ദുബായ്: സ്റ്റേജ് ഷോയ്ക്കിടെ സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുഴഞ്ഞുവീണു മരിച്ചു. ഇന്ത്യന്‍ വംശജനായ മഞ്ജുനാഥ് നായിഡുവാണ് (36) ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു മരണമെങ്കിലും ഇന്നാണ് ദേശീയമാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തത്.
മഞ്ജുനാഥ് ഷോയ്ക്കിടെ തളര്‍ന്നുവീണെങ്കിലും തമാശ കാണിക്കുകയാണെന്ന ധാരണയില്‍ ആളുകള്‍ ആദ്യമതു കാര്യമാക്കിയില്ല. പിന്നീട് സംഭവം ഗൗരവമാണെന്നു മനസ്സിലാക്കി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദുബായിലെ ഒരു വേദിയില്‍വെച്ചായിരുന്നു സംഭവം.
കുടുംബത്തെക്കുറിച്ചും പിതാവിനെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് തളര്‍ച്ച അനുഭവപ്പെട്ടത്. തുടര്‍ന്ന് ഒരു ബെഞ്ചിലിരുന്നെങ്കിലും കുഴഞ്ഞുവീണു. വിഷാദത്തെ താന്‍ അതിജീവിച്ചതെങ്ങനെ എന്നതായിരുന്നു തമാശരൂപേണ കാണികളിലേക്കെത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചത്.
അബുദാബിയില്‍ ജനിച്ച മഞ്ജുനാഥ് ഏറെക്കാലമായി ദുബായിലാണു താമസിക്കുന്നത്. മാതാപിതാക്കള്‍ നേരത്തേതന്നെ മരിച്ചിരുന്നു. ഒരു സഹോദരനുണ്ട്.