കോളേജ് ഡേയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പാടുന്നതിനിടെ പ്രിന്‍സിപ്പല്‍ മൈക്ക് പിടിച്ചു വാങ്ങുകയും പരിപാടി നിര്‍ത്തിക്കുകയും ചെയ്തതോടെ വേദി വിട്ട് ജാസി ഗിഫ്റ്റ്. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ പരിപാടിക്കിടെയാണ് സംഭവം.
ജാസി ഗിഫ്റ്റ് മാത്രം പാടിയാല്‍ മതിയെന്നും കൂടെ പാടാന്‍ വന്നയാളെ പാടാന്‍ അനുവദിക്കില്ലെന്നും പറഞ്ഞതോടെയാണ് ജാസി സ്‌റ്റേജില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇതിനെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധം നടത്തി.
കോളേജിന് അപമാനമുണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ച പ്രിന്‍സിപ്പല്‍ മാപ്പു പറയുകയും രാജി വെക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ജാസിയല്ലാതെ വേറൊരാള്‍ പാടിയാല്‍ അത് മറ്റു പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുണ്ടന്നാണ് പിന്‍സിപ്പാലിന്റെ വിശദീകരണം.
പാട്ട് പാടുന്നതിനിടയില്‍ വേദിയിലേക്ക് കയറിവന്ന് മൈക്ക് പിടിച്ചുവാങ്ങിയ പ്രിന്‍സിപ്പല്‍ പാട്ട് നിര്‍ത്തിക്കുകയായിരുന്നു. ‘ജാസി ഗിഫ്റ്റ് മാത്രം പാടിയാല്‍ മതി. വേറെയാരും പാടണ്ട’ എന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. ഇത്രയും കാലത്തെ കരിയറിനിടയില്‍ ഇങ്ങനെയൊരു സംഭവം ആദ്യമായാണ് ഉണ്ടാകുന്നത്.
പൊതുവേദിയില്‍ വെച്ച് ഒരാള്‍ തന്നെ അപമാനിച്ചതിനെത്തുടര്‍ന്നാണ് ജാസി വേദി വിട്ടത്. സംഭവത്തില്‍ കോളേജിന് വേണ്ടി യൂണിയന്‍ ഭാരവാഹികള്‍ ജാസിയോട് മാപ്പ് പറഞ്ഞു.
20 വര്‍ഷത്തിലധികമായി സംഗീതമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് ജാസി ഗിഫ്റ്റ്. 2004ല്‍ ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമക്ക് സംഗീതം നല്‍കിക്കൊണ്ടാണ് ജാസി തന്റെ സിനിമാജീവിതം ആരംഭിച്ചത്. മലയാളികള്‍ അന്നുവരെ കേട്ടുശീലിച്ചിട്ടില്ലാത്ത തരത്തിലുള്ള പാട്ടുകള്‍ അന്നത്തെ തലമുറ ഏറ്റെടുത്തു. ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നത് ജാസിയുടെ പാട്ടുകളാണ്.
Content Highlight: College principal insulted Jassie gift in College day function