ഫലസ്തീന്‍ അനുകൂല സംഘടനകളെ സസ്‌പെന്‍ഡ് ചെയ്ത് കൊളംബിയ യൂണിവേഴ്‌സിറ്റി
World
ഫലസ്തീന്‍ അനുകൂല സംഘടനകളെ സസ്‌പെന്‍ഡ് ചെയ്ത് കൊളംബിയ യൂണിവേഴ്‌സിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th November 2023, 5:55 pm

വാഷിങ്ടണ്‍: യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഫലസ്തീന്‍ അനുകൂല സംഘടനകളെ നിരോധിച്ച് കൊളംബിയ യൂണിവേഴ്‌സിറ്റി. ജൂയിഷ് വോയ്‌സ് ഫോര്‍ പീസ് (ജെ.വി.പി) സ്റ്റുഡന്‍സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീന്‍ (എസ്.ജെ.പി) എന്നീ സംഘടനകളെയാണ് യൂണിവേഴ്‌സിറ്റി സസ്‌പെന്‍ഡ് ചെയ്തത്.

ഫലസ്തീനികളെ അനുകൂലിച്ചും ഇസ്രഈല്‍ വ്യോമാക്രമണത്തെ എതിര്‍ത്തും പ്രതിഷേധ പ്രകടനം നടത്തിയതിന് പിന്നാലെയാണ് നടപടി.

ഇരുവശത്തും മരണസംഖ്യ വര്‍ധിക്കുന്നതിലേക്ക് നയിച്ച ഇസ്രഈലിന്റെ വ്യോമാക്രമണത്തിനെതിരെ ജെ.വി.പി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് എസ്.ജെ.പിയും പ്രധിഷേധം നടത്തി.

ക്യാമ്പസിന്റെ നയങ്ങളുടെ ആവര്‍ത്തിച്ചുള്ള ലംഘനത്തിന്റെ ഫലമായാണ് സസ്‌പെന്‍ഷന്‍ എന്നും പ്രകടനത്തില്‍ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യങ്ങളും പോസ്റ്ററുകളുമെല്ലാം ഉപയോഗിച്ചെന്നും യൂണിവേഴ്‌സിറ്റി സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെറാള്‍ഡ് റോസ് ബെര്‍ഗ് പറഞ്ഞു.

‘സസ്‌പെന്‍ഷന്‍ കാലയളവില്‍ ഇരുസംഘടനകള്‍ക്കും ക്യാമ്പസില്‍ പരിപാടികള്‍ നടത്താനോ ധനസഹായം സ്വീകരിക്കാനോ കഴിയില്ല. സര്‍വകലാശാല നയങ്ങള്‍ പാലിക്കാന്‍ ഗ്രൂപ്പുകള്‍ തയ്യാറായാല്‍ നിരോധനം നീക്കാന്‍ സാധിക്കും,’ അദ്ദേഹം കൂട്ടിച്ചെത്തു.

നടപടിക്കെതിരെ പ്രതികരണങ്ങളുമായി സംഘടനകളും വ്യക്തികളും രംഗത്തെത്തി.

വിരട്ടലിന്റെയും ഭീഷണിപ്പെടുത്തലിന്റെയും ഭാഗമായ നടപടിയാണിതെന്ന് ജെ.വി.പിയുടെ സീനിയര്‍ കമ്മ്യൂണിക്കേഷന്‍ മനേജര്‍ സോണിയ മെയേഴ്‌സണ്‍ പറഞ്ഞു. ഗസയിലെ വെടിനിര്‍ത്തലിനും സമാധാനത്തിനും വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ വാദിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യൂണിവേഴ്‌സിറ്റി ജൂതവിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് അവസരം നല്‍കുന്നെന്ന് ആരോപിച്ച് ശതകോടീശ്വരനും ടാല്‍പിയോണ്‍ ഫണ്ട് മാനേജ്‌മെന്റ് സ്ഥാപകനുമായ ഹെന്‍ട്രി സ്വീക കൊളംബിയ ബിസിനസ് സ്‌കൂളില്‍ നിന്ന് രാജിവെച്ചു.

CONTENT HIGHLIGHT : columbia university suspented pro-palastine group