| Thursday, 26th December 2019, 8:39 am

ലഖ്‌നൗവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍; പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത വിദ്യാര്‍ഥിയെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ആളുകളെ ഒന്നിച്ചുകൂട്ടിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ കോളേജ് അധ്യാപകന് സസ്‌പെന്‍ഷന്‍. പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തതിന് ഖ്വാജ മുയിനുദ്ദീന്‍ ചിഷ്തി ഉര്‍ദു അറബി ഫാര്‍സി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയെ പുറത്താക്കി ദിവസങ്ങള്‍ക്കുള്ളിലാണ് അധ്യാപകനെതിരായ നടപടി.

ലഖ്‌നൗവിലെ ഷിയാ പി.ജി കോളേജിലെ കരാര്‍ അധ്യാപകനായ റോബിന്‍ വര്‍മയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റോബിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായ റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണു തങ്ങള്‍ നടപടിയെടുത്തതെന്ന് കോളേജ് മാനേജര്‍ എസ്. അബ്ബാസ് മുര്‍ത്താസ സംഷി അറിയിച്ചു.

ഡിസംബര്‍ 19-നു നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തില്‍ റോബിന്‍ പങ്കെടുത്തിരുന്നു. റോബിനെതിരായ കേസ് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ കോളേജ് മാനേജ്‌മെന്റ് നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിനു ശേഷം കൂടുതല്‍ നടപടിയെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കുമെന്ന് അവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍ഷന്‍ ഉത്തരവ് ലഖ്‌നൗ റീജിയണല്‍ ഹയര്‍ എജ്യുക്കേഷന്‍ ഓഫീസര്‍ക്കും ലഖ്‌നൗ സര്‍വകലാശാലാ രജിസ്ട്രാര്‍ക്കും ജില്ലാ മജിസ്‌ട്രേറ്റിനും പൊലീസിനും അയച്ചിട്ടുണ്ട്.

കോളേജിനു പുറത്തുള്ള റോബിന്റെ പ്രവൃത്തികള്‍ തങ്ങള്‍ കാര്യമാക്കുന്നില്ലെന്നും എന്നാല്‍ നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഇടപെട്ടതു കൊണ്ടാണു നടപടിയെടുക്കേണ്ടി വന്നതെന്നും കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ചയാണ് ഖ്വാജ മുയിനുദ്ദീന്‍ ചിഷ്തി ഉര്‍ദു അറബി ഫാര്‍സി സര്‍വകലാശാലയിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഹമ്മദ് റാസാ ഖാനെ സര്‍വകലാശാലയില്‍ നിന്നു പുറത്താക്കിയിരുന്നു. കാമ്പസില്‍ പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്തതിനാണിത്.

സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. മഹ്‌റൂഖ് മിര്‍സയാണ് നടപടിയെടുത്തത്. കാമ്പസിന്റെ അന്തരീക്ഷം മോശമാക്കാന്‍ ആരെയും താന്‍ അനുവദിക്കില്ലെന്നും ഇത് നൂറുകണക്കിനു വിദ്യാര്‍ഥികളുടെ സുരക്ഷയുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more