ബൊഗോട്ട: മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിച്ച് തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ വെനസ്വേലയും കൊളംബിയയും.
ഞായറാഴ്ച, പുതിയ കൊളംബിയന്‍ അംബാസിഡര്‍ അര്‍മാന്‍ഡോ ബെനെഡെറ്റി (Armando Benedetti) വെനസ്വേലന്‍ തലസ്ഥാനമായ കരകാസില്‍ എത്തിയിരുന്നു. വെനസ്വേലയുടെ വിദേശകാര്യ സഹമന്ത്രി റാന്‍ഡര്‍ പെന റമിറെസ് (Rander Pena Ramirez) ആയിരുന്നു ബെനെഡെറ്റിയെ സ്വീകരിച്ചത്.
”വെനസ്വേലയുമായുള്ള ഞങ്ങളുടെ ബന്ധം ഒരിക്കലും വഷളാകാന്‍ പാടില്ലായിരുന്നു. ഞങ്ങള്‍ സഹോദരങ്ങളാണ്.
ഒരു സാങ്കല്‍പിക രേഖയ്ക്കും ഞങ്ങളെ പിരിക്കാന്‍ സാധിക്കില്ല,” അര്‍മാന്‍ഡോ ബെനെഡെറ്റി ട്വിറ്ററില്‍ കുറിച്ചു.
”ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സന്തോഷത്തിനായി, ചരിത്രപരമായ ബന്ധങ്ങള്‍ ഞങ്ങളെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ക്ഷണിക്കുകയാണ്,” റാന്‍ഡര്‍ പെന റമിറെസ് ട്വീറ്റ് ചെയ്തു.
ബന്ധം പുനസ്ഥാപിക്കുന്നതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ 2000 കിലോമീറ്ററിലധികം (1200 മൈല്‍) വരുന്ന അതിര്‍ത്തി പൂര്‍ണമായും തുറക്കും. 2015 മുതല്‍ ഇത് വാഹനങ്ങള്‍ പ്രവേശിക്കാതെ അടച്ചിട്ടിരിക്കുകയായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധങ്ങളും പുനസ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
വെനസ്വേലയും കൊളംബിയയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുമെന്ന് കൊളംബിയയുടെ പുതിയ ഇടതുപക്ഷ പ്രസിഡന്റ് ഗുസ്റ്റാവോ പെട്രോയും (Gustavo Petro) വെനസ്വേലയുടെ സോഷ്യലിസ്റ്റ് പ്രസിഡന്റ് നിക്കോളാസ് മഡുറോയും (Nicolas Maduro) ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് തന്നെ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് കൊളംബിയന്‍ അംബാസിഡര്‍ വെനസ്വേലയിലെത്തിയത്.
2019ന്റെ തുടക്കത്തിലായിരുന്നു വെനസ്വേലയും കൊളംബിയയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടത്.
വെനസ്വേലയിലെ പ്രതിപക്ഷ അംഗങ്ങള്‍ ഭക്ഷണവും മരുന്നും നിറച്ച ട്രക്കുകളുമായി കൊളംബിയന്‍ പ്രദേശത്ത് നിന്ന് കടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു ബന്ധം വഷളായത്. പിന്നാലെ കൊളംബിയയുമായുള്ള ബന്ധം വെനസ്വേല വിച്ഛേദിക്കുകയായിരുന്നു.
തങ്ങളുടെ അതിര്‍ത്തികളും കൊളംബിയ അടച്ചിരുന്നു. ഭക്ഷണവും മരുന്നുകളും നിറച്ച ഈ സഹായം അമേരിക്കയുടെ പിന്തുണയോടെ വെനസ്വേലന്‍ പ്രതിപക്ഷം നടത്തിയ അട്ടിമറി ശ്രമത്തെ മറച്ചുവെച്ചെന്നായിരുന്നു ആരോപണം.
പിന്നാലെ ഇരു രാജ്യങ്ങളിലെയും എംബസികളും കോണ്‍സുലേറ്റുകളും അടച്ചുപൂട്ടുകയും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
2019ല്‍ നിക്കോളാസ് മഡുറോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനെ അന്നത്തെ കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ഡ്യൂക്ക് (Ivan Duque) അംഗീകരിച്ചിരുന്നില്ല. വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് താനാണെന്ന പ്രതിപക്ഷ നേതാവ് ജുവാന്‍ ഗൈ്വഡോയുടെ (Juan Guaido) അവകാശവാദത്തെ ഡ്യൂക്ക് പിന്തുണക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഓഗസ്റ്റ് ആദ്യത്തോടെ ഗുസ്റ്റാവോ പെട്രോ കൊളംബിയയുടെ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ തന്നെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയത്.
കൊളംബിയയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റായ ഗുസ്റ്റാവൊ പെട്രോ, മഡുറോയെ അംഗീകരിക്കുമെന്നും വെനസ്വേലന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.
Content Highlight: Colombia and Venezuela restore full diplomatic relations after three years