ബൊഗോട്ട: ഇസ്രഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ എംബസി തുറക്കുമെന്ന് കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ. ഇസ്രഈലുമായുള്ള മുഴുവന്‍ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചതിന് പിന്നാലെയാണ് കൊളംബിയയുടെ പുതിയ തീരുമാനം.
ഗുസ്താവോ പെട്രോയുടെ പ്രഖ്യാപനം ലോകരാഷ്ട്രങ്ങള്‍ക്കുള്ള പാഠമാണെന്ന രീതിയില്‍ പ്രതികരണങ്ങള്‍ ഉയരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗുസ്താവോ പെട്രോ
വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ തങ്ങളുടെ എംബസി തുറക്കുമെന്നാണ് ഗുസ്താവോ പെട്രോ പ്രഖ്യാപിച്ചത്. എംബസി തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പെട്രോ നിര്‍ദേശം നല്‍കിയതായി കൊളംബിയ വിദേശകാര്യ മന്ത്രി ലൂയിസ് ഗില്‍ബെര്‍ട്ടോ മുറില്ലോ പറഞ്ഞു.
കൂടാതെ സെന്റ് വിന്‍സെന്റിലും ഗ്രനേഡൈന്‍സിലും നടന്ന പ്രാദേശിക നേതാക്കളുടെ യോഗത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നതിന് പെട്രോ പിന്തുണ നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാനുള്ള യു.എന്‍ സുരക്ഷാ സമിതിയുടെ പ്രമേയം ഐക്യരാഷ്ട്രസഭ പാസാക്കിയതിന് പിന്നാലെയാണ് പെട്രോ അധികാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം സ്‌പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വെ എന്നീ രാജ്യങ്ങള്‍ ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിരുന്നു. തുടര്‍ന്ന് അയര്‍ലന്‍ഡില്‍ നിന്നുള്ള അംബാസിഡറെ ഇസ്രഈല്‍ തിരിച്ചുവിളിച്ചിരുന്നു.
ഗസയിലെ യുദ്ധത്തില്‍ ഇസ്രഈല്‍ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇസ്രഈലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും കൊളംബിയ അവസാനിപ്പിച്ചത്.