| Monday, 9th October 2023, 1:52 pm

ഇസ്രഈലി കുട്ടികള്‍ക്ക് സമാധാനത്തോടെ ഉറങ്ങണമെങ്കില്‍ ഫലസ്തീന്‍ കുട്ടികള്‍ സമാധാനത്തോടെ ഉറങ്ങണം; കൊല്ലപ്പെട്ട ഫലസ്തീന്‍ കുട്ടികളുടെ ചിത്രം പങ്കുവെച്ച് കൊളംബിയന്‍ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: ഇസ്രഈല്‍- ഹമാസ് ഏറ്റമുട്ടലില്‍ പ്രതികരണവുമായി കൊളബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. ഫലസ്തീന്‍ കുട്ടികള്‍ക്ക് സമാധാനത്തോടെ ഉറങ്ങാനുള്ള ഏക മാര്‍ഗം ഇസ്രഈലി കുട്ടികള്‍ സമാധാനത്തോടെ ഉറങ്ങുക എന്നതാണെന്ന് ഗുസ്താവോ പെട്രോ എക്‌സില്‍ കുറിച്ചു. അധിനിവേശം മൂലം കൊല്ലപ്പെട്ട ഫലസ്തീന്‍ കുട്ടികളുടെ ചിത്രവും ഇതിനൊപ്പം ഗുസ്താവോ പെട്രോ പങ്കുവെച്ചിട്ടുണ്ട്.

‘ഫലസ്തീന്‍ കുട്ടികള്‍ക്ക് സമാധാനത്തോടെ ഉറങ്ങാനുള്ള ഏക മാര്‍ഗം ഇസ്രഈലി കുട്ടികള്‍ സമാധാനത്തോടെ ഉറങ്ങുക എന്നതാണ്. ഇസ്രഈലി കുട്ടികള്‍ക്ക് സമാധാനത്തോടെ ഉറങ്ങാനുള്ള ഒരേയൊരു മാര്‍ഗ്ഗം ഫലസ്തീന്‍ കുട്ടികള്‍ സമാധാനത്തോടെ ഉറങ്ങുക എന്നതാണ്.

യുദ്ധം കൊണ്ട് ഇതൊരിക്കലും നേടാനാവില്ല. അന്താരാഷ്ട്ര നിയമസാധുതയെയും രണ്ട് ജനതകളുടെ സ്വതന്ത്രമായി നിലനില്‍ക്കാനുള്ള അവകാശത്തെയും മാനിക്കുന്ന ഒരു സമാധാന ഉടമ്പടിയിലൂടെ മാത്രമേ ഇത് നടക്കുകയുള്ളൂ. തങ്ങളുടെ ദേശത്ത് അനധികൃത അധിനിവേശത്താല്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ കുട്ടികളുടെ ചിത്രങ്ങളാണിത്,’ ഗുസ്താവോ പെട്രോ എക്‌സില്‍ കുറിച്ചു.

അതേസമയം ഇസ്രഈല്‍- ഹമാസ് പോരാട്ടം തുടരുകയാണ്. ഗസയില്‍ പ്രവേശിച്ച ഹമാസിനെതിരെ കരയുദ്ധം നടത്താന്‍ ഒരുങ്ങുകയാണ് ഇസ്രഈല്‍. 48 മണിക്കൂറിനകം ഗസയിലേക്ക് കടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായി ഒരുലക്ഷം റിസര്‍വ് സൈനികരെ ഇസ്രഈല്‍ വിന്യസിച്ചു. അതിര്‍ത്തിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി.

ഗസയിലെ ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ ഇതുവരെ 400ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 2000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രഈലിനുള്ളില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഇതില്‍ 73 പേര്‍ ഇസ്രഈല്‍ സൈനികരാണ്.

Content Highlight: Colombian President Gustavo Petro reacts to Israel-Hamas issue

Latest Stories

We use cookies to give you the best possible experience. Learn more