| Sunday, 20th January 2019, 12:51 pm

ലഹരി മരുന്ന് ഉപയോഗം കണ്ടെത്താന്‍ മൂത്രം പരിശോധിച്ച് കോലഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതര്‍; പ്രതിഷേധമറിയിച്ച് വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോലഞ്ചേരി: ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളുടെ മൂത്രം പരിശോധിച്ച സ്വകാര്യ മെഡിക്കല്‍ കോളേജ് അധികൃതര്‍. എറണാകുളം കോലഞ്ചേരിയിലെ മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ മെഡിക്കല്‍ കോളേജിലാണ് നിയമവിരുദ്ധമായ നടപടി അധികൃതര്‍ സ്വീകരിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മീഡിയ വണ്ണാണ് വാര്‍ത്ത പുറത്ത് വിട്ടത്. സര്‍ക്കുലറിനെപ്പറ്റി അറിയില്ലെന്നാണ് കോളജ് പ്രിന്‍സിപ്പാളിന്റെ വിശദീകരണം.

ജനുവരി 17നാണ് കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കല്‍ കോളേജ് സര്‍ക്കുലര്‍ പുറത്തിക്കിയത്. കോളജ് ഡീന്‍ ഡോ: കെ.കെ ദിവാകറിന്റെ പേരില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചതായും ഇതിനു വേണ്ടി മൂത്രപരിശോധന നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ സഹകരിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്.

Also Read:  ശബരിമല സമരം തുടങ്ങിയത് ജാതിമേധാവിത്വമുള്ളവര്‍, യാഥാസ്ഥിതിക ശക്തികളെ കണ്ട് വേവലാതിപ്പെടരുത്: മുഖ്യമന്ത്രി

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പടെ 600 ഓളം വിദ്യാര്‍ഥികളാണ് കോളേജില്‍ പഠനം നടത്തുന്നത്. എന്നാല്‍ ചില സംശയങ്ങളുടെ പേരിലാണ് മാനേജ്‌മെന്റ് തങ്ങളെ പരിശോധിക്കാന്‍ ഒരുങ്ങുന്നതെന്നും നിയമവശങ്ങള്‍ പാലിക്കാതെയുള്ള നടപടി മനുഷ്യാവകാശ ലംഘനമാണന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം.

വിവാദ സര്‍ക്കുലര്‍ പുറത്തിറക്കിയതില്‍ തങ്ങളുടെ അറിവോ സമ്മതമില്ലെന്നും പി.ടി.എ മീറ്റിംഗ് പോലും വിളിച്ച് ചേര്‍ക്കാതെയാണ് തീരുമാനമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more