പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായപരിധിയിലുള്ള യുവതികള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ ആശങ്കയില്ലെന്ന് ശബരിമല നിയുക്ത മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി. യുവതി പ്രവേശന വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാം നന്നായി വരട്ടെയെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും തന്റെ ജോലി നല്ല നിലയില്‍ പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യമെന്നും വാസുദേവന്‍ പറഞ്ഞു. മണ്ഡലകാലം സാമാധാന പൂര്‍ണമായി അവസാനിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതീ പ്രവേശനം തന്റെ കൃത്യ നിര്‍വ്വഹണത്തിന് തടസമല്ലെന്നും വാസുദേവന്‍ നമ്പൂതിരി വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ശബരിമല മണ്ഡല മാസ പൂജയ്ക്കായി നടതുറക്കുന്നത്.
അതേസമയം മണ്ഡല-മകരവിളക്ക് സീസണില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത യുവതികളുടെ എണ്ണം 800 കവിഞ്ഞു. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം, കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെ ദര്‍ശനസമയവും ബസ്സ് ടിക്കറ്റും ബുക്ക് ചെയ്തവരില്‍ നിന്നാണ് ഈ കണക്ക് ലഭിച്ചത്.
ആന്ധ്രയില്‍ നിന്നാണ് കൂടുതല്‍ യുവതികള്‍ ദര്‍ശന സമയം ബുക്ക് ചെയ്തിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ ദല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും യുവതികള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയിട്ടുണ്ട്.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ന്നതിനാല്‍ എത്രപേര്‍ ദര്‍ശനത്തിനെത്തുമെന്ന് വ്യക്തമല്ല. യുവതികളുടെ കണക്കുകള്‍ പുറത്തുവിടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
DoolNews Video