| Friday, 20th July 2018, 5:55 pm

ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തണമെന്ന നിര്‍ദ്ദേശത്തിലുറച്ച് കൊളീജിയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജസ്റ്റിസ് കെ.എം. ജോസഫിന് പരമോന്നത കോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കണമെന്ന വാദത്തിലുറച്ച് സുപ്രീം കോടതി കൊളീജിയം. കേന്ദ്രത്തിന്റെ എതിര്‍പ്പ് മറികടന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കൊളീജിയം കെ.എം. ജോസഫിന്റെ പേര് സുപ്രീം കോടതിയിലേക്ക് നിര്‍ദ്ദേശിച്ചത്. നിലവില്‍ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ കെ.എം. ജോസഫിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ ഏപ്രിലില്‍ തള്ളിയിരുന്നു.

മുതിര്‍ന്ന അഭിഭാഷകര്‍ അടങ്ങുന്ന അഞ്ചംഗ കൊളീജിയം ജസ്റ്റിസ് കെ.എം. ജോസഫിന്റെ പേര് കഴിഞ്ഞ മേയ് 11നു തന്നെ നിര്‍ദ്ദേശിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ തീരുമാനം ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേല്‍ക്കേണ്ടയാളെ കൂടുതല്‍ ചര്‍ച്ചകള്‍ക്കും പുനര്‍വിചിന്തനങ്ങള്‍ക്കും ശേഷമേ നിര്‍ദ്ദേശിക്കാന്‍ സാധിക്കുകയുള്ളൂ എന്നു കാണിച്ചായിരുന്നു തീരുമാനം നീട്ടിവച്ചത്.

തീരുമാനം പുനപരിശോധിക്കണമെന്ന നിര്‍ദ്ദേശത്തോടൊപ്പം കെ.എം. ജോസഫിന്റെ ഫയല്‍ കേന്ദ്ര സര്‍ക്കാര്‍ കൊളീജിയത്തിനു തിരിച്ചയച്ചിരുന്നു. പരമോന്നത കോടതിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമല്ല പ്രമേയമെന്നും കേരളത്തിന് സുപ്രീം കോടതിയില്‍ വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന വാദം തെറ്റാണെന്നുമായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. ഹൈക്കോടതി ജഡ്ജിമാരുടെയിടയില്‍ ജസ്റ്റിസ് ജോസഫിനുള്ള സീനിയോറിറ്റിയെയും കേന്ദ്രം ചോദ്യം ചെയ്തിരുന്നു.


Also Read: എന്റെ ആരോപണങ്ങള്‍ ശരിവെച്ചവര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ട്; ഇടവേള സമയത്ത് എനിക്കത് ബോധ്യമായി: ബി.ജെ.പിയോട് രാഹുല്‍ ഗാന്ധി


ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്ന വിഷയത്തില്‍ കൊളീജിയത്തിന്റെ നിര്‍ദ്ദേശം കേന്ദ്രം തള്ളുന്നത് സാധാരണമാണ്. എന്നാല്‍, സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള നിര്‍ദ്ദേശങ്ങള്‍ തള്ളുന്നത് വളരെ അപൂര്‍വമാണ്. 2014ല്‍ മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ സ്ഥാനക്കയറ്റം കേന്ദ്രം തടസ്സപ്പെടുത്തിയതാണ് അടുത്തകാലത്ത് ഇത്തരത്തിലുണ്ടായ ഒരേയൊരു സന്ദര്‍ഭം.

നിരസിക്കപ്പെട്ടതിനു ശേഷവും കൊളീജിയം രണ്ടാം വട്ടം അതേ പേരു നിര്‍ദ്ദേശിച്ചാല്‍ കേന്ദ്രത്തിന് അംഗീകരിക്കുകയല്ലാതെ നിര്‍വാഹമില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പാര്‍ലമെന്റ് അംഗീകരിച്ചിട്ടുള്ള 31 എന്ന അംഗസംഖ്യ ഇപ്പോള്‍ സുപ്രീംകോടതിയിലില്ല. ഇതിനു പുറമേ നാലു ജഡ്ജിമാര്‍ ഈ വര്‍ഷം സ്ഥാനമൊഴിയുമെന്നതും കെ.എം. ജോസഫിനെ കേന്ദ്രം തഴയാതിരിക്കാന്‍ കാരണമാകും.

We use cookies to give you the best possible experience. Learn more