ന്യൂദല്‍ഹി: മുന്‍ കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് രാജ്യം. എന്നാല്‍ മരിക്കുന്നതിന് ഏതാണ്ട് രണ്ട് മണിക്കൂര്‍ മുന്‍പ് സുഷമ തന്നെ വിളിച്ചിരുന്നെന്നും ഏറെ നേരം സംസാരിച്ച ശേഷമാണ് ഫോണ്‍ വെച്ചതെന്നും അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പറയുന്നു.
അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ കുല്‍ഭൂഷണ്‍ ജാദവ് കേസ് വാദിച്ചതിന്റെ പ്രതിഫല തുകയായ ഒരു രൂപ വാങ്ങാന്‍ നാളെ രാവിലെ വരണമെന്ന് പറഞ്ഞാണ് സുഷമ സംസാരം അവസാനിപ്പിച്ചതെന്നും സാല്‍വെ പറയുന്നു.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സുഷമ ജി വിളിച്ചിരുന്നെന്ന് ഹരീഷ് സാല്‍വെ ടൈംസ് നൗവിനോട് പ്രതികരിച്ചത്.
” 8. 50 നാണ് സുഷമ ജി വിളിച്ചത്. വളരെ വൈകാരികമായിട്ടായിരുന്നു അവര്‍ സംസാരിച്ചത്. അവരെ വന്ന് കാണണമെന്ന് ആവശ്യപ്പെട്ടു. നിങ്ങള്‍ വിജയിച്ച കേസിന്റെ പ്രതിഫലമായ ഒരു രൂപ നല്‍കേണ്ടതുണ്ടെന്നും പറഞ്ഞു. തീര്‍ച്ചയായും ആ പ്രതിഫലം വാങ്ങാന്‍ ഞാന്‍ എത്തുമെന്നും അത് തീര്‍ച്ചയായും മൂല്യമുള്ള ഫീസായി താന്‍ കണക്കാക്കുമെന്നും മറുപടി നല്‍കി. ശരി, നാളെ രാവിലെ ആറ് മണിക്ക് വരൂ എന്ന് പറഞ്ഞാണ് സുഷമ ജി സംസാരം അവസാനിപ്പിച്ചത്”- ഹരീഷ് സാല്‍വെ പറയുന്നു.