World News
യു.എസില്‍ കൊളംബിയ സര്‍വകലാശാല ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 10, 09:26 am
Monday, 10th March 2025, 2:56 pm

വാഷിങ്ടണ്‍: യു.എസിലെ ക്യാമ്പസുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം പ്രാബല്യത്തില്‍. കഴിഞ്ഞ വര്‍ഷം കൊളംബിയ യൂണിവേഴ്‌സിറ്റിയില് ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മഹ്‌മൂദ് ഖലീലിനെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഖലീലിന്റെ അഭിഭാഷകയായ ആമി ഗ്രീറാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

നിലവില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐ.സി.ഇ)യുടെ കസ്റ്റഡിയില്‍ ആണ് ഖലീല്‍. ഇദ്ദേഹത്തിന്റെ ഗ്രീന്‍കാര്‍ഡ് റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും അഭിഭാഷകന്‍ പറഞ്ഞു.

സിറിയയില്‍ വളര്‍ന്ന ഫലസ്തീന്‍ അഭയാര്‍ത്ഥിയായ മഹ്‌മൂദ് ഖലീല്‍ ക്യാമ്പസിലെ ഫലസ്തീന്‍ അനുകൂല ചര്‍ച്ചകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. കഴിഞ്ഞ വര്‍ഷം ഗസയിലെ യുദ്ധത്തിനും ഇസ്രഈലിനുള്ള യു.എസ് പിന്തുണയ്ക്കുമെതിരെ രാജ്യവ്യാപകമായി നടന്ന ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു കൊളംബിയ സര്‍വകലാശാല.

ശനിയാഴ്ച ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഖലീലിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ അദ്ദേഹം സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു ഉണ്ടായിരുന്നത്.

ഖലീലിന്റെ അറസ്റ്റിനെക്കുറിച്ച് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. അമേരിക്കയിലെ ഹമാസ് അനുകൂലികളുടെ വിസകളും ഗ്രീന്‍ കാര്‍ഡുകളും തങ്ങള്‍ റദ്ദാക്കുമെന്നും അവരെ നാടുകടത്തുമെന്നുമാണ് റൂബിയോ പറഞ്ഞത്.

കഴിഞ്ഞ ദിവസം കൊളംബിയ യൂണിവേഴ്‌സിറ്റിക്ക് നല്‍കി വരുന്ന 400 മില്യണ്‍ ഡോളര്‍ ഫണ്ടും ഗ്രാന്റുകളും റദ്ദാക്കിയതായി ട്രംപ് ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കാമ്പസിലെ ജൂതവിരുദ്ധത അടിച്ചമര്‍ത്തുന്നതില്‍ ഐവി ലീഗ് സ്‌കൂള്‍ പരാജയപ്പെട്ടു എന്നാരോപിച്ചാണ് ഫണ്ട് റദ്ദാക്കിയത്.

യു.എസിലുടനീളം ഇസ്രഈല്‍ വംശഹത്യക്കെതിരെ പൊട്ടിപ്പുറപ്പെട്ട കാമ്പസ് പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു കൊളംബിയ. ഏപ്രിലില്‍ ഫലസ്തീന്‍ അനുകൂല പ്രകടനക്കാര്‍ അവിടെ ഒരു ക്യാമ്പ് സ്ഥാപിക്കുകയും മറ്റ് പല കോളേജുകളിലും സമാനമായ പ്രതിഷേധങ്ങളുടെ ഒരു തരംഗത്തിന് പ്രചോദനം നല്‍കുകയും ചെയ്തു.

നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന കോളേജുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്കുള്ള എല്ലാ ഫെഡറല്‍ ഫണ്ടിങ്ങും വെട്ടിക്കുറയ്ക്കുമെന്ന ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു നടപടി. കലാലയങ്ങളിലെ ഇത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുമെന്നും നാടുകടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇനി വിദ്യാര്‍ത്ഥികള്‍ അമേരിക്കക്കാരാണെങ്കില്‍ അവരുടെ പ്രവര്‍ത്തിയുടെ ഗൗരവമനുസരിച്ച് അറസ്റ്റ് ചെയ്യുകയോ കലാലയത്തില്‍നിന്ന് പുറത്താക്കുകയോ ചെയ്യുമെന്നും ട്രംപ് പറയുകയുണ്ടായി. ഇതിന്റെ ഭാഗമാണ് ഖലീലിന്റെ അറസ്റ്റുമെന്നാണ് സൂചന.

Content Highlight: Columbia University pro-Palestinian activist arrested in US