| Monday, 17th April 2023, 8:46 pm

യു.പിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നു; സംഭവം പൊലീസ് സ്റ്റേഷന് 200 മീറ്റര്‍ അകലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ വെടിവെപ്പ് കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. തിങ്കളാഴ്ച യു.പിയിലെ ജലാവുന്‍ ജില്ലയില്‍ പെണ്‍കുട്ടിയെ രണ്ടംഗ സംഘം വെടിവെച്ച് കൊന്നു. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങിയ ഇരുപതുകാരിയായ റോഷ്‌നി അഹിര്‍വാറാണ് കൊല്ലപ്പെട്ടത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബിരുദ വിദ്യാര്‍ത്ഥിനിയായ റോഷ്‌നി പരീക്ഷ കഴിഞ്ഞ് റാം ലഖന്‍ പട്ടേല്‍ കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമിക്കപ്പെട്ടതെന്ന് പിതാവ് മന്‍ സിങ് പറഞ്ഞു.

ബൈക്കിലെത്തിയ രണ്ടംഗ സംഘം നാടന്‍ തോക്കുപയോഗിച്ച് റോഷ്‌നിയുടെ തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം തോക്ക് മൃതദേഹത്തിനരികെ ഉപേക്ഷിച്ച ശേഷം അക്രമികള്‍ കടന്നു കളഞ്ഞു. പ്രാദേശിക പൊലീസ് സ്റ്റേഷന് വെറും ഇരുന്നൂറ് മീറ്റര്‍ മാത്രം അകലെയാണ് റോഷ്‌നി കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ അക്രമികള്‍ മുഖം മറച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞെന്ന് ജലാവുന്‍ പൊലീസ് സൂപ്രണ്ട് ഇരാജ് രാജ വ്യക്തമാക്കി.

യു.പിയില്‍ കഴിഞ്ഞ ദിവസം മുന്‍ എം.പിയായിരുന്ന ആതിഖ് അഹമ്മദും സഹോദരനും വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ ഇരുവരും പ്രയാഗ്‌രാജ് മെഡിക്കല്‍ കോളേജിലെത്തിയപ്പോഴാണ് മൂന്നംഗ സംഘം ഇവരെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ആതിഖിന്റെ കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ്, മകന്‍ ആസദ് ഝാന്‍സിയില്‍ വെച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.

യു.പിയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില അപകടത്തിലാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ആതിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മായാവതി, അഖിലേഷ് യാദവ്, കപില്‍ സിബല്‍, മഹുവ മൊയ്ത്ര തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

Content Highlights: College student shot dead in UP; The incident happened 200 meters away from the police station

We use cookies to give you the best possible experience. Learn more