ബൊഗോട്ട: ഇസ്രഈലുമായുള്ള മുഴുവന്‍ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച് കൊളംബിയ. ഗസയിലെ യുദ്ധത്തില്‍ ഇസ്രഈല്‍ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ പ്രഖ്യാപനം.
ഗസയില്‍ ഇസ്രഈലി സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ക്ക് മുമ്പില്‍ ലോകരാഷ്ട്രങ്ങള്‍ മൗനം പാലിക്കുകയാണെന്നും ഗുസ്താവോ പറഞ്ഞു. അന്താരാഷ്ട്ര തൊഴിലാളി ദിനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ഗുസ്താവോയുടെ പ്രസ്താവന.
വംശഹത്യക്ക് പിന്തുണ നല്‍കുന്ന പ്രധാനമന്ത്രിയാണ് ഇസ്രഈലിന്റെതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയതിനാല്‍ ഇസ്രാഈലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും കൊളമ്പിയ അവസാനിപ്പിക്കുകയാണ് ഗുസ്താവോ പ്രഖ്യാപിച്ചു.
ഇതിനുപുറമെ ഇസ്രഈലിനെതിരെയുള്ള വംശഹത്യ കേസില്‍ ഐ.സി.സിയോടൊപ്പം അന്താരാഷ്ട്ര നീതിന്യായ കോടതിയും ഇടപെടണമെന്ന് കൊളംബിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇസ്രഈലിന്റെയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും പ്രധാന വിമര്‍ശകരില്‍ ഒരാളാണ് ലാറ്റിനമേരിക്കയില്‍ നിന്നുള്ള ഇടതുപക്ഷ നേതാവ് ഗുസ്താവോ പെട്രോ.
ഇസ്രഈല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ‘ജൂതന്മാരിലെ നാസി’യെ പോലെയാണ് സംസാരിക്കുന്നതെന്നും പെട്രോ ചൂണ്ടിക്കാട്ടിയിരുന്നു. ഇസ്രഈല്‍ ഗസയില്‍ അധിനിവേശം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പെട്രോ നടത്തിയ വിമര്‍ശനമായിരുന്നു ഇത്.
രാജ്യവുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള കൊളംബിയയുടെ തീരുമാനത്തില്‍ ഇസ്രഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ സൈന്യം 33 ഫലസ്തീനികളെ കൊലപ്പെടുത്തുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ കുഞ്ഞുങ്ങളും സ്ത്രീകളുമാണെന്നും ആരാഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
Content Highlight: Colombia cuts all diplomatic ties with Israel