പ്രധാനമന്ത്രീ... നിങ്ങള്‍ ഈ തെരുവിലെ മൃതദേഹങ്ങള്‍ കാണണം; രൂക്ഷവിമര്‍ശനവുമായി വീണ്ടും ഓസ്‌ട്രേലിയന്‍ കമന്റേറ്റര്‍
ipl 2021
പ്രധാനമന്ത്രീ... നിങ്ങള്‍ ഈ തെരുവിലെ മൃതദേഹങ്ങള്‍ കാണണം; രൂക്ഷവിമര്‍ശനവുമായി വീണ്ടും ഓസ്‌ട്രേലിയന്‍ കമന്റേറ്റര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th May 2021, 6:45 pm

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും കമന്റേറ്റര്‍ മൈക്കേല്‍ സ്ലാട്ടര്‍. മോറിസണ്‍ സ്വകാര്യ വിമാനത്തില്‍ കയറി ഇന്ത്യയിലെത്തണം ഇവിടത്തെ പ്രതിസന്ധി നേരിട്ട് കണ്ട് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തതിലാണ് സ്ലാട്ടറിന്റെ വിമര്‍ശനം.


‘ഇന്ത്യയിലുള്ള ഓരോ ഓസ്ട്രേലിയക്കാരന്റെയും പരിഭ്രാന്തിയും ഭയവും വാസ്തവമാണ്. നിങ്ങളുടെ സ്വകാര്യ ജെറ്റ് എടുത്ത് ഇവിടേക്ക് വരൂ, ഈ തെരുവിലെ മൃതദേഹങ്ങള്‍ കാണൂ’, സ്ലാട്ടര്‍ ട്വീറ്റ് ചെയ്തു.


ഓസീസ് സര്‍ക്കാരിന്റെ അനുമതിയോടെയാണ് താന്‍ ഇന്ത്യയിലെത്തിയതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി നിരുത്തരവാദപരമാണെന്ന് സ്ലാട്ടര്‍ നേരത്തെ പറഞ്ഞിരുന്നു.

മേയ് 15 വരെയാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്ട്രേലിയ നിരോധനം ഏര്‍പ്പെടുത്തിയത്. നേരത്തെ ഐ.പി.എല്ലിനായി ഇന്ത്യയിലെത്തിയ ഓസ്ട്രേലിയന്‍ താരങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെതിരെ രൂക്ഷമായാണ് സ്ലാട്ടര്‍ പ്രതികരിച്ചത്.


‘നമ്മുടെ സര്‍ക്കാര്‍ ഓസ്ട്രേലിയക്കാരെ പരിഗണിക്കുന്നുണ്ടെങ്കില്‍ അവരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കണം. ഇത് അപമാനമാണ്. നിങ്ങളുടെ കൈകളില്‍ രക്തം കലര്‍ന്നിരിക്കുന്നു പ്രധാനമന്ത്രീ..! ഞങ്ങളോട് ഇത്തരത്തില്‍ പെരുമാറാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു. ഐ.പി.എല്ലില്‍ പങ്കുചേരാന്‍ എനിക്ക് സര്‍ക്കാരിന്റെ അനുമതിയുണ്ടായിരുന്നു, ഇപ്പോള്‍ അവര്‍ അത് നിരസിക്കുന്നു,’ സ്ലാട്ടര്‍ പറഞ്ഞു.

സ്ലാട്ടറിനെ കൂടാതെ ബ്രെറ്റ് ലീയും ഐ.പി.എല്‍ കമന്റേറ്ററായി ഇന്ത്യയിലെത്തിയിരുന്നു. അതേസമയം രോഗവ്യാപനത്തെ തുടര്‍ന്ന് ഐ.പി.എല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Come and witness dead bodies on the street’: Slater slams Australian PM again