നായക വേഷങ്ങള്‍ എനിക്ക് വേണ്ട: ബിജു മേനോന്‍
Daily News
നായക വേഷങ്ങള്‍ എനിക്ക് വേണ്ട: ബിജു മേനോന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd October 2014, 1:57 pm

മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ ഭാഗമായി അടുത്തിടെ പലപ്പോഴും ഞാന്‍ മാറിയിട്ടുണ്ട്. അതാണ് ഇപ്പോഴത്തെ ട്രന്റ്. അത്തരം ചിത്രങ്ങള്‍ എനിക്ക് ഇഷ്ടവുമാണ്. ഒരു സിനിമയുടെ വിജയമോ പരാജയമോ മുഴുവനായി എന്റെ ചുമലിലാവുന്നത് എനിക്ക് താങ്ങാനാവില്ല. 


bijumenonമൊഴിമാറ്റം/ ജിന്‍സി ബാലകൃഷ്ണന്‍

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

സഹനടനായും നായകനായും പ്രതിനായകനായും മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് ബിജു മേനോന്‍. സീരിയസ് റോളുകളില്‍ നിന്ന് മാറി കോമഡി പരീക്ഷിച്ചപ്പോള്‍ ബിജു മേനോന് ഏറെ സ്വീകാര്യത ലഭിക്കുകയും ചെയ്തു.

“മല്ലു സിങ്”, “സീനിയേഴ്‌സ”്, “ഓര്‍ഡിനറി”, “റണ്‍ ബേബി റണ്‍” തുടങ്ങിയ ചിത്രങ്ങളിലെ ബിജുവിന്റെ കോമഡി റോളുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ “വെള്ളിമൂങ്ങ” എന്ന ചിത്രത്തിലൂടെ വീണ്ടും നായക വേഷത്തിലെത്തിയിരിക്കുകയാണ് അദ്ദേഹം. കരിയറിലെ ഈ മാറ്റത്തെക്കുറിച്ച് ബിജു മേനോന്‍ സംസാരിക്കുന്നു…

biju-3വെള്ളിമൂങ്ങയ്ക്ക് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നോ?

അത് വലിയ തമാശയാണ്. സംവിധായകന്‍ ജിബു ജേക്കബ് ഈ റോള്‍ ഓഫര്‍ ചെയ്തപ്പോള്‍ സിനിമയില്‍ ഞാന്‍ അഭിനയിക്കാം, പക്ഷെ നായകവേഷം വേണ്ട എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. എന്നെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ജിബു ഏറെ സമയമെടുത്തു. ഞാന്‍ കാണാനാഗ്രഹിച്ചതുപോലെ, ഗ്രാമീണ പശ്ചാത്തലത്തില്‍, പച്ചപ്പിനിടയില്‍ ചിത്രീകരിക്കുന്ന സിനിമയായതിനാലാണ് ഞാന്‍ ഈ ചിത്രം തിരഞ്ഞെടുത്തത്. ഒരു ഗിമ്മിക്കും ഉപയോഗിച്ചിട്ടില്ല. കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചെറിയ, മനോഹരമായ സിനിമയാണിത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ സിനിമ വിജയിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഫലമാകട്ടെ ഇരട്ടി സന്തോഷം നല്‍കുന്നതും. സിനിമയെ മികച്ചതാക്കാന്‍ വേണ്ടി ഞങ്ങളെല്ലാവരും തന്നെ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. ഒരു വശത്ത് ചില്ലി ചിക്കന്‍ കഴിക്കുകയും അതേസമയം നാടന്‍ ഭക്ഷണത്തിലേക്ക് പോകാനാഗ്രഹിക്കുകയും ചെയ്യുന്നത് പോലെയാണിത്.

നായക കഥാപാത്രങ്ങള്‍ വേണ്ടെന്ന് പറഞ്ഞത് എന്തുകൊണ്ടാണ്?

മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ ഭാഗമായി അടുത്തിടെ പലപ്പോഴും ഞാന്‍ മാറിയിട്ടുണ്ട്. അതാണ് ഇപ്പോഴത്തെ ട്രന്റ്. അത്തരം ചിത്രങ്ങള്‍ എനിക്ക് ഇഷ്ടവുമാണ്. ഒരു സിനിമയുടെ വിജയമോ പരാജയമോ മുഴുവനായി എന്റെ ചുമലിലാവുന്നത് എനിക്ക് താങ്ങാനാവില്ല. നായക സ്ഥാനം പേറി എല്ലാറ്റിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ചിലര്‍ക്ക് കഴിയും. പക്ഷെ എനിക്കതിനുള്ള കഴിവില്ല.

കുഞ്ചാക്കോയുമൊത്തുള്ള വേഷങ്ങള്‍ വിജയിക്കുന്നത് തുടരുകയാണല്ലോ…

ഞങ്ങളെ ഒരുമിച്ച് കാണുന്നത് ആളുകള്‍ക്ക് ഇഷ്ടമാണ്. ഞങ്ങള്‍ പരസ്പരം വളരെ പൊരുത്തപ്പെടുന്നവരും ഒരേ അഭിരുചിയുള്ളവരുമാണ്. രണ്ടുപേരും ഓടി നടന്ന് സിനിമ ചെയ്യുന്നവരല്ല. മുന്നിലെത്തുന്ന വേഷങ്ങള്‍ ഞങ്ങള്‍ ഏറ്റെടുക്കുന്നു. അതില്‍ നിന്ന് കിട്ടുന്ന സ്ഥാനങ്ങളില്‍ സന്തുഷ്ടരുമാണ്.

കോമഡി മാത്രം തിരഞ്ഞെടുക്കുന്നത് ബോധപൂര്‍വ്വമായാണോ?

അങ്ങനെ പ്രത്യേക പദ്ധതിയൊന്നും എനിക്കില്ല. എനിക്ക് സീരിയസ് ചിത്രങ്ങള്‍ ഇഷ്ടമാണ്. നേരത്തെ അത്തരം വേഷങ്ങള്‍ ചെയ്തിട്ടുള്ളതുമാണ്. “മേരിക്കുണ്ടൊരു കുഞ്ഞാടി”ല്‍ ആദ്യമായി എനിക്ക് അത്തരമൊരു വേഷം തന്നത് ബെന്നി പി. നായരമ്പലമാണ്. പിന്നെ “സീനിയേഴ്‌സ്” ചെയ്തു. അതിന് പിന്നാലെ “ഓര്‍ഡിനറി” യും “റോമന്‍സും” വന്നു. ഇവയെല്ലാം കൊമേഴ്ഷ്യലി വിജയിച്ച ചിത്രങ്ങളായിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് അത്തരം വേഷങ്ങള്‍ ലഭിച്ചുതുടങ്ങി. എന്നെ ഇങ്ങനെയുള്ള വേഷങ്ങളില്‍ കാണുന്നതാണ് ആളുകള്‍ക്ക് ഇഷ്ടമെന്ന് തോന്നുന്നു. കോമഡിയാണ് പ്രേക്ഷകരുമായി കൂടുതല്‍ അടുപ്പിച്ചത്. അതാണ് ഏറെ ആളുകളെ ആകര്‍ഷിച്ചതും.

സീരിയസ് വേഷങ്ങള്‍ ചെയ്യാന്‍ ഇപ്പോഴും താല്‍പര്യമുണ്ട്. പക്ഷേ അത് കൊമേഴ്ഷ്യലായി വിജയിക്കാന്‍ സാധ്യതയുള്ളവയാവണം. ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തുന്നത് റിലാക്‌സ് ചെയ്യാന്‍ വേണ്ടിയായതിനാല്‍ ഇപ്പോഴത്തെ ട്രന്റ് കോമഡിയാണ്.

അടുത്തത് എന്താണ്?

മൂന്ന് ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. ഒന്ന് ഫഹദ് നായകനായ പി. സുകുമാരന്‍ ചിത്രം. അത് സമകാലീന സംഭവങ്ങളെ ആധാരമാക്കി കോമഡി പ്രധാന്യം നല്‍കി ചെയ്തിരിക്കുന്ന ചിത്രമാണ്. പിന്നെ തിരക്കഥാ കൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് നായകനായ ചിത്രം. മറ്റൊന്ന് ചാക്കൊച്ചനൊപ്പം സുഗീതിന്റെ ചിത്രം. അതൊരു യഥാര്‍ത്ഥ സംഭവുമായി ബന്ധപ്പെട്ട ചിത്രമാണ്. പക്ഷെ രസകരമായാണ് പറയുന്നതെന്ന് മാത്രം.

മൂന്ന് ചിത്രങ്ങളും വളരെ രസകരമാണ്. എന്നാല്‍ അടുത്ത സുഹൃത്ത് കൂടിയായതിനാല്‍ സച്ചിയുടേത് എനിക്ക് കുറച്ചുകൂടി താത്പര്യമുള്ള ഒന്നാണ്. ലക്ഷദ്വീപിലാണ് ഇത് ഷൂട്ട് ചെയ്യുക. ദ്വീപിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്.