| Saturday, 14th December 2019, 8:12 pm

'ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കണം'; ജി.എസ്.ടി 18%ല്‍ നിന്നും 5% ആയി കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് 'കോം ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലെത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ അനുവദിക്കണമെന്നും ഓണ്‍ലൈന്‍ പത്രങ്ങളുടെ ജി.എസ്.ടി 18 ല്‍ നിന്നും 5% ആയി കുറയ്ക്കണമെന്നും മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ ‘കോം ഇന്ത്യ’ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ആര്‍.എന്‍. ഐ നിയമത്തിന്റെ പരിധിയിലാക്കി രജിസ്ട്രേഷനും അക്രഡിറ്റേഷനും അനുവദിക്കണമെന്നാവശ്യപ്പെട്ട് 9 എം.പിമാര്‍ ഒപ്പിട്ട നിവേദനം തോമസ് ചാഴികാടന്‍ എം.പിയും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേലും ചേര്‍ന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് കൈമാറിയത്.

1957 ലെ പഴയ നിയമം പുതുക്കി പുതിയ ‘രജിസ്ട്രേഷന്‍ ഓഫ് പ്രസ് & പീരിയോഡിക്കല്‍സ് ബില്‍ – 2019’ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും ഈ നിയമത്തിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെകൂടി ഉള്‍പ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ബില്ലിന്റെ കരട് തയ്യാറായതായും മന്ത്രി അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള നിലവിലെ ജി.എസ്.ടി പരിധി അച്ചടി മാധ്യമങ്ങള്‍ക്ക് തുല്യമായി 5 ശതമാനത്തിലേക്ക് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് 9 എം.പിമാര്‍ ഒപ്പിട്ട മറ്റൊരു നിവേദനം തോമസ് ചാഴികാടനും വിന്‍സെന്റ് നെല്ലിക്കുന്നേലും ചേര്‍ന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കൈമാറി. വിഷയം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കോം ഇന്ത്യക്ക് വേണ്ടി തോമസ് ചാഴികാടന്‍, വി കെ ശ്രീകണ്ഠന്‍, കെ സുധാകരന്‍, എ എം ആരിഫ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഹൈബി ഈഡന്‍, അഡ്വ. ഡീന്‍ കുര്യാക്കോസ്, രമ്യ ഹരിദാസ്, അടൂര്‍ പ്രകാശ് എന്നീ എം.പിമാരാണ് രണ്ടു നിവേദനങ്ങളിലും ഒപ്പുവച്ചത്. ഓണ്‍ലൈന്‍ മാധ്യമ മേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരളത്തിലെ മുഴുവന്‍ എം.പിമാരും ഒറ്റക്കെട്ടായി രംഗത്തുണ്ടാകുമെന്ന് എം.പിമാര്‍ കോം ഇന്ത്യാ ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി.

We use cookies to give you the best possible experience. Learn more