വാഷിങ്ടണ്‍: ഇന്ത്യയില്‍ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ യു.എസിലെ മിന്നെപൊലിസിലുള്ള സിനിമാ ഹാളിലെ ലൈറ്റുകള്‍ അണയും. ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ ഒരു തെരഞ്ഞെടുപ്പ് തത്സമയം യു.എസിലെ ഒരു സിനിമാ ഹാളിലിരുന്ന് വിദേശ ഇന്ത്യക്കാര്‍ നാളെ കാണും.
ഐ.ടി പ്രൊഫഷണലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുകൂലിയുമായ രമേഷ് നൂണാണ് യു.എസില്‍ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. മിന്നെസോട്ടെയിലെ മിന്നെപൊലിസിലുള്ള സിനിമാ ഹാളിലാണ് ഇന്ത്യക്കാര്‍ക്കായി വാച്ച് പാര്‍ട്ടി ഒരുക്കിയിരിക്കുന്നത്. യു.എസ് സമയം രാത്രി 9.30 മുതലാണിത്. ആറുമുതല്‍ എട്ടുവരെ വാര്‍ത്താ ചാനലുകള്‍ ഇവിടെക്കാണാന്‍ സാധിക്കും.
ടിക്കറ്റ് വെച്ചാണു പ്രദര്‍ശനം ഒരു ടിക്കറ്റിന് 15 ഡോളറാണു വില. ഇതുവരെ 150-ഓളം ആളുകള്‍ ടിക്കറ്റെടുത്തിട്ടുണ്ട്. രാജ്യത്തെ പലയിടങ്ങളിലും വാച്ച് പാര്‍ട്ടികള്‍ നടക്കുന്നുണ്ടെങ്കിലും സിനിമാ ഹാളില്‍ നടക്കുന്ന ഏക വാച്ച് പാര്‍ട്ടി ഇതാണ്.
‘ടെക്‌സാസ്, ഇല്ലിനോയിസ്, മസാച്യുസെറ്റ്‌സ്, ഫ്‌ളോറിഡ, വാഷിങ്ടണ്‍, വിര്‍ജീനിയ, കാലിഫോര്‍ണിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം വാച്ച് പാര്‍ട്ടികള്‍ നടക്കാറുണ്ട്. മിക്കവയും നടത്തുന്നത് ബി.ജെ.പിയുടെ ഓവര്‍സീസ് ഫ്രണ്ട്‌സാണ് (ഒ.എഫ്.ബി.ജെ.പി). മോദിയുടെയും ബി.ജെ.പിയുടെയും ജയത്തിനായി അക്ഷമയോടെ ഞങ്ങള്‍ കാത്തിരിക്കുകയാണ്.’- ഒ.എഫ്.ബി.ജെ.പി പ്രസിഡന്റ് കൃഷ്ണ റെഡ്ഢി പറഞ്ഞു.
യു.എസില്‍ പലയിടങ്ങളിലായി നാളെ വാച്ച് പാര്‍ട്ടികള്‍ നടക്കുന്നുണ്ട്. വീടുകളിലും റെസ്റ്റോറന്റുകളിലും, ക്ലബ്ബ് ഹൗസുകളിലും ഹോട്ടല്‍ സ്യൂട്ടുകളിലുമൊക്കെയായാണിത്. സിനിമാ ഹാള്‍ ലഭിക്കുന്നതിനായി ഏറെ കഷ്ടപ്പെട്ടെന്നും ഒരുപാടാളുകള്‍ പിന്തുണയുമായി ഉണ്ടെന്നും നൂണ്‍ പറഞ്ഞു.