ഉന്നാവോ: ഉന്നാവോ സംഭവത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിക്കുമ്പോള്‍, പൊലീസിന്റെ അനാസ്ഥ വെളിവാക്കി ഉന്നാവോയില്‍ത്തന്നെ മറ്റൊരു സംഭവം കൂടി. ഉന്നാവോയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ ലൈംഗികാക്രമണ ശ്രമം നടന്നെന്ന പരാതിയുമായിച്ചെന്ന യുവതിയോട്, ‘പീഡനം നടന്നില്ലല്ലോ, അതു നടന്നശേഷം വരൂ’ എന്നായിരുന്നു ഒരു പൊലീസുകാരന്റെ മറുപടി.
ഉന്നാവോ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തിയ അതേ ഹിന്ദുപുര്‍ ഗ്രാമത്തില്‍ നിന്നുള്ള യുവതിയാണ് പൊലീസില്‍ പരാതിയുമായെത്തിയത്. എന്നാല്‍ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി യുവതി തന്നെ രംഗത്തെത്തുകയായിരുന്നെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
മാസങ്ങള്‍ക്കു മുന്‍പ് അതേ ഗ്രാമത്തിലുള്ള മൂന്നുപേര്‍ ചേര്‍ന്നു തന്നെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
‘മരുന്നു വാങ്ങിക്കാനായാണു ഞാന്‍ പുറത്തിറങ്ങിയത്. വഴിയില്‍ വെച്ച് ഈ മൂന്നുപേര്‍ എന്നെ തടഞ്ഞുനിര്‍ത്തി. അവര്‍ വസ്ത്രം അഴിച്ചുമാറ്റാനും എന്നെ ആക്രമിക്കാനും ശ്രമിച്ചു.’-യുവതി പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്.
‘കഴിഞ്ഞ മൂന്നുമാസമായി തുടര്‍ച്ചയായി ഞാന്‍ പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങാറുണ്ട്. പക്ഷേ കാര്യമുണ്ടായിട്ടില്ല. അതിനുശേഷം 1090 എന്ന നമ്പരില്‍ വിമണ്‍ ഹെല്‍പ്പ് ലൈനില്‍ വിളിച്ചു. അവര്‍ 100-ല്‍ വിളിക്കാനോ ഉന്നാവോ പൊലീസില്‍ പരാതി നല്‍കാനോ ആണു പറയുന്നത്.
അതിനുശേഷം എല്ലാദിവസവും അവര്‍ മൂന്നുപേരും എന്റെ വീട്ടില്‍ വന്നു ഭീഷണിപ്പെടുത്തും. പരാതി നല്‍കിയാല്‍ അതിന്റെ ഫലം അനുഭവിക്കുമെന്ന് അവര്‍ പറഞ്ഞു.’- യുവതി വിശദീകരിച്ചു.
ഉന്നാവോയില്‍ ലൈംഗികാക്രമണത്തിന് ഇരയാവുകയും പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം തീകൊളുത്തി കൊല്ലുകയും ചെയ്ത പെണ്‍കുട്ടിക്കു നീതി ലഭിക്കണമെന്ന ആവശ്യവുമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം നടക്കുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വെള്ളിയാഴ്ച രാത്രി 11.40-നു ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ചായിരുന്നു പെണ്‍കുട്ടി മരിച്ചത്.