| Tuesday, 4th March 2025, 10:21 pm

നിയമവിരുദ്ധ പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന കോളേജുകളുടെ ഫണ്ട് വെട്ടിക്കുറയ്ക്കും, വിദ്യാര്‍ത്ഥികളെ പുറത്താക്കും: ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന കോളേജുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്കുള്ള എല്ലാ ഫെഡറല്‍ ഫണ്ടിങ്ങും വെട്ടിക്കുറയ്ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കലാലയങ്ങളിലെ ഇത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുമെന്നും നാടുകടത്തുമെന്നും ട്രംപ് വ്യക്തമാക്കി.

ഇനി വിദ്യാര്‍ത്ഥികള്‍ അമേരിക്കക്കാരാണെങ്കില്‍ അവരുടെ പ്രവര്‍ത്തിയുടെ ഗൗരവമനുസരിച്ച് അറസ്റ്റ് ചെയ്യുകയോ കലാലയത്തില്‍നിന്ന് പുറത്താക്കുകയോ ചെയ്യുമെന്നും ട്രംപ് പറയുകയുണ്ടായി. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റ് വഴിയാണ് ട്രംപിന്റെ പ്രഖ്യാപനം.

‘നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന ഏതൊരു കോളേജ്, സ്‌കൂള്‍ അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റിക്കുമുള്ള എല്ലാ ഫെഡറല്‍ ഫണ്ടിങ്ങും നിര്‍ത്തലാക്കും. പ്രക്ഷോഭകരെ ജയിലിലടയ്ക്കുകയോ അല്ലെങ്കില്‍ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുകയോ ചെയ്യും. അമേരിക്കന്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കുകയോ, കുറ്റകൃത്യത്തെ അനുസരിച്ച് അറസ്റ്റ് ചെയ്യുകയോ ചെയ്യും,’ ട്രംപ് കുറിച്ചു.

ലിംഗഭേദവും വംശീയതയും പഠിപ്പിക്കുന്നതിന്റെ പേരില്‍ കോളേജുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്കുള്ള ഫെഡറല്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് നേരത്തെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പാഠ്യപദ്ധതിയുടെ പൂര്‍ണ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതുള്‍പ്പെടെ യു.എസ് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്‌

കഴിഞ്ഞ വര്‍ഷം ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തിനെതിരെ ഉയര്‍ന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെത്തുടര്‍ന്ന്, ജൂത വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ് കൊളംബിയ സര്‍വകലാശാലയ്ക്കുള്ള 50 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കരാറുകള്‍ റദ്ദാക്കുന്നത് പരിഗണിക്കുന്നതായി യു.എസ് സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു.

സ്‌കൂളുകളില്‍ വര്‍ധിച്ചുവരുന്ന സെമിറ്റിക് വിരുദ്ധത പരിശോധിക്കുന്നതിനായി ട്രംപ് കഴിഞ്ഞ മാസം ഒരു ടാസ്‌ക് ഫോഴ്സ് സ്ഥാപിച്ചിരുന്നു. കൊളംബിയയ്ക്ക് നല്‍കിയ ഫെഡറല്‍ ഗ്രാന്റുകള്‍ നിലവില്‍ ഈ ടാസ്‌ക് ഫോഴ്സ് പരിശോധിച്ച് വരുകയാണ്‌ പരിശോധിച്ച് വരുകയാണ്‌.

Content Highlight: Colleges that allow illegal protests will be cut off funding and students will be expelled says Trump

Latest Stories

We use cookies to give you the best possible experience. Learn more