| Thursday, 2nd May 2024, 1:35 pm

മോദിയെ വിമര്‍ശിച്ചതിന് സൈബറാക്രമണം; വാരണാസിയില്‍ മത്സരിക്കാനൊരുങ്ങി കൊമേഡിയന്‍ ശ്യാം രംഗീല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കൊനൊരുങ്ങി കോമഡി താരം ശ്യാം രംഗീല. ഈ ആഴ്ച തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ശ്യാം പറഞ്ഞു.

മോദിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് എക്സിലൂടെയാണ് താരം അറിയിച്ചത്. മോദിക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് ശ്യാം രംഗീലയുടെ നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.

‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ വാരണാസിയില്‍ നിന്ന് മത്സരിക്കും. എന്നാല്‍ എന്റെ നാമനിര്‍ദേശ പത്രിക ആര് തള്ളുമെന്ന് എനിക്കറിയില്ല,’ മറ്റൊരു പോസ്റ്റില്‍ ശ്യാം രംഗീല ചൂണ്ടിക്കാട്ടി.

‘2014ല്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയായിരുന്നു. അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് നിരവധി വീഡിയോകള്‍ ഞാന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിക്കും അരവിന്ദ് കെജ്രിവാളിനുമെതിരെയും ഞാന്‍ വീഡിയോ ചെയ്തിരുന്നു.

‘അടുത്ത 70 വര്‍ഷത്തേക്ക് ബി.ജെ.പിക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളുവെന്നും പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി സ്ഥിതി മാറി. ഇനി ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കും,’ മാധ്യമപ്രവര്‍ത്തകരോട് ശ്യാം രംഗീല പ്രതികരിച്ചു.

അടുത്തിടെ മോദിയെ വിമര്‍ശിച്ചതിന് വ്യാപകമായി സൈബറാക്രമണം നേരിട്ട വ്യക്തി കൂടിയാണ് രാജസ്ഥാനിലെ ഹനുമാന്‍ഗഢ് സ്വദേശിയായ ശ്യാം രംഗീല. നരേന്ദ്ര മോദിയുടേതിന് സമാനമായ വസ്ത്രം ധരിച്ച്, ജലാന പുള്ളിപ്പുലി സങ്കേതത്തില്‍ നീല്‍ഗായ് മൃഗത്തിന് ഭക്ഷണം നല്‍കുന്ന ശ്യാമിന്റെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ താരത്തിന് വനം വകുപ്പ് നോട്ടീസും അയച്ചിരുന്നു. സംഭവത്തില്‍ വലിയ സൈബറാക്രമണവും താരം നേരിടേണ്ടി വന്നു.

വാരണാസി മണ്ഡലത്തില്‍ ജൂണ്‍ ഒന്നിനാണ് വോട്ടെടുപ്പ് നടക്കുക.

Content Highlight: Comedian Shyam Rangeela is all set to contest against Narendra Modi in Varanasi

Latest Stories

We use cookies to give you the best possible experience. Learn more