ആഴ്ച്ചയില്‍ അഞ്ച് ദിവസം ഓഫീസിലെത്തണം, പറ്റില്ലെങ്കില്‍ ജോലിക്ക് വരേണ്ട; യു.എസ് ഫെഡറല്‍ ജീവനക്കാരോട് മസ്‌ക്
World News
ആഴ്ച്ചയില്‍ അഞ്ച് ദിവസം ഓഫീസിലെത്തണം, പറ്റില്ലെങ്കില്‍ ജോലിക്ക് വരേണ്ട; യു.എസ് ഫെഡറല്‍ ജീവനക്കാരോട് മസ്‌ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th November 2024, 8:40 am

വാഷിങ്ടണ്‍: ആഴ്ച്ചയില്‍ അഞ്ച് ദിവസം ഓഫീസില്‍ നേരിട്ടെത്തി ജോലി ചെയ്യാത്ത ഫെഡറല്‍ ഓഫീസര്‍മാരെ പിരിച്ചു വിടുമെന്ന് യു.എസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ട്രംപിന്റ കാബിനറ്റില്‍ സുപ്രധാന പദവി ലഭിച്ച ഇലോണ്‍ മസ്‌കും വിവേക് രാമസ്വാമിയും ഉള്‍പ്പെടുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ ചെലവ് ചുരുക്കല്‍ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം എന്നാണ് സൂചന.

വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള വര്‍ക്ക് ഫ്രം ഹോം സംവിധാനം കൊവിഡ് കാലത്ത് മാത്രമുള്ളതായിരുന്നെന്നും അല്ലാത്തപക്ഷം അമേരിക്കയിലെ നികുതി ദായകരുടെ പണം ഇത്തരത്തില്‍ വീട്ടില്‍ ഇരുന്ന് വര്‍ക്ക് ചെയ്യേണ്ടവര്‍ക്ക് ശമ്പളമായി നല്‍കേണ്ടതില്ലെന്നാണ് ഇരുവരുടേയും അഭിപ്രായം.

ഭരണകൂടത്തിന്റെ ചെലവുകള്‍ ഏകദേശം രണ്ട് ട്രില്യനോളം വെട്ടിക്കുറയ്ക്കുന്നതിനായാണ് ട്രംപ് അധികാരത്തില്‍ എത്തിയപ്പോള്‍ ഗവണ്‍മെന്റ് എഫിഷ്യന്‍സി (DOGE) വകുപ്പ് സ്ഥാപിച്ചത്.

സ്പേസ് എക്സിന്റെയും ടെസ്‌ലയുടെയും സ്ഥാപകനും സി.ഇ.ഒയുമായ മസ്‌ക്, ട്രംപിന്റെ പ്രചാരണത്തിനായി ഏകദേശം 200 മില്യണ്‍ പൗണ്ടാണ്‌ സംഭാവന ചെയ്തത്. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ട്രംപിനൊപ്പം മുന്‍നിരയില്‍ ഉണ്ടായിരുന്ന വിവേക് രാമസ്വാമി പിന്നീട് മത്സര രംഗത്ത് നിന്ന് പിന്മാറിയശേഷം ട്രംപിനൊപ്പം ചേരുകയായിരുന്നു.

‘ഫെഡറല്‍ ബ്യൂറോക്രസിയില്‍ നിന്ന് ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് ഇരുവരും നേരത്തെ തന്നെ വ്യക്തമാക്കിയതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ക്ക് ഫ്രം ഹോം വഴി ജോലി ചെയ്തിരുന്ന സിവില്‍ ജീവനക്കാരെയാണ് ഇവര്‍ ഈ നീക്കത്തിലുടെ ലക്ഷ്യമിട്ടിരുന്നത്.

‘ഫെഡറല്‍ ജീവനക്കാര്‍ ജോലിക്ക് തിരികെ ഹാജരാകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അമേരിക്കന്‍ നികുതിദായകര്‍ അവര്‍ക്ക് പണം നല്‍കേണ്ടതില്ല,’ ഇരുവരും വാള്‍ സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ ലേഖനത്തില്‍ പറയുന്നു. ഇതിന് പുറമെ ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ വാഷിങ്ടണില്‍ നിന്ന് മാറ്റാന്‍ ട്രംപ് ആഗ്രഹിക്കുന്നതായും ഇരുവരും വെളിപ്പെടുത്തിയിരുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണവേളയിലുടനീളം ട്രംപിനൊപ്പം ഇലോണ്‍ മസ്‌ക് നിലയുറച്ച് നിന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പാം ബീച്ച് കൗണ്ടിയില്‍ വെച്ച് അണികളോട് സംസാരിച്ച ട്രംപ് മസ്‌കിന്റെ പിന്തുണയെക്കുറിച്ച് എടുത്ത് പറയുകയും മസ്‌ക് ഒരു അമാനുഷിക മനുഷ്യന്‍ ആണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ട്രംപ് അധികാരത്തില്‍ എത്തിയാല്‍ മസ്‌കിന് സുപ്രധാന ചുമതലകള്‍ ലഭിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ സമയത്ത് മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും പിന്നീട് ട്രംപിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. പാലക്കാട് വടക്കാഞ്ചേരി സ്വദേശികളായ ഗണപതി അയ്യരുടേയും ഗീത രാമസ്വാമിയുടേയും മകനാണ് വിവേക്.

Content Highlight: Come to the office five days a week, if you can’t, don’t come to work; Musk to US Federal Employees