| Tuesday, 15th March 2022, 10:14 pm

കോളേജ് അധ്യാപകന്‍ ഇത്ര കൊച്ചാകാന്‍ പാടുണ്ടോ, ഇതെന്തൊരു അധ്യാപകനാണ്; അരുണ്‍ രാജിനെ നിര്‍മിച്ച സംവിധായകനെതിരെ കോളേജ് അധ്യാപകര്‍ മുന്നോട്ട് വരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗിരീഷ് എ.ഡി. രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് സൂപ്പര്‍ ശരണ്യ. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജനും നായകനായെത്തിയ അര്‍ജുന്‍ അശോകനും സോനാരെയായി വേഷമിട്ട മമിത ബൈജുവുമെല്ലാം മികച്ച അഭിപ്രായമാണ് നേടിയത്.

ചിത്രത്തില്‍ ഇവരോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് വിനീത് വിശ്വന്‍ ചെയ്ത കോളേജ് അധ്യാപകനായ അരുണ്‍ രാജിന്റേത്. കുട്ടികള്‍ക്കൊപ്പം പ്രേമത്തിലും ലുക്കിലുമൊക്കെ കട്ടക്ക് നില്‍ക്കുന്നൊരു സാറായാണ് വിനീത് ചിത്രത്തിലെത്തുന്നത്.

സിനിമ ഇറങ്ങി കഴിഞ്ഞതോടെ വിനീതിന്റെ ആരാധകരുടെ കാര്യത്തിലും വര്‍ധനവുണ്ടായിട്ടുണ്ടെന്ന് പറയാം. പ്രശംസ കിട്ടുന്നതോടൊപ്പം വിനീതിന്റെ കഥാപാത്രത്തിന് നിരവധി വിമര്‍ശനങ്ങളും നേരിടുന്നുണ്ട്.

ഒരു കോളേജ് അധ്യാപകന്‍ ഇത്ര കൊച്ചാകാന്‍ പാടുണ്ടോ, ഇതെന്തൊരു കോളേജ് അധ്യാപകനാണ് എന്നൊക്കെയാണ് വിനീതിന്റെ കഥാപാത്രത്തിനെതിരെ ഉയരുന്ന ചോദ്യങ്ങള്‍.

ഒരു കോളേജ് അധ്യാപകന്‍ എന്നൊക്കെ പറഞ്ഞാല്‍ ആ സ്ഥാനത്തിന് ഒരു നിലയും വിലയും ഒക്കെയുണ്ട്. ഡിഗ്രിയും പി.ജിയും നെറ്റും തുടങ്ങി നീണ്ട പരീക്ഷകള്‍ പാസായി വരുന്ന ഒരാള്‍ക്ക് ഒരു മിനിമം കോമണ്‍സെന്‍സ് എന്തായാലും ഉണ്ടാകുമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

സിനിമയില്‍ ഉടനീളം ഒരു പെണ്‍കുട്ടിയുടെ അതും സ്വന്തം വിദ്യാര്‍ഥിനിയുടെ ഇഷ്ടം സമ്പാദിക്കുന്നതിന് വേണ്ടി ഇയാള് കാണിച്ചുകൂട്ടിയത് ഒരു അധ്യാപകന്റെ നിലവാരത്തിന് യോജിക്കാത്ത കാര്യങ്ങളാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ ഒരു ടീച്ചര്‍ ഉണ്ടാകും എന്ന് തോന്നുന്നില്ല. കോളേജ് അധ്യാപകരെ അപമാനിക്കുന്ന ഇങ്ങനെയൊരു കഥാപാത്രത്തെ നിര്‍മിച്ച സംവിധായകന് എതിരെ കോളേജ് അധ്യാപകര്‍ മുന്നോട്ട് വരണമെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍.

എന്നാല്‍ ആ കഥാപാത്രത്തെ ന്യായീകരിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. പല കോളേജുകളിലും ഇത്തരത്തിലുള്ള അധ്യാപകരുണ്ടെന്നും വിനീത് ആ റോള്‍ നന്നായി ചെയ്‌തെന്നുമൊക്കെയാണ് വരുന്ന കമന്റുകള്‍.

2022 ജനുവരി 7നാണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 11ന് ചിത്രം ഒ.ടി.ടി റിലീസായി സീ ഫൈവിലും എത്തിയിരുന്നു. ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, മമിത ബൈജു, നസ്‌ലന്‍, വിനീത് വിശ്വം, അന്റണി വര്‍ഗീസ് പെപ്പെ എന്നിവരാണ് അഭിനയിച്ചത്.


Content Highlights: College teachers should come forward against the director of Super Saranya

We use cookies to give you the best possible experience. Learn more