മുംബൈ: ഇന്ത്യയെ അധിക്ഷേപിച്ചെന്നാരോപിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയനായ വീര്‍ ദാസിനെതിരെ കേസ്. അമേരിക്കയില്‍ നടത്തിയ സ്റ്റാന്റ് അപ് കോമഡി പരിപാടിക്കിടെ ഇന്ത്യയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബി.ജെ.പി ലീഗല്‍ അഡൈ്വസര്‍ അശുതോഷ് ദുബൈ ആണ് പരാതി നല്‍കിയത്.
മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അമേരിക്കയിലെ പ്രസിദ്ധമായ കെന്നഡി സെന്ററില്‍ നടന്ന പരിപാടിയിലാണ് ഇന്ത്യയിലെ നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക അവസ്ഥകളെ വിമര്‍ശിച്ച് വീര്‍ ദാസ് സംസാരിച്ചത്.
ഞാന്‍ രണ്ട് തരം ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്നായിരുന്നു പരിപാടിയുടെ തലക്കെട്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പെട്രോള്‍ വില വര്‍ധനവ്, പി.എം കെയറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍, പട്ടിണി, സ്ത്രീ സുരക്ഷയില്ലായ്മ, ജാതി,മത പ്രശ്നങ്ങള്‍, കൊവിഡ്, കര്‍ഷക സമരം, കൊമേഡിയന്‍മാര്‍ക്ക് എതിരെ എടുക്കുന്ന കേസുകള്‍ ഉള്‍പ്പെടെ വീര്‍ ദാസ് തന്റെ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള സ്റ്റാന്റ് കോമഡിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
അതേസമയം താന്‍ ആക്ഷേപഹാസ്യം മാത്രമാണ് ഉദ്ദേശിച്ചതെന്നും രാജ്യത്തെ അപമാനിച്ചിട്ടില്ലെന്നും വീര്‍ ദാസ് വ്യക്തമാക്കി. ഒരേ ഇന്ത്യയില്‍ തന്നെ രണ്ട് വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യുന്നതിനെ പരിഹസിച്ചതാണെന്നും വീര്‍ ദാസ് പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Comic Vir Das’s ‘I Come From 2 Indias’ Video Prompts Case By BJP Leader