേഹത്തിന് പുറമെ മറ്റൊരു ബറ്റാലിയന്‍ കമാന്‍ഡര്‍ക്കും രണ്ട് ഓഫീസര്‍മാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായി ഇസ്രഈല്‍ പ്രതിരോധ സേന അറിയിച്ചിട്ടുണ്ട്.
ഇതാദ്യമായാണ് ഇസ്രഈല്‍ സൈന്യത്തിന് ഹമാസിന്റെ ഭാഗത്ത് നിന്ന് ഇത്രയും വലിയൊരു തിരിച്ചടി ലഭിക്കുന്നത്.
പ്രദേശം നിരീക്ഷിക്കാന്‍ മറ്റ് ഉദ്യോഗസ്ഥരോടൊപ്പം ദഖ്സ ടാങ്കിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സ്ഫോടനം. നിരീക്ഷണത്തിനിടെ സ്ഫോടക വസ്തു ഇവര്‍ക്ക് നേരെ വന്ന് പതിക്കുകയായിരുന്നു.
ഐ.ഡി.എഫിന്റെ 401മത് ബ്രിഗേഡിന്റെ കമാന്‍ഡര്‍ കേണല്‍ ആയിരുന്നു എഹ്‌സാന്‍ ദഖ്‌സ. ഇതോടെ ഒക്ടോബര്‍ ഏഴിന് ശേഷം ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ഐ.ഡി.എഫ് കേണലുകളുടെ എണ്ണം ആറായി.
ജൂണ്‍ മാസം മുതലാണ് 401 ബ്രിഗേഡിന്റെ ചുമതല ദഖ്‌സ ഏറ്റെടുക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ ഏഴ് മുതല്‍ ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നിട്ടും തെക്കന്‍ ഇസ്രഈലില്‍ ഹമാസ് ആക്രമണത്തെ പ്രതിരോധിക്കാന്‍ അദ്ദേഹം അവിടേക്ക് പോവുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു.
2006 ലെ രണ്ടാം ലെബനന്‍ യുദ്ധത്തിലെ വെടിവെപ്പില്‍ പരിക്കേറ്റ പാരാട്രൂപ്പര്‍മാരെ രക്ഷിച്ചതോടെയാണ് നോര്‍ത്തേണ്‍ കമാന്‍ഡിന്റെ തലവന്‍ പദവി ദഖ്‌സയെ തേടി എത്തുന്നത്. ഇതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിനെ ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ധീരന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു.
ദഖ്‌സയുടെ മരണത്തോടെ 162ാം ഡിവിഷന്റെ ഡെപ്യൂട്ടി ഹെഡ് ആയ കേണല്‍ മെയര്‍ ബൈഡര്‍മനെ 401ാം ബ്രിഗേഡിന്റെ ആക്ടിംഗ് കമാന്‍ഡറായി ഐ.ഡി.എഫ് നിയമിച്ചു.
ഒക്ടോബര്‍ ഏഴ് മുതല്‍ ഹമാസുമായുള്ള ആക്രമണത്തില്‍ ഇതുവരെ ആറ് ഇസ്രഈല്‍ കമാന്‍ഡര്‍മാറും 749 പട്ടാളക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ഇസ്രഈല്‍ കമാന്‍ഡര്‍ കൊല്ലപ്പെടുന്നത്. തെക്കന്‍ ഹൈഫയിലെ സിസേറിയയിലെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപമാണ് ഡ്രോണ്‍ ആക്രണണത്തിലൂടെ സ്‌ഫോടനം ഉണ്ടാകുന്നത്.
ലെബനനില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ വഴിയാണ് ആക്രമണം നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആക്രമണം നടക്കുന്ന സമയത്ത് നെതന്യാഹുവും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഹമാസ് തലവന്‍ യഹ്യ സിന്‍വറിന്റെ മരണത്തിന് പിന്നാലെയാണ് ആക്രമണം നടന്നത്.
അതേസമയം ഒക്ടോബര്‍ എട്ട് മുതല്‍ ഇസ്രഈല്‍ ലെബനനില്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 2500 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 11471 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.