ന്യൂദല്‍ഹി: കൊവിഡ് 19ന്റൈ വ്യാപനം തടയുന്നതിന് വേണ്ടി രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ ഓരോ പൗരന്‍മാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്. ഇന്ന് രാത്രി മുതല്‍ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനമായ ലോക്ക് ഡൗണാണ് പ്രഖ്യാപിക്കുന്നതെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാന്‍ വേറെ വഴിയില്ല. ഇത് മെഡിക്കല്‍ വിദഗ്ധര്‍ തന്നെ വ്യക്തമാക്കിയതാണ്. വീട്ടില്‍ അടച്ചിരിക്കൂ. സുരക്ഷിതരായിരിക്കൂ. കൊറോണ പടര്‍ന്നുപിടിക്കുന്നത് നമുക്ക് തടഞ്ഞേ പറ്റൂ. അതിന് സാമൂഹ്യ അകലം പാലിക്കണം. ഇത് രോഗികള്‍ക്ക് മാത്രമേ വേണ്ടൂ എന്ന് ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ട്. ഇത് ശരിയല്ല. കുടുംബത്തിലെ ഓരോരുത്തരും സാമൂഹ്യ അകലം പാലിക്കണം. നിങ്ങള്‍ക്കും എനിക്കും അങ്ങനെ എല്ലാവര്‍ക്കും സാമൂഹ്യ അകലം പാലിച്ചേ പറ്റൂ. എന്നാല്‍ ചിലര്‍ നിരുത്തരവാദിത്തപരമായി പെരുമാറുന്നു. ഇത്തരം പെരുമാറ്റം തുടര്‍ന്നാല്‍ രാജ്യം അതിന് വലിയ വില കൊടുക്കേണ്ടിവരും. മിക്ക സംസ്ഥാനസര്‍ക്കാരുകളും മികച്ച രീതിയിലാണ് ഈ രോഗത്തെ നേരിടുന്നത്. അവരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചേ പറ്റൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.