Advertisement
Kerala News
കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന ഗ്യാങ്ങിസം - അരാജകത്വം - ലഹരി - അക്രമവാസന തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവണതകളെ ചെറുക്കുക: എസ്. എഫ്. ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 01, 01:08 pm
Saturday, 1st March 2025, 6:38 pm

 

തിരുവനന്തപുരം: കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന ഗ്യാങ്ങിസം – അരാജകത്വം – ലഹരി – അക്രമവാസന തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവണതകളെ ചെറുക്കണമെന്ന് എസ്. എഫ്. ഐ. കേരളത്തിലെ സ്‌കൂളുകളിലെ കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗ്യാങ്ങിസം, ലഹരി ഉപയോഗം, അക്രമവാസന, അരാജകത്വം തുടങ്ങിയ അരാഷ്ട്രീയ പ്രവണതകള്‍ വ്യാപകമാകുന്നതിന്റെ ദുരന്തഫലങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെന്നും എസ്.എഫ്.ഐ ഫേ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കോഴിക്കോട് താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് സമപ്രായക്കാരായ വിദ്യാര്‍ഥികളുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ട ദാരുണ സംഭവം ടീനേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രൂപപ്പെടുന്ന ദുഷ്പ്രവണതകളുടെ ഭീകരത വ്യക്തമാക്കുന്ന ഉദാഹരണങ്ങളില്‍ ഒടുവിലത്തേത് മാത്രമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ നടന്ന ഫെയര്‍വെലില്‍ ഉണ്ടായ നിസാര തര്‍ക്കങ്ങളാണ് പിന്നീടുള്ള ദിവസം ഗുരുതരമായ സംഘര്‍ഷത്തിലേക്കും ഷഹബാസിന്റെ മരണത്തിലേക്കും നയിച്ചതെന്നും പോസ്റ്റില്‍ പറയുന്നു.

സമപ്രായക്കാരായ വിദ്യാര്‍ത്ഥികളെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുവാന്‍ നവമാധ്യമ ഗ്രൂപ്പുകള്‍ രൂപീകരിച്ച് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുകയും, സംഭവശേഷം ലവലേശം കുറ്റബോധമില്ലാത്ത നിലയില്‍ പ്രതികരിക്കുകയും ചെയ്യുന്ന നിലയിലുള്ള ക്രിമിനല്‍ മനോഭാവം ടീനേജ് വിദ്യാര്‍ത്ഥികളില്‍ രൂപപ്പെടുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും പോസ്റ്റില്‍ പറയുന്നു.

കാസര്‍കോട് നഗരത്തിലെ ഒരു വിദ്യാലയത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫെയര്‍വെല്‍ പരിപാടിക്ക് ലഹരി പാര്‍ട്ടി ഒരുക്കുകയും, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പിടികൂടാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത വാര്‍ത്തയും നമ്മുടെ മുന്നിലുണ്ടെന്നും എസ്.എഫ്.ഐ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് സിന്തറ്റിക് ലഹരി വസ്തുക്കള്‍ ലഭ്യമാക്കുന്ന വിപണന സ്രോതസ്സുകളെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ കാരിയറായി ഉപയോഗിക്കുന്ന ഡ്രഗ് മാഫിയ സംഘങ്ങളെയും ഇല്ലാതാക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണെന്നും എസ്.എഫ്.ഐ ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികളില്‍ ആശയ – പ്രത്യയശാസ്ത്ര ധാരണകളും സംഘടനാബോധവും രൂപപ്പെടുത്താനുതകുന്ന
വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും, അതുവഴി അരാഷ്ട്രീയ – അരാജക ഗ്യാങ്ങുകളെ വളര്‍ത്താന്‍ ഇടയാക്കുകയും ചെയ്ത ഭരണകൂട ഇടപെടലുകളുമുണ്ടെന്നും എസ്.എഫ്.ഐ പറഞ്ഞു. വലതുപക്ഷ ബുദ്ധിജീവികളും മാധ്യമങ്ങളും നിര്‍മ്മിച്ചെടുത്ത വിദ്യാര്‍ത്ഥി രാഷ്ട്രീയ വിരുദ്ധ അരാഷ്ട്രീയ പൊതുബോധവും മൂലം സംഭവിക്കാനിടയുള്ള അപകടങ്ങളെ സംബന്ധിച്ച് എസ്.എഫ്.ഐ. കാലങ്ങളായി നല്‍കുന്ന മുന്നറിയിപ്പുകള്‍ ശരിവെക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്കും കലാ, കായിക, സന്നദ്ധ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലേക്കും വിദ്യാര്‍ത്ഥികളെ കൈപിടിച്ചു കൊണ്ടുവരേണ്ടതിന്റെ അനിവാര്യതയാണ് നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങളിലൂടെ വെളിവാകുന്നതെന്നും അവര്‍ വ്യക്തമാക്കി.

അതോടൊപ്പം സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ ബിസിനസ് വളര്‍ച്ച മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന അതിരുവിട്ട ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും, ഒരു വിദ്യാഭ്യാസ സ്ഥാപനമെന്നുള്ള നിലയില്‍ അച്ചടക്കത്തെയും അക്കാദമിക് അന്തരീക്ഷത്തെയും ഗൗരവ രൂപത്തില്‍ സംവിധാനിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത കൂടി ഈ സംഭവം ചൂണ്ടിക്കാട്ടുന്നതായും എസ്.എഫ്.ഐ കൂട്ടിച്ചേര്‍ത്തു.

‘കൗമാരപ്രായമെന്നത് അനേകം മാനസിക – വൈകാരിക പ്രക്ഷുബ്ധതയിലൂടെ കുട്ടികള്‍ കടന്നു പോകുന്ന ജീവിതഘട്ടമാണെന്നും ദേഷ്യവും ആവേശവും വാശിയും വൈരാഗ്യവുമെല്ലാം പ്രതികാര മനോഭാവത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയും നിയന്ത്രണ വിധേയമാവാതിരിക്കുകയും ചെയ്യാനുള്ള സാധ്യത ഈ പ്രായക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

അപകടകരമായ അക്രമവാസനകളിലേക്ക് നയിക്കപ്പെടാന്‍ ഇടയുള്ള ഈ കൗമാരകാലത്തെ വിദ്യാര്‍ത്ഥികളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കുകയും സ്‌കൂള്‍തലം മുതല്‍ ബോധവത്ക്കരണങ്ങള്‍, പ്രത്യേകശ്രദ്ധ വേണ്ട വിഷയങ്ങളില്‍ ആവശ്യമായ കൗണ്‍സിലിങ്ങുകള്‍ തുടങ്ങിയവ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്.

പുതുതലമുറയില്‍ വ്യാപകമാകുന്ന അക്രമ-അരാഷ്ട്രീയ പ്രവണതകള്‍ക്കെതിരായി ഭരണകൂട സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും, ശക്തമായ നിയമ നടപടികളിലൂടെയും ബോധവല്‍ക്കരണങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ നേര്‍ദിശയിലേക്ക് നയിക്കാനുതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും, സക്രിയവും സര്‍ഗാത്മാകവുമായ തലമുറയുടെ സൃഷ്ടിപ്പിന് വേണ്ടി
സമൂഹസാക്ഷി ഉണര്‍ന്ന് പ്രവര്‍ത്തിക്കണം,’ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് എം. ശിവപ്രസാദ്, സെക്രട്ടറി പി. എസ്. സഞ്ജീവ് എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപെട്ടു.

Content Highlight: Combating anti-social tendencies like gangism, anarchy, drunkenness and violence among adolescent students: S. F. I.