| Friday, 29th November 2024, 6:55 pm

'കൊളോണിയല്‍ മനോഭാവം'; ഛത്തീസ്ഗഡിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഛത്തീസ്ഗഡിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ബ്യൂറോക്രാറ്റുകള്‍ക്ക് കൊളോണിയല്‍ മനോഭാവമെന്നാണ് കോടതിയുടെ വിമര്‍ശനം.

ഛത്തീസ്ഗഡിലെ ഒരു വനിതാ സര്‍പഞ്ചിനെ നിയമവിരുദ്ധമായി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഉദ്യോഗസ്ഥരെ വിമര്‍ശിച്ചത്.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കീഴുദ്യോഗസ്ഥരായി കണക്കാക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും തെരഞ്ഞെടുക്കപ്പെട്ട പൊതുസേവകരും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഒരു പൊതുകേന്ദ്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് നിയമസാധുതയുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ വസ്തുത കണ്ടില്ലെന്ന് നടിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥരുടെ നീക്കം ജനപ്രതിനിധികളുടെ സ്വയംഭരണാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ഛത്തീസ്ഗഡ് സര്‍ക്കാര്‍ വനിതാ സര്‍പഞ്ചിന് ഒരു കോടി രൂപ നല്‍കണമെന്നും ഉത്തരവിട്ടു.

2020ല്‍ സജ്ബഹാര്‍ ഗ്രാമപഞ്ചായത്തിന്റെ സര്‍പഞ്ചായി തെരഞ്ഞെടുക്കപ്പെട്ട 27കാരിയാണ് ഛത്തീസ്ഗഡ് സര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

ഛത്തീസ്ഗഡ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ‘പഞ്ചായത്ത് രാജ് അധീനിയം’ പ്രകാരം 2023ല്‍ സര്‍പഞ്ചിനെ തല്‍സ്ഥാനത്ത് നിന്ന് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യുകയായിരുന്നു. പഞ്ചായത്തിലെ ഏതാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നുവെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥര്‍ സര്‍പഞ്ചിനെ പുറത്താക്കിയത്.

ഇതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പുറത്താക്കിയ നടപടിയില്‍ കോടതി ഇളവുകള്‍ നിഷേധിച്ചു.

തുടര്‍ന്നാണ് ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ സര്‍പഞ്ചിന് ഉത്തരവാദിത്തമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ബ്യൂറോക്രാറ്റുകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

Content Highlight: ‘colonial attitude’; Supreme Court against government officials of Chhattisgarh

We use cookies to give you the best possible experience. Learn more