| Sunday, 22nd December 2024, 12:58 pm

ആരോഗ്യനയ ചര്‍ച്ചക്കിടെ പാര്‍ലമെന്റില്‍ ഇ-സിഗരറ്റ് വലിച്ച് കൊളംബിയന്‍ എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബൊഗോട്ട: ആരോഗ്യസംരക്ഷണ ചര്‍ച്ചക്കിടെ പാര്‍ലമെന്റില്‍ ഇലക്ട്രോണിക് സിഗരറ്റ് വലിച്ച് കൊളമ്പിയന്‍ എം.പി കാത്തി ജുവിനാവോ. ജനപ്രതിനിധി സഭയില്‍ നടന്ന കൊളംബിയന്‍ ആരോഗ്യനയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് സംഭവം.

ഡിസംബര്‍17നാണ് ചര്‍ച്ച നടന്നത്. യോഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടതിന് പിന്നാലെയാണ് എം.പി യോഗത്തിനിടെ സിഗരറ്റ് വലിക്കുന്നത് ശ്രദ്ധിക്കപ്പെട്ടത്. ബൊഗോട്ടയില്‍ നിന്നുള്ള ഗ്രീന്‍ അലയന്‍സ് പാര്‍ട്ടിയുടെ എം.പിയാണ് ജുവിനാവോ.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍, ജുവിനാവോ സിഗരറ്റ് വലിക്കുന്നതായി കാണാം. പെട്ടെന്ന് ക്യാമറ കാണുന്ന കാത്തി പുക വേഗത്തില്‍ വലിച്ചെടുത്ത് ഗാഡ്‌ജെറ്റ് മറക്കുകയും ചെയ്യുന്നുണ്ട്. സഭയില്‍ സംസാരിക്കുന്നതിന് മുന്നോടിയായാണ് കാത്തി സിഗരറ്റ് വലിച്ചത്.

ഇതിനുപിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് എം.പിക്കെതിരെ ഉയര്‍ന്നത്. നടപടി ഒരു തരത്തില്‍ വിരോധാഭാസമാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. ജുവിനാവോ രാജിവെക്കണമെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നു.

രാജ്യത്തോടും പാര്‍ലമെന്റിനോടും എം.പി അനാദരവ് കാണിച്ചുവെന്നും പൗരന്മാരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കികൊണ്ടുള്ള സര്‍ക്കാര്‍ നടപടികള്‍ക്കിടയിലാണ് ജുവിനാവോ സിഗരറ്റ് വലിച്ചതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

പാര്‍ലമെന്ററി ചേംബറുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പുകവലി നിരോധിച്ചിരിക്കെയാണ് എം.പിയുടെ നീക്കം.

മാസങ്ങള്‍ക്ക് മുമ്പ് പ്രസിഡന്റ് ഗുസ്താവോ പെട്രോ, രാജ്യത്ത് സിഗരറ്റുകളുടെ വില്‍പനയും ഉപയോഗവും നിയന്ത്രിക്കുന്ന നിയമം പാസാക്കിയിരുന്നു. ഇതില്‍ വേപ്പിങ് ഉപകരണങ്ങളും നിയന്ത്രിക്കപ്പെടുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റിനുള്ളില്‍ എം.പി സിഗരറ്റ് വലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.

സംഭവം വിവാദമായതോടെ എം.പി കാത്തി ജുവിനാവോ സമൂഹ മാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തി. ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും രാജ്യത്തെ പൗരന്മാരോട് മാപ്പ് ചോദിക്കുന്നതായും എം.പി പറഞ്ഞു.

ഇനിമുതല്‍ താനൊരു മോശം ഉദാഹരണത്തിന്റെ ഭാഗമാകില്ലെന്നും സഭയില്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും എം.പി കൂട്ടിച്ചേര്‍ത്തു.

Content Highlight: Colombian MP smokes e-cigarette in parliament during health policy debate

We use cookies to give you the best possible experience. Learn more