| Friday, 10th May 2024, 8:43 am

കൊളംബിയ യൂണിവേഴ്‌സിറ്റിക്ക് നൽകിയിരുന്ന എല്ലാ സാമ്പത്തിക സഹായവും നിർത്തിവെയ്ക്കും: പൂർവ്വവിദ്യാർത്ഥികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക് : കൊളംബിയ യൂണിവേഴ്‌സിറ്റിക്ക് നൽകിയിരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും താത്‌ക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ച് കൊളംബിയ യൂണിവേഴ്സിറ്റിയിലെ പൂർവ്വവിദ്യാർത്ഥികൾ പറഞ്ഞു.

തങ്ങൾ മുന്നോട്ട് വെച്ച പതിമൂന്ന് ആവശ്യങ്ങളുടെ ലിസ്റ്റ് നിറവേറ്റുന്നത് വരെ യാതൊരുവിധ സാമ്പത്തിക സഹായവും യൂണിയവേഴ്സിറ്റിക്ക് നൽകില്ലെന്ന് അവർ പറഞ്ഞു. യൂണിവേഴ്സിറ്റിയിലേക്കുള്ള സംഭാവനകൾ നിർത്തുകയാണെന്ന പ്രതിജ്ഞയിൽ പൂർവ്വവിദ്യാർത്ഥികൾ ഏകപക്ഷീയമായി ഒപ്പുവച്ചു.

ഇത് സംബന്ധിച്ച് തങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ടുവെച്ചുള്ള ഒരു കത്ത് അവർ യൂണിവേഴ്‌സിറ്റിക്ക് നൽകുകയും ചെയ്തു. യൂണിവേഴ്സിറ്റി പ്രസിഡന്റ് പ്രസിഡന്റ് നെമറ്റ് മിനോഷെ ഷഫീക്കിനെയും മറ്റ് ട്രസ്റ്റുകളെയുമാണ് കത്തിൽ അഭിസംബോധന ചെയ്യുന്നത്.

ഇസ്രഈൽ സൈനിക അധിനിവേശത്തിൽ നിന്ന് പണം കണ്ടെത്തുന്ന സ്ഥാപനങ്ങളുമായി കൊളംബിയ യൂണിവേഴ്സിറ്റിക്ക് ബന്ധമുണ്ട്. നിരപരാധികളായ ഫലസ്തീൻ ജനതയുടെ കൂട്ടക്കുരുതിയിൽ യൂണിവേഴ്സിറ്റിക്കും പങ്കുണ്ട്. അതിനാൽ യൂണിവേഴ്‌സിറ്റിക്ക് നൽകി വരുന്ന സാമ്പത്തിക സഹായം തങ്ങൾ താത്കാലികമായി നിർത്തിവക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്.

ഇതുവരെ 1600 ഓളം പൂർവ്വവിദ്യാർത്ഥികൾ പ്രതിജ്ഞയിൽ ഒപ്പുവച്ചിട്ടുണ്ട്. ഒപ്പുവെക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയുമാണ്. പുതുതായി ഒപ്പുവെക്കുന്നവരുടെ പേരുകൾ കത്ത് പങ്കുവച്ച വെബ്സൈറ്റ് പ്രസിദ്ധീകരിക്കുന്നുമുണ്ട്.

കത്ത് പ്രസിദ്ധീകരിച്ച സമയത്ത് യൂണിവേഴ്‌സിറ്റിക്ക് ലഭിക്കേണ്ടിയിരുന്ന ഏകദേശം 41 ദശലക്ഷം സാമ്പത്തിക സംഭാവനകളുടെ വരവ് കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

ഇസ്രഈൽ വർണ്ണ വിവേചനം, വംശഹത്യ, ഫലസ്തീൻ അധിനിവേശം എന്നിവയെ അനുകൂലിക്കുന്ന, അവയ്ക്കായി ഒത്താശ നൽകുന്ന എല്ലാ വിധ സ്ഥാപനങ്ങളിൽ നിന്നും യൂണിവേഴ്സിറ്റി തങ്ങളുടെ ബന്ധം പൂർണ്ണമായി നിർത്തണമെന്നാണ് പൂർവ്വവിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്.

അതോടപ്പം ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്മെന്റിന്റെ ക്രൂര മർദനത്തിനിരയായ വിദ്യാർത്ഥികൾക്ക് ചികിത്സ സഹായം യൂണിവേഴ്സിറ്റി നൽകണമെന്നും യൂണിവേഴ്സിറ്റി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നെമറ്റ് മിനോഷെ ഷാഫിയെ പുറത്താക്കണമെന്നുമാണ് മറ്റ് പ്രധാന ആവശ്യങ്ങൾ.

മാസങ്ങളായി നീണ്ടുനിൽക്കുന്ന ഫലസ്തീൻ അനുകൂല സമരത്തിൽ യൂറോപ്യൻ യൂണിവേഴ്സിറ്റികൾ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ പൊലീസ് അതിക്രമിച്ചു കടക്കുകയും നിരവധി വിദ്യാർത്ഥികളെ ആക്രമിക്കുകയും ചെയ്തിരുന്നു.

തങ്ങൾ കഴിഞ്ഞ വർഷം മാത്രമായി 1 .5 ദശലക്ഷം ഡോളർ ഫീസ് ഇനത്തിൽ നൽകിയിട്ടുണ്ടെന്നും അത് എന്തിനാണ് വിനിയോഗിക്കുന്നതെന്നും തങ്ങൾക്ക് അറിയണമെന്ന് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു.

യൂണിവേഴ്സിറ്റികളിൽ ഫലസ്തീനിൻ അനുകൂല വിദ്യാർത്ഥികളോടുള്ള ഭരണകൂടത്തിന്റെ അടിച്ചമർത്തലിനെതിരെയാണ് തങ്ങൾ ഈ പ്രക്ഷോഭം ആരംഭിച്ചതെന്ന് പൂർവ്വവിദ്യാർത്ഥികൾ വ്യക്തമാക്കി.

Content Highlight: Columbia University alumni pledge to withhold financial support over Gaza war

We use cookies to give you the best possible experience. Learn more