ഇക്വഡോറിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ കൊലപാതകം; പ്രതികളെന്ന് സംശയിക്കുന്നവർ ജയിലിൽ കൊല്ലപ്പെട്ടു
ക്വിറ്റോ: ഇക്വഡോറിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ഫെർണാണ്ടോ വില്ലാവിൻസെൻസോയെ കൊലപ്പെടുത്തിയെന്ന സംശയത്തിൽ ജയിലിൽ കഴിയുകയായിരുന്ന ആറ് കൊളംബിയൻ പൗരന്മാർ കൊല്ലപ്പെട്ടു. ഇക്വഡോറിലെ ഏറ്റവും വലിയ നഗരമായ ഗ്വായക്വിലിലെ ലിറ്റോറൽ ജയിലിൽ വച്ചാണ് വെള്ളിയാഴ്ച കൊലപാതകം നടന്നത്.
തടവറയിലെ കൊലപാതകത്തെ ഇക്വഡോർ സർക്കാർ അപലപിച്ചു. വില്ലാവിൻസെൻസോയുടെ കൊലപാതകികളെന്ന് സംശയിക്കുന്നവർ കൊല്ലപ്പെട്ട സംഭവത്തിൽ സത്യം പുറത്തുകൊണ്ടുവരുമെന്ന് പ്രസിഡന്റ് ഗ്വിലർമോ ലാസോ അറിയിച്ചു. ദക്ഷിണ കൊറിയ സന്ദർശനം മാറ്റിവെക്കുകയാണെന്നും ന്യൂയോർക്കിൽ നിന്ന് മടങ്ങിവരികയാണെന്നും ലാസോ അറിയിച്ചു.
പ്രമുഖ മാധ്യമപ്രവർത്തകനും പിന്നീട് രാഷ്ട്രീയ നേതാവുമായ വില്ലാവിൻസെൻസോ ആഗസ്റ്റ് 9ന് ക്വിറ്റോയിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിനിടയിലായിരുന്നു വെടിയേറ്റ് മരിച്ചത്.
ഇക്വഡോറിലെ ഒരു ഗുണ്ടാ നേതാവിന്റെ ദൂതൻ തന്നെ ബന്ധപ്പെടുകയും തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ലോസ് ചോനെറോസ് സംഘത്തെ കുറിച്ച് പരാമർശിക്കുന്നത് നിർത്തണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതായി വില്ലാവിൻസെൻസോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മുമ്പ് ശാന്തമായ രാഷ്ട്രമായിരുന്ന ഇക്വഡോർ, ലോകത്തെ ഏറ്റവും വലിയ കോക്കൈൻ ഉത്പാദകരായ കൊളംബിയയിലെയും പെറുവിലെയും മാഫിയ സംഘങ്ങളുടെ സംഘർഷങ്ങളിൽ പെട്ടുപോവുകയായിരുന്നു.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ആക്രമണങ്ങളിൽ 2021ന് ശേഷം 430 പേർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ആഗസ്റ്റിൽ ജയിൽ ഗാർഡുകളെ തടവറയിൽ ബന്ധികളാക്കിയ നിരവധി സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Content Highlight: Colombians held over Ecuador presidential candidate’s murder slain in jail