| Sunday, 1st January 2023, 4:11 pm

ഇരുരാജ്യങ്ങൾക്കുമിടയിലെ മഞ്ഞുരുകുന്നു; അതിർത്തി തുറന്ന് സഞ്ചാരയോഗ്യമാക്കി കൊളംബിയയും വെനസ്വേലയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തീൻഡീറ്റാസ്: കൊളംബിയയും വെനസ്വേലയും തീൻഡീറ്റാസ് ഇന്റർനാഷണൽ ബ്രിഡ്ജ് പൂർണമായും തുറക്കാൻ തീരുമാനിച്ചു. ജനുവരി ഒന്ന് മുതൽ പാലത്തിലൂടെ ഇരു രാജ്യങ്ങളിലേക്കുള്ള സഞ്ചാരവും ചരക്ക് നീക്കവും സാധ്യമാകും.

കൊളംബിയൻ സർക്കാർ അധികൃതരാണ് വാർത്ത പുറത്ത് വീട്ടിരിക്കുന്നത്.
കൊളംബിയയിൽ പുതിയ പ്രസിഡന്റായി ഗുസ്താവോ പെഡ്രോ അധികാരമേറ്റതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമായി മാറിയിരുന്നു.

ഇതിനെത്തുടർന്ന് പടിഞ്ഞാറൻ വെനസ്വേലയിലെ താച്ചിറ ജില്ലയിലെ അതിർത്തി മുമ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്കൊടുവിൽ തുറന്നിരുന്നു. ഇപ്പോൾ തീൻഡീറ്റാസ് ഇന്റർനാഷണൽ ബ്രിഡ്ജുകൂടി തുറന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ അതിർത്തികൾ പൂർണമായും തുറക്കപ്പെട്ടു.

ഗുസ്താവോ പെഡ്രോ അധികാരത്തിലേറിയതിന് ശേഷം വെനസ്വേലൻ പ്രസിഡന്റുമായി ഇരു രാജ്യങ്ങൾക്കുമിടയിൽ നല്ല ബന്ധം വളർത്തിയെടുക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഫലമായി ഇരു രാജ്യങ്ങളും പരസ്പരം അംബാസിഡർമാരെ നിമിയമിക്കുകയും ചെയ്തു.

2200 കിലോമീറ്റർ വിസ്തൃതിയുള്ള ഈ സംയുക്ത നിയന്ത്രണത്തിലുള്ള അതിർത്തി പ്രദേശം തുറക്കുന്നത്തോടെ ഇരു രാജ്യങ്ങളിലും വലിയ വികസന പ്രവർത്തനങ്ങൾ സാധ്യമാകും എന്നാണ് കൊളംബിയൻ അധികൃതർ വിഷയത്തെ സംബന്ധിച്ച് പ്രതികരിച്ചിട്ടുള്ളത്.

കഴിഞ്ഞ ആഴ്ചയിൽ വെനസ്വേലൻ അധികൃതരും പാലം പരിശോധിക്കാൻ എത്തിയിരുന്നു.

ഇപ്പോൾ താച്ചിറ ജില്ലയിലെയും സുലിയ ജില്ലയുടെ പടിഞ്ഞാറൻ അതിർത്തിയിലൂടെയുമാണ് കൊളംബിയയും വെനസ്വേലയും ചരക്ക് നീക്കവും സഞ്ചാരവും സാധ്യമാക്കുന്നത്. കൂടാതെ കാരകസ്, ബൊഗോട്ട എന്നിവിടങ്ങളിലൂടെയുള്ള വായു സഞ്ചാര പാത കഴിഞ്ഞ നവംബറിൽ ഇരു രാജ്യങ്ങളും തുറന്നിരുന്നു.

പ്രതിവർഷം 580മില്യൺ ഡോളർ മൂല്യമുള്ള കച്ചവടമാണ് ഇരു രാജ്യങ്ങളും തമ്മിൽ നടത്തുന്നത് എന്നാണ് കൊളംബിയൻ സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

വെനസ്വേലയിലെ തച്ചിറയേയും കൊളംബിയയിലെ നോർട്ടെ ഡി സൻറ്റാൻഡറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തീൻഡീറ്റാസ് പാലം 2014 ജനുവരിയിലാണ് കൊളംബിയയും വെനസ്വേലയും സംയുക്തമായി പണിയുന്നത്.

2015ൽ കള്ളക്കടത്ത് മാഫിയയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കുമിടയിൽ ഉടലെടുത്ത പ്രശ്നങ്ങളാണ് പാലത്തിന്റെ അടച്ചു പൂട്ടലിന് കാരണമായത്.

Content Highlights: Colombia and Venezuela have opened their borders and made them navigable

We use cookies to give you the best possible experience. Learn more